വേനല്‍ കനക്കുന്നതോടെ റബ്ബര്‍തോട്ടങ്ങളില്‍ തീപ്പിടിത്തത്തിന് സാധ്യത കൂടുതലാണ്. ഇലകളും ഉണങ്ങിയ പുല്ലും കളകളും ആവരണവിളകളുടെ ഉണങ്ങിയ ഭാഗങ്ങളുമെല്ലാം തീ പടരുന്നതിനുള്ള സാധ്യത കൂട്ടും. വഴിയരികിലുള്ള തോട്ടങ്ങളിലാണ് പ്രത്യേകശ്രദ്ധ ആവശ്യമായിട്ടുള്ളത്. അശ്രദ്ധമായി വലിച്ചെറിയുന്ന ഒരു ബീഡിക്കുറ്റി പോലും വലിയ നാശമുണ്ടാക്കാം.

ഒന്നു ശ്രദ്ധിച്ചാല്‍ വലിയൊരു നഷ്ടം ഒഴിവാക്കാനാവും. വേനല്‍ തുടങ്ങുന്നതോടെ തോട്ടത്തിനു ചുറ്റും മൂന്നുമുതല്‍ അഞ്ചുവരെ മീറ്റര്‍ വീതിയില്‍ റോഡുപോലെ (ഫയര്‍ബെല്‍റ്റ്) കരിയിലകളും ചപ്പുചവറുകളും നീക്കംചെയ്യണം. വേനല്‍ തീരുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഈ ഫയര്‍ബെല്‍റ്റ് വൃത്തിയാക്കുന്നത് തോട്ടത്തിലേക്ക് തീ പടരുന്നതിനെ തടയും. മുന്നറിയിപ്പു ബോര്‍ഡുകള്‍ ഈ ഭാഗത്ത് സ്ഥാപിക്കുന്നതും ആളുകള്‍ ശ്രദ്ധിക്കുന്നതിന് ഉപകരിക്കും.

പട്ടസംരക്ഷണം

ടാപ്പുചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില്‍ വേനലിനെ ചെറുക്കാനായി പ്രത്യേകിച്ചൊന്നും പുരട്ടേണ്ടതില്ല. തോട്ടത്തിന്റെ അതിരില്‍ (തെക്കുവശത്തും പടിഞ്ഞാറുവശത്തും) നില്‍ക്കുന്ന മരങ്ങളില്‍ വെയിലടിക്കുന്നുണ്ടെങ്കില്‍ ആ ഭാഗത്തുമാത്രം ചുണ്ണാമ്പുപയോഗിച്ച് വെള്ളപൂശിയാല്‍ മതി. വേനല്‍ക്കാലത്ത് റബ്ബര്‍കോട്ട് പോലുള്ള ചൂട് ആഗിരണം ചെയ്യുന്ന കറുത്തവസ്തുക്കള്‍ വെട്ടുപട്ടയില്‍ പുരട്ടുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

റെയിന്‍ഗാര്‍ഡുകള്‍ നീക്കം ചെയ്യാം

മഴക്കാലത്ത് ടാപ്പുചെയ്യാനായി മരങ്ങളില്‍ പിടിപ്പിച്ചിരുന്ന ടാപ്പിങ് ഷേഡുകള്‍ ഇപ്പോള്‍ കേടുപറ്റാതെ ഇളക്കിയെടുത്ത് സൂക്ഷിച്ചാല്‍ അടുത്തവര്‍ഷം വീണ്ടും ഉപയോഗിക്കാം. പാവാട റെയിന്‍ഗാര്‍ഡ് പിടിപ്പിച്ചിട്ടുള്ള തോട്ടങ്ങളില്‍ അവ മരത്തോടുചേര്‍ന്ന് രണ്ടിഞ്ചുനിര്‍ത്തി ബാക്കി ഭാഗം മുറിച്ചുമാറ്റാം. മരത്തില്‍ പിടിച്ചിരിക്കുന്ന പശയും പിന്നും ഇളക്കി മാറ്റേണ്ടതില്ല. അവ കാലക്രമേണ ഇളകി പൊയ്‌ക്കൊള്ളും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍ സെന്ററില്‍ വിളിക്കാം. നമ്പര്‍: 0481 257 66 22.

Content Highlights: Rubber Crop Cultivation