റാഗിതേടി ഇനി കന്നടനാട്ടിലേക്കു പോകേണ്ട..., ഇവിടെ ചേര്‍ത്തല തെക്കിലെ ചൊരിമണലില്‍ റാഗിയുടെ വിളസമൃദ്ധി. പേരിനൊരു തോട്ടമല്ല, മിടുക്കുതെളിയിച്ച് പഞ്ചായത്തിലെ 370 ഏക്കറിലാണ് വിവിധഘട്ടങ്ങളിലായി കൃഷിയിറക്കിയത്. ഇതില്‍ പലയിടത്തും വിളവെടുപ്പോളമെത്തിയിട്ടുണ്ട്. തെക്കന്‍കേരളത്തില്‍ ആദ്യമായാണ് സമഗ്രമായി റാഗികൃഷിയിറക്കുന്നതെന്നു കൃഷിവകുപ്പ് പറയുന്നു.

പ്രോട്ടീനും കാല്‍സ്യവുമടങ്ങിയ റാഗി (പഞ്ഞപ്പുല്ല്) കുട്ടികളുടെ ഉത്തമാഹാരമായാണു കണക്കാക്കുന്നത്. തീരദേശഗ്രാമമായ ചേര്‍ത്തല തെക്കില്‍ തൊഴിലുറപ്പിന്റെ ഭാഗമായാണു റാഗി വിളവൊരുക്കിയത്. 22 വാര്‍ഡുകളിലായാണ് 370 ഏക്കര്‍ കൃഷി. പൊതുവായ സ്ഥലങ്ങളിലും വീടുകളിലും കൃഷി ചെയ്തിട്ടുണ്ട്.

4,09,16,400 രൂപ അടങ്കലുള്ളതാണ് പദ്ധതി. 2.5 ലക്ഷം തൊഴില്‍ദിനങ്ങളാണ് സൃഷ്ടിക്കുന്നത്. അഞ്ചുമുതല്‍ 10 വരെയുള്ള തൊഴിലാളി ഗ്രൂപ്പുകളൊരുക്കിയാണു കൃഷി. ഇത്തരത്തില്‍ 140 ഗ്രൂപ്പുകളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോഗ്രൂപ്പും അഞ്ചുമുതല്‍ 10 ഏക്കര്‍ വരെയാണ് കൃഷി ചെയ്യുന്നത്. പരിചിതമല്ലാത്ത കൃഷിയും ചൊരിമണലിന്റെ പരിമിതികളും കടന്നാണ് കൃഷി. കൃഷിവകുപ്പും പഞ്ചായത്തും ഇതിനായി തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കി.

നെല്ലടക്കമുള്ള വിളകളേക്കാള്‍ വെള്ളം കുറവുമതിയെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നുരമാസംകൊണ്ട് വിളവിലേക്കെത്തും. വി.എഫ്.പി.സി.കെ.യും ആലത്തൂര്‍ പ്ലാന്റില്‍ നിന്നുമാണ് കൃഷിവകുപ്പ് വിത്തെത്തിച്ചത്. പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിത്ത് ഗ്രൂപ്പുകള്‍ക്കു നല്‍കിയത്. ഓരോ ഗ്രൂപ്പിനും 3,600 വരെ വളം സബ്‌സിഡിയും നല്‍കുന്നുണ്ട്. 

പൊതുവായി ഉത്പാദിപ്പിക്കുന്ന റാഗി പ്രത്യേക ബ്രാന്‍ഡായി വിപണിയിലിറക്കാനാണു ലക്ഷ്യമിടുന്നത്. ഇപ്പോള്‍ത്തന്നെ പലയിടത്തുനിന്ന് ആവശ്യക്കാര്‍ എത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണും ഭരണസമിതിയംഗങ്ങളും കൃഷി വകുപ്പുദ്യോഗസ്ഥരും തൊഴിലുറപ്പുദ്യോഗസ്ഥരുമടക്കം ഇതിന്റെ വിജയത്തിനു പിന്നിലുണ്ട്.

കൃഷിയിറക്കുന്നത്

വി.എഫ്.പി.സി.കെ. വഴിയാണ് വിത്തുലഭിക്കുന്നത്. നഴ്സറിയൊരുക്കി വിത്തുപാകി രണ്ടാഴ്ചക്കുശേഷമാണ് പറിച്ചുനടുന്നത്. കോഴിവളവും ചാണകവുമിട്ട് വാരം കോരിയാണ് നിരനിരയായി നടുന്നത്. വളരുമ്പോള്‍ ഒടിഞ്ഞുവീഴാതിരിക്കാന്‍ സംവിധാനം വേണം. കളകളും പുഴുക്കള്‍ കയറാതിരിക്കുന്നതിനും പരിചരണം വേണം. വെയിലു ലഭിക്കുന്ന സ്ഥലമായിരിക്കണം. - റോസ്മി ജോര്‍ജ്, കൃഷി ഓഫീസര്‍, ചേര്‍ത്തല തെക്ക്. 

Content Highlights: Ragi is getting ready for harvest at Cherthala