ര്‍ഷകസമരം സമവായമാകാതെ നീണ്ടുപോകുമ്പോള്‍, ചര്‍ച്ചകള്‍ വഴിമുട്ടി നില്ക്കുമ്പോള്‍ 'ഇപ്പോള്‍ നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍' എന്ന്‌ പലരും ആഗ്രഹിക്കുന്ന ഒരു പേരാണ്‌ ഡോക്ടര്‍ വര്‍ഗീസ്‌ കുര്യന്റെത്‌. ഒരു ടെക്നോക്രാറ്റായും ഇന്ത്യയുടെ വികസനത്തിന്റെ സാമൂഹ്യവശങ്ങള്‍ ഉള്‍ക്കാഴ്ചയോടെ കണ്ട ഒരു ഭരണകര്‍ത്താവെന്ന നിലയിലും കുര്യന്റെ സംഭാവനകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്‌. വര്‍ഗീസ്‌ കുര്യന്റെ ആത്മകഥയായ I too have a dream (എനിക്കും ഒരു സ്വപ്നമുണ്ട്‌) എന്ന കൃതിയില്‍ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്‌. 'ഈ ലോകത്തെ അല്പമൊന്നുമാറ്റിമറിക്കാന്‍ നമുക്ക്‌ ഓരോരുത്തര്‍ക്കും കഴിയും. എന്നാല്‍ ഈ ലോകത്തെ മനസ്സിലാക്കണമെങ്കില്‍ അതിന്റെ ഉള്ളില്‍ നിന്നുതന്നെ നോക്കി കാണണം.” യഥാര്‍ത്ഥത്തില്‍, നമ്മുടെ കര്‍ഷകരുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിയാത്ത ഒരുപിടി ബ്യൂറോക്രാറ്റുകളും അവരുടെ വിശ്വാസ്യത നേടാന്‍ കഴിയാത്ത കുറെ രാഷ്ട്രീയ നേതാക്കന്മാരുമാണ്‌ ഇന്ന്‌ കാര്‍ഷികരംഗത്തെ ആധുനികവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്‌.

ഇവിടെയാണ്‌ വര്‍ഗീസ്‌ കുര്യന്റെ വ്യക്തി പ്രഭാവം നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ‌Trust (വിശ്വാസ്യത) എന്ന വാക്കാണ്‌ കുര്യന്റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും അടിക്കടി പ്രത്യക്ഷപ്പെടുന്നത്‌. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച, പാശ്ചാത്യ വിദ്യാഭ്യാസം നേടിയ, സാംസ്‌കാരികമായി വ്യത്യസ്തതകളുള്ള മറ്റൊരു സംസ്ഥാനത്തില്‍ നിന്നും വന്ന തനിക്ക്‌ ഗുജറാത്തിലെ കര്‍ഷകരുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ്‌, താന്‍ സൃഷ്ടിച്ച “അമുല്‍” എന്ന വ്യവസായ സ്ഥാപനത്തെ ഇത്ര വലിയ ഒരു വിജയ കഥയായി മാറ്റാന്‍ കഴിഞ്ഞത്‌ എന്നദ്ദേഹം പലപ്പോഴും എടുത്തുപറയാറുണ്ടായിരുന്നു. ഇന്ത്യന്‍ കാര്‍ഷികരംഗത്തില്‍ വേണ്ട മൗലികമായ മാറ്റങ്ങളെപ്പറ്റി കുര്യന്‌ വ്യക്തമായ ചില ധാരണകളുണ്ടായിരുന്നു. കോര്‍പ്പറേറ്റ് സംവിധാനത്തെ നിരാകരിക്കുമ്പോഴും, കോര്‍പ്പറേറ്റ്‌ സംസ്ക്കാരത്തിന്‍റെ ഗുണപരമായ പല വശങ്ങളും അംഗീകരിക്കാന്‍ അദ്ദേഹം മടി കാണിച്ചില്ല. അറിവി നും ആശയങ്ങള്‍ക്കും അതിരുകള്‍ പാടില്ല എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അങ്ങനെ ബ്രാന്‍ഡിങ്, ടെക്നോളജി, മാര്‍ക്കറ്റിങ്, മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലെല്ലാം വന്നുകൊണ്ടിരിക്കുന്ന നവീനാശയങ്ങളും പ്രയോഗങ്ങളും 'അമുലി"ന്റെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും അദ്ദേഹം പ്രയോജനപ്പെടുത്തി. 

