നത്തമഴയും മണ്ണിടിച്ചിലും വലിയ നാശനഷ്ടമാണ് കാര്‍ഷിക മേഖലയ്ക്കുണ്ടാക്കിയത്. മഴയും വെള്ളക്കെട്ടും കാരണം പല രോഗങ്ങളും കീടങ്ങളും വിളകളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സമയോചിതമായ മുന്‍കരുതല്‍ നടപടികളിലൂടെ കാര്‍ഷിക വിളകളിലെ പ്രളയാനന്തര പ്രശ്‌നങ്ങളും അതിലൂടെയുള്ള സാമ്പത്തികനഷ്ടവും നിയന്ത്രിക്കാം. പ്രളയാനന്തരം വിവിധ വിളകളില്‍ അനുവര്‍ത്തിക്കേണ്ട സസ്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

തെങ്ങ്

കൂമ്പുചീയല്‍ രോഗം പടര്‍ന്നുപിടിക്കാതെ ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ വൃത്തിയാക്കി പത്തുശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടണം. ഓലകരിച്ചില്‍, മച്ചിങ്ങ പൊഴിച്ചില്‍ തുടങ്ങിയ കുമിള്‍ രോഗങ്ങള്‍ക്കെതിരേ ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിക്കാം.

കവുങ്ങ്

മഹാളിരോഗം കവുങ്ങിന് പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കണം.

പച്ചക്കറി വിളകള്‍

മഴയിലും വെള്ളക്കെട്ടിലും പച്ചക്കറി കൃഷിചെയ്ത പല പ്രദേശങ്ങളും ഒന്നുരണ്ടു ദിവസം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. രക്ഷപ്പെട്ടിട്ടുള്ള ചെടികളില്‍ കീടരോഗബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. 0.3 ശതമാനം വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍നാശിനി തളിച്ചാല്‍ വഴുതനയുടെ കായ്ചീയല്‍, വെണ്ടയുടെ ഇലപ്പുള്ളി എന്നിവ നിയന്ത്രിക്കാം. പയറിന്റെ കടചീയല്‍, ഇലപ്പുള്ളിരോഗം എന്നിവയ്ക്കായി മാങ്കോസെബ് പ്‌ളസ് കാര്‍ബെന്‍ഡാസിം (0.2 ശതമാനം വീര്യത്തില്‍) തളിച്ചുകൊടുക്കാം.

വെള്ളരിവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികളില്‍ ഇലപ്പുള്ളി, ഇലകരിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രതിരോധത്തിനായി സൈമോക്‌സാനില്‍ പ്‌ളസ് മാങ്കോസെബ് (0.3 ശതമാനം) തളിച്ചു കൊടുക്കണം. ഈര്‍പ്പം അധികമാകുമ്പോള്‍ ആഫ്രിക്കന്‍ ഒച്ച് പോലുള്ള ജീവികളുടെ ശല്യം രൂക്ഷമായാല്‍ 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കൃഷിയിടത്തില്‍ തളിക്കാം. ഇലതീനിപ്പുഴുക്കളുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്‌ളുബെന്‍ഡൈയാമിഡ് രണ്ട് മില്ലി പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

വാഴ

കടഭാഗത്ത് അടിഞ്ഞുകൂടിയ ചെളിയും മണ്ണും ഇളക്കിമാറ്റി മണ്ണിന് വായുസഞ്ചാരം അനുവദിക്കണം. ശേഷം മണ്ണുകയറ്റിക്കൊടുക്കാം. മാണം അഴുകല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അഞ്ച് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കണം. അടഞ്ഞമഴ കഴിഞ്ഞുള്ള കാലാവസ്ഥയില്‍ പനാമാവാട്ടം രൂക്ഷമായേക്കാം. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ 0.2 ശതമാനം വീര്യത്തില്‍ കാര്‍ബെന്‍ഡാസിം അല്ലെങ്കില്‍ 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികൊനാസോള്‍ കുമിള്‍നാശിനി കടഭാഗത്ത് ഒഴിക്കണം. കേടുവന്ന ഇലകള്‍ മുറിച്ചു മാറ്റണം.

13:0:45 എന്ന വളം അഞ്ചുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പശചേര്‍ത്ത് ഇലകളില്‍ സ്പ്രേ ചെയ്യണം. ഇലപ്പുള്ളി രോഗം വരുകയാണെങ്കില്‍ 0.4 ശതമാനം വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍ നാശിനി പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാം. രോഗം നിയന്ത്രണ വിധേയമല്ലെങ്കില്‍ പ്രൊപ്പികൊനാസോള്‍ 0.1 ശതമാനം വീര്യത്തില്‍ തുടര്‍ന്നു തളിക്കാം.

കുരുമുളക്

കടഭാഗത്ത് വെള്ളമോ ചെളിയോ കെട്ടിനില്‍ക്കുകയാണെങ്കില്‍ വാര്‍ത്തുകളഞ്ഞ് ചെടി ഒന്നിന് അരക്കിലോ ഗ്രാം വീതം കുമ്മായം ചേര്‍ത്തുകൊടുക്കുക. രണ്ടാഴ്ചയ്ക്കുശേഷം പത്തുകിലോഗ്രാം ജൈവവളം നല്‍കുക. ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം ചെടികളില്‍ സ്പ്രേ ചെയ്യണം. കൂടാതെ, കോപ്പര്‍ ഓക്‌സിക്ലോറൈഡ് (0.3 ശതമാനം) കടഭാഗത്ത് ഒഴിച്ചുകൊടുക്കാം.

ജാതി

ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ഇളക്കി വായുസഞ്ചാരം ഉറപ്പുവരുത്തണം. ശേഷം 250-500 ഗ്രാം കുമ്മായം ചെടി ഒന്നിന് ചേര്‍ത്തുകൊടുക്കാം. അടഞ്ഞമഴയ്ക്കുശേഷം ഇലപ്പുള്ളി രോഗം/ഇലകൊഴിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് തളിക്കണം.

വിവരങ്ങള്‍ക്ക്: 9744444279

Content Highlights: Protecting crops from flood damage