രണ്ട കാടുകള്‍ക്കപ്പുറം ഒരു കൊയ്ത്തുകാലത്തിന്റെ തിരക്കിലാണ് തിരുനെല്ലി. വയലിന് നടുവില്‍ കൊയ്തുകൂട്ടിയ നെല്ലിന് കണ്ണിമതെറ്റാതെ ഉണര്‍ന്ന കാവല്‍മാടങ്ങള്‍. ഇന്നിപ്പോള്‍ പാടം നിറയെ പൊന്മണിയുടെ സുഗന്ധങ്ങള്‍. കാലത്തോട് പടപൊരുതി ദുരിതകാലത്തും കൊയ്തുമെതിച്ച് തിരുനെല്ലിയുടെ ഗ്രാമങ്ങള്‍ പട്ടിണിയെ പാട്ടിനുവിടുകയാണ്. വന്യമൃഗങ്ങളെയും ഒപ്പം കോവിഡ് എന്ന  മഹാമരിയെയും അതിജീവിച്ചാണ് ഇത്തവണ ഇവരുടെ ഒരു കൃഷിക്കാലം പൂര്‍ത്തിയാകുന്നത്. എല്ലാവരും വയലിലാണ്. കൂറ്റന്‍ മെതയിട്ടും പൊലി പാറ്റിയും നെല്ലും പുല്ലും ഉണക്കിയും വ്യത്യസ്തമായ കാഴ്ചകള്‍. 

വയനാടിന്റെ നെല്‍കൃഷിയെ നിലനിര്‍ത്തുന്നതില്‍ ഇന്നും തിരുനെല്ലിക്ക് തനതായ പങ്കുണ്ട്. വയനാടന്‍ ചെട്ടിമാരും പരമ്പരാഗത കര്‍ഷകരുമടങ്ങിയ കൃഷിക്കാരെല്ലാം മറ്റിടങ്ങളില്‍ നിന്നും വിഭിന്നമായി ഇവിടെ പത്തായത്തില്‍ നിറയ്ക്കുന്ന ഒരോ മണി നെല്ലിനും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയുണ്ട്. ഞാറ് പാകുന്നത് മുതല്‍ കൊയ്ത് കയറുന്നതുവരെയും വന്യമൃഗങ്ങളില്‍ നിന്നും കൃഷിയെ മാറോട് ചേര്‍ത്തണച്ച വേറിട്ട അനുഭവങ്ങളില്‍ ഇവര്‍ പറയുന്നു ഇതും ഒരു പോരാട്ടമാണ്. 

1970 കളില്‍ പോലും ജന്മി അടിയാന്‍ വ്യവസ്ഥതികള്‍ നിലനിന്നിരുന്ന തിരുനെല്ലിയുടെ ഭൂപ്രദേശങ്ങള്‍ നെല്ലിന്റെ വിളഭൂമി കൂടിയായിരുന്നു. ക്വിന്റല്‍ കണക്കിന് നെല്ല് കൊയ്തുകയറ്റുന്ന പാടശേഖരങ്ങള്‍ അന്നും വെറുതെ കിടന്നിരുന്നില്ല. വന്യജീവികളെ പ്രതിരോധിക്കാന്‍ ഒരു മുള്ളുവേലി പോലും ഇല്ലാത്ത അക്കാലത്ത് സാഹചര്യങ്ങളോട് പടവെട്ടിയും ഇവരെല്ലാം കൃഷിഭൂമിയില്‍ നിന്നും പൊന്നുവിളയിച്ചു. നെല്ലും അവരുടെ ജീവിതവും പ്രമേയമാക്കി പി. വത്സല നോവലെഴുതിയതും ഇവിടെ നിന്നാണ്. 