എന്നാല്‍ 'അമുലി"നെ വ്യത്യസ്തമായ ഒരു വ്യവസായ സ്ഥാപനമാക്കിയത്‌ അതിന്റെ ലക്ഷ്യം സ്വകാര്യ ലാഭമായിരുന്നില്ല എന്ന കാര്യത്തിലായിരുന്നു. ഒരു സഹകരണ സംഘമായിട്ടാണ്‌ “അമുല്‍' സ്ഥാപിക്കപ്പെട്ടത്‌. ആ സഹകരണ സംഘത്തിലെ അംഗങ്ങളായ 36 ലക്ഷം ക്ഷീരകര്‍ഷകരാണ്‌ 'അമുലി'ന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍. “അമുല്‍” സൃഷ്ടിക്കുന്ന ലാഭവിഹിതം ഈ കര്‍ഷകരുടെ ജീവിതനിലവാരത്തെയാണ്‌ ഉയര്‍ത്തുന്നത്‌. കഴിഞ്ഞവര്‍ഷം അമുലിന്റെ ലാഭത്തില്‍ 80%വും ഈ കര്‍ഷക കുടുംബങ്ങളിലാണ്‌ ചെന്നെത്തിയത്‌. ജനകീയമായ ഈ അടിത്തറയാണ്‌ അമുലിന്‌ ഇന്ന്‌ ആഗോള തലത്തില്‍ ലഭിച്ചിരിക്കുന്ന പ്രതിച്ഛായയ്ക്ക്‌ കാരണമെന്ന്‌ പറയാം. “അമുലി"നെ സ്പര്‍ശിക്കുന്ന എല്ലാ കാര്യങ്ങളിലും ഈ ജനകീയ മൂല്യങ്ങള്‍ കുര്യന്‍ നിഷ്കര്‍ഷയോടെ പാലിച്ചുപോന്നു.

ശ്യാം ബെനിഗള്‍ “അമുലി'ന്റെ വിജയകഥയെ ആസ്പദമാക്കി 'മന്ഥന്‍' എന്ന ചലച്ചിത്രം നിര്‍മ്മിക്കാനൊരുങ്ങിയപ്പോള്‍ “സ്പോണ്‍സര്‍ഷിപ്പു' കളുമായി നിരവധി ആഗോള സ്ഥാപനങ്ങള്‍ കുര്യനെ സമീപിച്ചിരുന്നു. അതൊക്കെ അവരുടെ സ്വന്തം പ്രശസ്തിക്കുവേണ്ടി മാത്രമുള്ള സംഭാവനകളാണെന്ന്‌ കുര്യന്‌ വ്യക്തമായിരുന്നു. അവയൊന്നും സ്വീകരിക്കാതെ, അമുലിന്റെ തന്നെ 5 ലക്ഷം അംഗങ്ങളില്‍ നിന്നും 2 രൂപ വീതം പിരിച്ചെടുത്ത തുക കൊണ്ടാണ്‌ 'മന്ഥന്‍' പൂര്‍ത്തീകരിക്കപ്പെട്ടത്‌. സ്മിതാ പട്ടിലിന്റെയും ഗിരീഷ്‌ കര്‍ണ്ണാടിന്റെയും അവിസ്മരണീയമായ അഭിന യം കൊണ്ട്‌ 'മന്ഥന്‍' ആഗോള ശ്രദ്ധനേടി. 1977-ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.

വര്‍ഗീസ്‌ കുര്യന്റെ നേതൃത്വത്തില്‍ 'അമുലി' നുണ്ടായ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. അമുല്‍ സ്ഥാപിക്കപ്പെട്ട കാലത്ത്‌ ഇന്ത്യയിലെ ഭക്ഷ്യോത്പന്ന വിപണിയില്‍ നിറഞ്ഞുനിന്നത്‌ കുറെ ബഹുരാഷ്ട്ര കമ്പനികളും അവരുടെ ബ്രാന്‍ഡുകളുമായിരുന്നു. കൊക്കക്കോള, പെപ്സി, നെസ്ലെ, കാഡ്ബറി, യൂണിലിവര്‍, ബ്രിട്ടാനിയ എന്നിങ്ങനെയുള്ള വിദേശ കമ്പനികള്‍. അവരുടെ വെല്ലുവിളികളെ നേരിട്ടാണ്‌ “അമുല്‍” പതുക്കെ പ്പതുക്കെ ഇന്ത്യന്‍ വിപണിയിലെ സമുന്നതമായ ബ്രാന്‍ഡായി സ്ഥാനമുറപ്പിച്ചത്‌.

ഇന്ന്‌ 40,000 കോടി രൂപയുടെ വാര്‍ഷികാദായവും നൂറിലേറെ ഉല്പന്നങ്ങളുമായി “അമുല്‍” ലോകത്തിലെ തന്നെ ക്ഷീരവ്യവസായ സ്ഥാപനങ്ങളുടെ നിരയില്‍ മൂന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നു. അമുല്‍ ബ്രാ൯ഡുകള്‍, പാലും വെണ്ണയും തൈരും മോരും ഐസ്ക്രീമും ചോക്ക്‌ളേറ്റും ഇന്ത്യന്‍ ജനതയുടെ ജീവിതത്തിലെ നിത്യോപയോഗ സാധനങ്ങളായി മാറിയിരിക്കുന്നു. അതോടൊപ്പം വര്‍ഗീസ്‌ കുര്യന്‍ ആരംഭിച്ച  "ധവള വിപ്ളവം' ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്പന്ന രാജ്യമാക്കി മാറ്റിയിരിക്കുന്നു.

