വി.എഫ്.പി.സി.കെ.യുടെ സമിതികളില്‍നിന്ന് സ്വന്തമായുള്ള ഔട്ട്ലെറ്റുകളിലേക്കും പഴങ്ങളും പച്ചക്കറികളും സംഭരിച്ചു വില്‍ക്കുന്ന ഏജന്‍സി. 100 സ്റ്റാളുകളും 250 ഫ്രാഞ്ചൈസികളും ഇവരുടെ കീഴിലുണ്ട്. കര്‍ഷകര്‍ക്ക് നല്ലവില കിട്ടാത്ത സന്ദര്‍ഭങ്ങളിലാണ് ഹോര്‍ട്ടികോര്‍പ്പ് സംഭരണത്തിന് ഇറങ്ങുന്നത്. വര്‍ഷം 20,000 ടണ്ണിനടുത്ത് സാധനങ്ങള്‍ ഇവര്‍ സംഭരിക്കുന്നു. ആകെ ഉത്പാദനത്തിന്റെ ചെറിയൊരു അംശംമാത്രം. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്ന ഉത്പന്നങ്ങളുടെ വില ഉടന്‍ കൊടുക്കുന്ന പതിവില്ല. ഇപ്പോള്‍ത്തന്നെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി ഒമ്പത് കോടിയോളം രൂപ നല്‍കാനുണ്ടെന്ന് പറയുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ പരാതിയും ഇതാണ്. തങ്ങളുടെ ഉത്പന്നങ്ങളുടെ വില കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
പഴം-പച്ചക്കറി വില്‍പ്പനയിലൂടെ ഹോര്‍ട്ടികോര്‍പ്പിന് കിട്ടുന്നത് ചെറിയൊരു ലാഭം മാത്രമാണ്. കൂടിയ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഔട്ട്ലെറ്റുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ ലാഭം കുറയും. ഭീമമായ പ്രവര്‍ത്തനച്ചെലവാണ് ഈ ഏജന്‍സിക്കുള്ളത്. ലാഭത്തിന്റെ മൂന്നിരട്ടിവരെ വരും. അപ്പോള്‍ ലാഭംകൊണ്ട് ഒന്നും ചെയ്യാനാവില്ല. ഇതുമൂലം കിട്ടുന്ന ഫണ്ട് ഭരണപരമായ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവരും. ഇതാണ് കര്‍ഷകര്‍ക്കുള്ള വില വൈകാന്‍ കാരണമാകുന്നത്. ഇത് ഓരോവര്‍ഷവും ആവര്‍ത്തിക്കുമ്പോള്‍ ഫലത്തില്‍ കര്‍ഷകര്‍ക്ക് ഒരു പ്രയോജനവുംകിട്ടാത്ത സ്ഥിതിവരുന്നു.
കുറവുകളുടെ കേരഫെഡ്
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന് ന്യായവില ഉറപ്പാക്കാനാണ് കേരഫെഡ് ആരംഭിച്ചത്. ഇതിനുവേണ്ടി കരുനാഗപ്പള്ളിയിലും കോഴിക്കോട് നടുവണ്ണൂരിലും രണ്ട് വെളിച്ചെണ്ണ നിര്‍മാണ ഫാക്ടറികള്‍ തുടങ്ങി. കരുനാഗപ്പള്ളിയില്‍ ദിവസം 250 ടണ്‍ കൊപ്ര വെളിച്ചെണ്ണയാക്കാനുള്ള ശേഷിയുണ്ടെങ്കിലും 100 ടണ്‍ മാത്രമാണ് ഇപ്പോള്‍ സംസ്‌കരിക്കുന്നത്. നടുവണ്ണൂരില്‍ 85 ടണ്‍ ആണ് ശേഷിയെങ്കിലും ഇവിടെയും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നില്ല. കൊപ്ര കിട്ടാത്തതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. കേരളത്തിലെ വ്യാപാരികളില്‍നിന്നാണ് രണ്ട് ഫാക്ടറികളിലേക്കും കൊപ്ര എടുക്കുന്നത്.
കേരളത്തില്‍നിന്നുള്ള പച്ചത്തേങ്ങ തമിഴ്നാട്ടില്‍ കൊണ്ടുപോയി അവിടെനിന്ന് കൊപ്രയാക്കി തിരികെ കൊണ്ടുവരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനം കിട്ടുന്നില്ല. കേരളത്തില്‍ത്തന്നെ പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നല്‍കാന്‍ 100-ഓളം സഹകരണ സംഘങ്ങളെ കേരഫെഡ് തിരഞ്ഞെടുത്തെങ്കിലും ഒരുസംഘംപോലും കൊപ്രതരാന്‍ രംഗത്തുവന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനത്തിന് അഞ്ചുകോടിയോളം രൂപ സര്‍ക്കാര്‍ കേരഫെഡിന് നല്‍കിയിട്ടുണ്ട്. പക്ഷേ, സംഘങ്ങള്‍ വരാത്തതുമൂലം ഒന്നും നടക്കുന്നില്ല.