paddy

തിരുനെല്ലി, തൃശ്ശിലേരി, കാട്ടിക്കുളം, ബാവലി എടയൂര്‍ക്കുന്ന്, ബേഗൂര്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം നെല്ല് ഉത്പാദനം കൊണ്ട് മാത്രം വരുമാനം കണ്ടെത്തിയ നിരവധി കുടംബങ്ങളെ കാണാനാകും. ഗന്ധകശാല, ജീരകശാല, വെളിയന്‍, ചോമാല തുടങ്ങിയ വയനാടിന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംഭരണികൂടിയായിരുന്നു ഇവിടം. ഉത്പാദന ചെലവ് ഇരട്ടിച്ചതും കൊടിയ വരള്‍ച്ചയും ഇവിടുത്തെ നെലകൃഷിയെ മൂന്നിലൊന്നായി കുറച്ചു. മിക്കവയലുകളും ഇടുങ്ങിയതും കോണ്ടൂര്‍ മാതൃകയില്‍ തട്ട് തട്ടായതിനായും ഇവിടങ്ങളില്‍ വെള്ളമെത്തണമെങ്കില്‍ മഴ പെയ്യുക തന്നെ വേണം. വന്യമൃഗ ശല്യത്തെ കൂടി ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍  കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. 

നെല്ലിനെ സ്‌നേഹിച്ച തൃശ്ശിലേരി 

നെല്‍വയലുകളുടെ ഭൂപടമാണ് എന്നും തൃശ്ശിലേരിക്കുള്ളത്. വാഴയും കവുങ്ങും ഇതര കൃഷികളും കടന്നുവരാത്ത ഈ വയലുകള്‍ വിളവെടുപ്പിന്റെ ആരവത്തിലാണ്. ഇത്തവണയും കൊയ്ത്ത് യന്ത്രം വന്നതോടെ ഒരു ഭാഗത്ത് നിന്നേ കൊയ്ത്തു തുടങ്ങി. യന്ത്രം കിട്ടാതെ രക്ഷയില്ല. പഴയ രീതിയില്‍ കൊയ്ത്തിനും മെതിക്കുമെല്ലാം വന്‍ ചെലവാണ്. ഇതാവുമ്പോള്‍ പണി എളുപ്പമാകും. അല്ലെങ്കില്‍ തന്നെ ഉത്പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നും ഒത്തിട്ടല്ല. പിന്നെ ലാഭം നഷ്ടം കണക്ക് നോക്കുന്നില്ല. കൃഷി ചെയ്യുക അതിലാണ് കാര്യം. കൊയ്ത്ത് തിരക്കിനിടയില്‍ തൃശ്ശിലേരിയിലെ കര്‍ഷകര്‍ പറയുന്നു. 

paddy

ഭാരതി നെല്‍വിത്താണ് പലരും ഇത്തവണ കൃഷിയിറക്കിയത്. നെല്ലിനെ കുറച്ച് ഉയരകൂടുതലുള്ളതിനാല്‍ വൈക്കോലുണ്ട്. ഇതില്‍ നിന്നുള്ള വരുമാനമൊക്കെയാണ് ഇനിയുള്ള പ്രതീക്ഷ. അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം മഴ ചാറി പോയിരുന്നു. ഇതിന്റെ ഭീതി നിഴലിക്കുന്നുണ്ട്. മഴ പെയ്യുന്നതിന് മുമ്പേ നെല്ല് പത്തായത്തിലെത്തിക്കണം ഇതിന്റെ തിടുക്കത്തിലാണ് എല്ലാവരും. വലിയ ടാര്‍പോളിനിലേക്ക് ചെരിഞ്ഞിടുന്ന നെല്ലുകള്‍ ചാക്കുകളായി നിറഞ്ഞു. 

കൊയ്‌തൊഴിഞ്ഞ് കാക്കവയല്‍

വയനാടന്‍ നെല്ലിന്റെ പെരുമയറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയ കാക്കവയല്‍ പാടശേഖരത്തില്‍ കൊയ്ത്ത് ഏതാണ്ട് കഴിഞ്ഞു. വയലുകളില്‍ പുല്‍ക്കൂനകള്‍ നിരന്നിരിക്കുകയാണ്. ഇത്തവണയും തരക്കേടില്ലാത്ത ഒരു വിളവുകാലമാണ് ഇവരും പിന്നിട്ടത്. പരമ്പരാഗത വിത്തിനങ്ങളില്‍ ഗന്ധകശാലയും ഇവിടുത്തെ പ്രധാന കൃഷിയായിരുന്നു. വയലോരത്തുള്ള നെല്‍ക്കളങ്ങളില്‍ നെല്ല് മെതയിട്ട് കൂട്ടിയതും കാണാം. ഇവിടുത്തെ തൊഴിലാളികളെല്ലാം വയലില്‍ രാപകല്‍ പണിയെടുത്തതിന്റെ ആലസ്യത്തിലാണ്. കുറച്ച് ദിവസമായി നിര്‍ത്താതെ നെല്ലിന്റെ പണിയായിരുന്നു. രണ്ടാഴ്ച കൂടി ഈ തിരക്കുണ്ടാകും. പിന്നെ തോട്ടത്തില്‍ കാപ്പി പറിക്കാനും പോണം. കാക്കവയല്‍ കോളനിയിലെ മാരന്‍ പറയുന്നു. 

