കരപ്പാടങ്ങളില്‍ കതിര്‍മണികള്‍

മഴ പൂര്‍ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സൂര്യപ്രകാശമുള്ള കരപ്പാടങ്ങളില്‍ കരനെല്‍ക്കൃഷിക്കു പറ്റിയ സമയമാണിത്. തയ്യാറാക്കിയ കരപ്പാടങ്ങളില്‍ നുരി വിത്തിടീല്‍ രീതിയില്‍ വിത്തുവിതച്ചാല്‍ കളനിയന്ത്രണം സുഗമമാക്കാം. നാടന്‍ വിത്തിനങ്ങളും അത്യുത്പാദനശേഷിയുളള ജ്യോതി, പ്രത്യാശ എന്നീ ഇനങ്ങളും കരനെല്‍ക്കൃഷിക്കു യോജിച്ചവയാണ്. അല്പം തണലുള്ള പ്രദേശങ്ങളിലും തെങ്ങിന്‍തോപ്പുകളിലും ഔഷധപ്രാധാന്യമുള്ള നവരനെല്ലും കൃഷിചെയ്യാം. വിപണിയില്‍ നല്ല മൂല്യമാണ് നവര അരിക്കുള്ളത്. കൂടാതെ കരപ്രദേശങ്ങളില്‍ 'സൂപ്പര്‍ഫുഡ്' എന്നറിയപ്പെടുന്ന ചെറുധാന്യങ്ങളും കൃഷിചെയ്യാം. ചോളം, കൂവരക്, തിന, മണിച്ചോളം, ചാമ എന്നിവ മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ നന്നായി ചെയ്യാനാകും.

തോട്ടവിളകള്‍

തെങ്ങിന്‍തൈകള്‍ നടുന്ന സമയമാണ് മഴക്കാലാരംഭം. തെങ്ങ്, കവുങ്ങ് എന്നിവയുടെ തൈകള്‍ വെച്ചു പിടിപ്പിക്കാം. താഴ്ന്ന പ്രദേശങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. കുരുമുളക് വള്ളികള്‍, വെറ്റിലക്കൊടി എന്നിവയും ഇപ്പോള്‍ പിടിപ്പിക്കാം. തോട്ടങ്ങളില്‍ ഇടവിളയായി ഔഷധച്ചെടികളും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ തീറ്റപ്പുല്ലും വെച്ചുപിടിപ്പിക്കാം. ജാതിക്കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കുകയും വേണം.

മുന്‍വര്‍ഷത്തെ വിളകള്‍ക്കു വളപ്രയോഗം നടത്തുന്നതിനും അനുയോജ്യമായ സമയം ഇതാണ്. പ്രതിരോധത്തിന് കുമിള്‍ നാശിനികള്‍ തളിക്കേണ്ടതാണ്. ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം ഇത്തരം വിളകള്‍ക്കു തളിക്കാം. വളപ്രയോഗം നടത്തുമ്പോള്‍ ട്രൈക്കോഡെര്‍മ സമ്പുഷ്ടികരിച്ച വൈജവളം/ചാണകപ്പൊടി നല്‍കുന്നത് വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നല്ലതാണ്.

പച്ചക്കറികള്‍

ചീരയും തക്കാളിയും ഒഴികെ ഒട്ടുമിക്ക പച്ചക്കറിവിളകളും മഴക്കാലത്തു ചെയ്യാം. മഴക്കാലത്തേക്ക് ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് വെണ്ട. മഴക്കാലത്തേക്കു വെണ്ടയ്ക്കു കേടുകുറവാണ്, നല്ല വിളവും ലഭിക്കും. ഉയര്‍ന്ന തടങ്ങളിലോ വാരങ്ങളിലോ വിത്തുപാകി മുളപ്പിക്കാം. മുളക്, വഴുതന എന്നിവയുടെ തൈകളും നടാം. ഉയര്‍ന്ന വാരങ്ങളിലോ തടത്തിലോ നടണം.

പാവല്‍, പടവലം, മത്തന്‍, കുമ്പളം, ചുരയ്ക്ക എന്നിവ ഉയരത്തില്‍ തടങ്ങളെടുത്ത് നടാം. കോവല്‍, കക്കരി എന്നിവയും ഇപ്പോള്‍ പിടിപ്പിക്കാം. പച്ചചാണകം തടത്തില്‍ നേരിട്ടിടരുത്. ഉണക്കിപ്പൊടിച്ച ചാണകം ഇടുക.

മഴമറയിലാണ് കൃഷിചെയ്യുന്നതെങ്കില്‍ ഒട്ടുമിക്ക പച്ചക്കറികളും ഈ സമയത്ത് ചെയ്യാം. കിഴങ്ങുവര്‍ഗവിളകളായ ചേമ്പ്, മധുരക്കിഴങ്ങ്, കൂര്‍ക്ക എന്നിവയും പ്രധാന വിളയായോ ഇടവിളയായോ ചെയ്യാവുന്നതാണ്.

പഴവര്‍ഗങ്ങള്‍ക്കും അനുയോജ്യം

ഫലവൃക്ഷത്തൈകളും പഴവര്‍ഗങ്ങളും ഇപ്പോള്‍ നടാം. പ്ലാവ്, മാവ്, സപ്പോട്ട, ഞാവല്‍, കശുമാവ്, കൊക്കോ, പപ്പായ, പൈനാപ്പിള്‍, നാടന്‍ വാഴ എന്നിവയെല്ലാം ഇപ്പോള്‍വെച്ചു പിടിപ്പിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • നിലമൊരുക്കുമ്പോള്‍ത്തന്നെ കുമ്മായം ചേര്‍ത്തിളക്കുക.
  • തടത്തില്‍ അടിവളമായി ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കാം.
  • രോഗപ്രതിരോധമെന്ന നിലയില്‍ സ്യൂഡോമോണസ് പ്രാരംഭത്തിലെ തന്നെ ഉപയോഗിക്കാം.
  • സ്യൂഡോമോണസ് വിത്തില്‍ പുരട്ടിയും ചെടികളില്‍ 10 ദിവസത്തിലൊരിക്കല്‍ രണ്ടുശതമാനം വീര്യത്തില്‍ തളിച്ചും ഉപയോഗിക്കാം.

വിവരങ്ങള്‍ക്ക്: 9744444279.

Content Highlights: Rainy season farming in kerala, Crops and their caring