ഇപ്പോള്‍ 27 രൂപയാണ് തേങ്ങയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ വില. കേരഫെഡ് 31 രൂപവരെ വില പ്രഖ്യാപിക്കുന്നുണ്ട്. സംഭരണം ഇല്ലാത്തതുമൂലം വില ഉറപ്പാക്കാന്‍ മാര്‍ഗമില്ല. കടകളില്‍ ഒരു കിലോ തേങ്ങയ്ക്ക് 40 രൂപയും അതിനുമുകളിലും വില ഉണ്ടെങ്കിലും കര്‍ഷകര്‍ക്ക് കിട്ടുന്നത് 25 മുതല്‍ 30 രൂപ വരെയാണ്. ചിലപ്പോള്‍ അതിലും കുറയും. ചുരുക്കത്തില്‍ നാളികേര കര്‍ഷകര്‍ക്കും മാന്യമായ വില കിട്ടുന്നില്ല. ഇവിടെയും ഇടനിലക്കാരായ വ്യാപാരികള്‍ക്കാണ് ലാഭം.
കോവിഡ്കാലം നാളികേരകര്‍ഷകര്‍ക്കും തിരിച്ചടിയായി. തുടക്കത്തില്‍ വില തീരേ കുറവായിരുന്നു. ഒരു തേങ്ങയ്ക്ക് ഒമ്പതുരൂപവരെ. ഇപ്പോള്‍ അത് 12 വരെ എത്തി. കേരഫെഡ് താങ്ങുവില നിശ്ചയിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. ഇപ്പോള്‍ മാര്‍ക്കറ്റ് വില കിലോക്ക് 21 രൂപ വരെയാണ്. ഒരു തേങ്ങയ്ക്ക് ചുരുങ്ങിയത് 15 രൂപ എങ്കിലും കിട്ടണം. അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് കൃഷി തുടരാനാവില്ല. തെങ്ങിന്‍ കയറാന്‍ ആളെ കിട്ടാത്തതും രോഗങ്ങളുംമൂലമുള്ള പ്രതിസന്ധിക്കിടെയാണ് കോവിഡ്മൂലമുള്ള വിലത്തകര്‍ച്ച. പക്ഷേ, കടകളില്‍ തേങ്ങയ്ക്ക് എന്നും ഉയര്‍ന്ന വിലതന്നെയാണ്.
അതിര്‍ത്തികടന്നുപോവുന്ന തേങ്ങയും ചകിരിയും
വില കുറഞ്ഞതുമൂലം ഇത്തവണ തേങ്ങ വില്‍ക്കാതെ കൂട്ടിയിട്ടിരിക്കയാണ് അതിര്‍ത്തി പഞ്ചായത്തായ വടകരപ്പതിയിലെ ധനലക്ഷ്മി അമ്മ എന്ന കര്‍ഷക. പത്തേക്കര്‍ തെങ്ങിന്‍ തോപ്പുണ്ട്. വര്‍ഷം 20,000 തേങ്ങ കിട്ടും. പൂര്‍ണമായും ജൈവകൃഷിയാണ് നടത്തുന്നത്. പക്ഷേ, അതിന്റെ ഒരു പ്രയോജനവും കിട്ടുന്നില്ലെന്ന് ധനലക്ഷ്മി അമ്മ പറഞ്ഞു. ഏറ്റവും കൂടുതല്‍ നാളികേര കര്‍ഷകരുള്ള ജില്ലയാണ് പാലക്കാട്. ഇവിടെ ചിറ്റൂര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയിലാണ് കൃഷി കൂടുതല്‍. ഈ പ്രദേശത്തെ മുഴുവന്‍ തേങ്ങയും പോവുന്നത് തമിഴ്നാട്ടിലേക്കും. കേരഫെഡും കേരളത്തിലെ വിപണികളുമൊന്നും ഇവിടത്തെ കര്‍ഷകര്‍ക്ക് സഹായകരമാവുന്നില്ല എന്നതാണ് സത്യം. തേങ്ങ മാത്രമല്ല അതിര്‍ത്തികടക്കുന്നത്. ചകിരിയും പോവുന്നു. (തുടരും)
തയ്യാറാക്കിയത് : പി.സുരേഷ്ബാബു, രതീഷ് രവി, എ.കെ. ശ്രീജിത്ത്
Content Highlights: Problems faced by farmers during the Covid period Part 4