padyy

കല്‍ക്കുനി തിരുനെല്ലിയുടെ നെല്ലളം

നോക്കെത്താ ദൂരത്തോളം വിളഞ്ഞുകൊയ്ത നെല്‍പ്പാടം. ഒരതിര്‍ത്തിയില്‍ കുടകിന് അതിരിടുന്ന ബ്രഹ്മഗിരി. ഏതോ കാലം വയനാട്ടിലേക്ക് കുടിയേറിയ ചെട്ടി സമുദായക്കാരുടെ ഗ്രാമമായിരുന്നു കല്‍ക്കുനി. വയനാടന്‍ കൃഷിയായിരുന്നു ഇവരുടെ ഉപജീവനം. ഇന്നും നെല്‍കൃഷിയുടെ പെരുമ സൂക്ഷിക്കുന്ന മുതിര്‍ന്ന തലമുറകള്‍ ഇവിടെയുണ്ട്. ഇവരുടെ വഴിയില്‍ മറ്റെങ്ങും പോകാതെ നെല്‍കൃഷിയെ മാറോട് ചേര്‍ത്തവര്‍ ഈ വയലുകളെ സമ്പന്നമാക്കുന്നു. കൂറ്റന്‍ മെതയൊരുക്കുന്ന തിരക്കിലാണ് ചിലര്‍. മറ്റിടങ്ങളില്‍ വയലിലെ വലിയ കളത്തില്‍ നെല്ല് പാറ്റുന്നതിലും പുല്ല് കറ്റകെട്ടുന്നതിന്റെയും തിരക്കോട് തിരക്ക്. എല്ലായിടത്തും ഉത്സവ പ്രതീതി. നെല്‍ഷിയുടെ നഷ്ടക്കണക്കുകളിലും ഇവര്‍ ചേര്‍ത്തുവെക്കുന്നത് കൃഷിയെന്ന ഉപജീവനത്തെ മാത്രമാണ്. 

എന്റെ അച്ഛന്‍ വെള്ളുചെട്ടിയും അവരുടെ തലമുറകളുമെല്ലാം നല്ല കൃഷിക്കാരായിരുന്നു. ഇവരില്‍ നിന്നാണ് കൃഷിയുടെ പാഠങ്ങളെല്ലാം പഠിച്ചത്. അച്ഛന്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചു. ആകുന്നിടത്തോളം ഞാനു കൃഷി കൊണ്ടുനടക്കും. കല്‍ക്കുനി പിലാവൂര്‍ രാമചന്ദ്രന്‍ ചെട്ടി പറയുന്നു. പഴയകാലത്തുള്ള വിത്തുകളെല്ലാം പോയി. മലപ്പുറം മട്ടയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കൂട്ടത്തില്‍ ഗന്ധകശാലയുമുണ്ട്. ഇത്തവണത്തെ വിളവെല്ലാം സര്‍ക്കാരിനാണ്. സപ്ലൈകോ നെല്ലുസംഭരണത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുവിപണിയില്‍ നെല്ലിന് വിലയില്ലല്ലോ. രാമചന്ദ്രന്‍ പറയുന്നു. കൂറ്റന്‍ മെതയെല്ലാം രാത്രിയിലാണ് പൊളിക്കുക. കന്നുകാലികള്‍ക്ക് പകരം ട്രാക്ടര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നെല്ല് മെതിക്കുന്നത്. ഇതിനായി രാവുംപകലും ഈ ഗ്രാമത്തിനും തിരക്കിന്റെ നാളുകളാണ്.

Content Highlights: Agriculture Features: Rice farming in thirunelly, wayanad