'അമുലി'നെ ഒരു വ്യവസായ സ്ഥാപനത്തിനപ്പുറം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഒരു ലാബോറട്ടറിയായിട്ടാണ്‌ കുര്യന്‍ കണ്ടത്‌. വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹ്യബോധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതുതന്നെ “അമുലി' ന്റെ ആവിര്‍ഭാവത്തോടെയാണ്‌.
കുര്യന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും മനുഷ്യ സ്‌നേഹത്തിലൂന്നി നിന്ന ഒരു ദര്‍ശനം ഉണ്ടായിരുന്നു. പലപ്പോഴും ഗാന്ധിജിയുടെ ചിന്തകളോട്‌ സമാനമായ ഒരു കാഴ്ചപ്പാടായിരുന്നു അത്‌. ഗാന്ധിജി വിഭാവനം ചെയ്ത, LAST MAN എന്ന്‌ അദ്ദേഹം വിശേഷിപ്പിച്ച ഇന്ത്യയിലെ ദരിദ്ര നാരായണനെ കേന്ദ്ര ബിന്ദുവാക്കിയ ഒരു വികസന സങ്കല്പം തന്നെയായിരുന്നു കുര്യന്റേതും.

കുര്യന്‍ സൃഷ്ടിച്ച “ധവള വിപ്ളവം” യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ പിന്നീടുണ്ടായ പരിവര്‍ത്തനങ്ങളുടെ, 'ഹരിത വിപ്ളവം' മുതല്‍ “ഡിജിറ്റല്‍ വിപ്ളവം' വരെ സൃഷ്‌ ടിച്ച സാമൂഹിക സാമ്പത്തിക ചലനങ്ങളുടെ, തുടക്കമായിരുന്നു എന്ന്‌ പറയാം. എന്നാല്‍ ഡിജിറ്റല്‍ ടെക്നോളജിയുടെ വമ്പിച്ച സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന്‌ മുമ്പുതന്നെ 2012-ല്‍ കുര്യന്‍ നമ്മോട്‌ വിടപറഞ്ഞു.

അപ്പോഴേയ്ക്കും വര്‍ഗീസ്‌ കുര്യന്റെ പ്രതിഭ ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞിരുന്നു. നിരവധി അംഗീകാരങ്ങളും ബഹുമതികളും അദ്ദേഹത്തിന്‌ ലഭിക്കുകയും ചെയ്തു.

തന്റെ തിരക്കുകള്‍ക്കിടയിലും, ജീവിതത്തിലെ ലാളിത്യവും, മാധുര്യവും നിലനിര്‍ത്താന്‍ വര്‍ഗീസ്‌ കുര്യന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുര്യന്റെ നര്‍മ്മബോധം പ്രസിദ്ധമായിരുന്നു. ഒരിക്കല്‍ ഒരു പത്രപ്രതിനിധി അദ്ദേഹത്തോട്‌ ചോദിച്ചു: “താങ്കളുടെ പ്രശസ്തമായ ഈ സ്ഥാപനം എന്തുകൊണ്ടാണ്‌ സ്വന്തം നാടായ കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയാതെ പോയത്‌ ?"” അതിന്‌ കുര്യൻ സ്വതസിദ്ധമായ ശൈലിയില്‍ മറൂപടി പറഞ്ഞു: “കേരളത്തിന്റെ പ്രധാന പ്രശ്നം അവിടെ ഒരുപാട്‌ മലയാളികളുണ്ടെന്നതല്ലേ?"”

2021 ഈ കര്‍മ്മയോഗിയുടെ 100-ാ൦ പിറന്നാളിന്റെ വർഷമാണ്‌. ഈ ജന്മശതാബ്ദിയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' നല്‍കി അദ്ദേഹത്തിന്റെ സ്മരണയെ ആദരിക്കുമെന്ന്‌ നമുക്ക്‌ ആഗ്രഹിക്കാം. കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ നമുക്ക്‌ ലഭിച്ച ഒരേ ഒരു വര്‍ഗീസ്‌ കുര്യന്‍!

(ലേഖകന്‍ സിങ്കപ്പൂര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സീനിയര്‍ ഫെല്ലോയാണ്)

 

Content Highlights: Remembering Dr Verghese Kurien milk man on his birth anniversary national milk day