അരൂര്‍: മനസ്സുണ്ടെങ്കില്‍ മണ്ണ് പൊന്ന് തരുമെന്നാണ് റിട്ട. അധ്യാപകനായ അബ്ദുമാഷ് പറയുന്നത്. വെറുതെ പറയുന്നതല്ല അനുഭവം അതാണ്. 84 കാരനായ ടി.എ. അബ്ദുള്‍ ഖാദറിന് കൃഷി ചെറിയകാര്യമല്ല. നാട്ടുകാരുടെ പ്രിയപ്പെട്ട അബ്ദുമാഷിന്റെ വീട്ടിലെ കൃഷിയിടത്തില്‍ 'രക്തശാലി', 'ജപ്പാന്‍ വയലറ്റ്' എന്നീ നെല്ലുകള്‍ കൃഷിചെയ്യുന്നുണ്ട്. മാഷിന് കൃഷി തന്നെയാണ് ജീവിതം. അരൂര്‍ ആറാം വാര്‍ഡിലെ ജലാല്‍ മന്‍സില്‍ എന്ന മാഷിന്റെ വീട്ടിലേക്കു ചെന്നാല്‍ ഇത് ബോധ്യമാകും.

റോഡില്‍ നിന്നുള്ള വഴിയുടെ ഇരുഭാഗത്തും വിളവെടുക്കാന്‍ ഒരുങ്ങിയ വഴുതന. മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന തേങ്ങ. മുന്‍വശത്ത് അഞ്ച് സെന്റില്‍ കരയില്‍ വിളഞ്ഞുനില്‍ക്കുന്ന ഔഷധമൂല്യമുള്ള 'രക്തശാലി' നെല്‍പ്പാടം. അതിന്റെ വരമ്പുകളില്‍ വെണ്ട. ഒപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത 'ജപ്പാന്‍ വയലറ്റ്' നെല്‍കൃഷി. പാവല്‍, പയര്‍ തുടങ്ങിയവയുടെ പന്തല്‍. വീട്ടുമുറ്റം നിറയെ കായ്ഫലമുള്ള തെങ്ങുകള്‍...

വീടിന്റെ മുന്‍ഭാഗം വേമ്പനാട്ടുകായല്‍. അതിനാല്‍ കൃഷിയിടത്തില്‍ എപ്പോഴും നനവുണ്ട്. ഓര് ശല്യവും വെള്ളക്കയറ്റവും തടയാന്‍ എല്ലാ വിളകള്‍ക്കു ചുറ്റിലും വരമ്പുകളുണ്ട്. തൂമ്പയെടുത്തു വരമ്പു പടിപ്പിക്കുന്നതും തെങ്ങിന് തടമെടുക്കുന്നതുമെല്ലാം മാഷ് തന്നെ.

1968-ലാണ് മാഷ് ഇവിടെ വീട് വെക്കുന്നത്. അരൂക്കുറ്റി സ്‌കൂളിലെ അധ്യാപകവൃത്തിക്കൊപ്പം അന്നേ തുടങ്ങി കൃഷിയും. വിരമിച്ച ശേഷം ശ്രദ്ധ കൃഷിയില്‍ മാത്രമായി. വിളകളൊന്നും വിലയ്ക്കു നല്‍കാറില്ല. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കും. പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും. പ്രാര്‍ത്ഥനകളാണ് എട്ടുവരെ. പിന്നെ, കൃഷിയിടത്തിലേക്ക്. അവിടെനിന്ന് കയറുന്നത് വൈകീട്ടാണ്. ഇടയ്ക്ക് ഭക്ഷണംകഴിക്കാന്‍ കയറിയാലും വിശ്രമമില്ല. മക്കളെല്ലാം അവരുടെ കുടുംബങ്ങളുമായി പലയിടത്താണ്. മകന്‍ ഇടക്കിടെ വീട്ടിലെത്തും.

കൃഷിയോടുള്ള മാഷിന്റെ കമ്പം അറിഞ്ഞ മന്ത്രി പി. പ്രസാദാണ് വീട്ടിലെത്തി 'രക്തശാലി' നെല്ല് വിതച്ചത്. കഴിഞ്ഞദിവസം സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് അരൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു നിര്‍വഹിച്ചു.

സി.പി.ഐ. മണ്ഡലം കമ്മിറ്റിയംഗമായ അബ്ദുമാഷ് തുറവൂര്‍ കരിനില വികസന കമ്മിറ്റിയംഗം, കൃഷിഭവനിലെ എ.ഡി.സി. മെംബര്‍ എന്നീ നിലകളിലും സജീവമാണ്. അരൂര്‍ കൃഷി ഓഫീസര്‍ ആനി പി. വര്‍ഗീസും കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റെയ്ച്ചല്‍ സോഫിയ അലക്‌സാണ്ടറും പറയുന്നത് മാഷ് കൃഷിയുടെ കാര്യത്തില്‍ സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയ ആണെന്നാണ്. അത്രയ്ക്കുണ്ട് മാഷിന്റെ കൃഷിയിലെ പരിചയം.

കൃഷി ജീവിതമാണ് ഈ റിട്ട. അധ്യാപകന്. 84-ാം വയസ്സിലും അതില്‍ ആനന്ദം കണ്ടെത്തുകയാണ് ഇദ്ദേഹം.