സ്വര്‍ണനിറമുള്ള കണിവെള്ളരിയുടെയും കറിവെള്ളരിയുടെയും പച്ചയ്ക്കു കഴിക്കാവുന്ന സാലഡ് വെള്ളരിയുടെയും അച്ചാര്‍ ഇടാന്‍ ഉത്തമമായ ഗര്‍കിന്‍സിന്റെയും മധുരവെള്ളരി മസ്‌ക് മെലണിന്റെയും മൂക്കുമ്പോള്‍ പൊട്ടുന്ന പൊട്ടുവെള്ളരിയുടെയുമൊക്കെ കൃഷിക്കാലമാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ ആണെങ്കില്‍ കൃഷി മേയ് വരെയും തുടരാം.

കണിവെള്ളരി

കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍, മണല്‍ കലര്‍ന്ന മണ്ണുള്ള പുഴയോരത്തെ പാടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കണിവെള്ളരി കൃഷിയിറക്കാം. നെല്‍ക്കൃഷി കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന കണ്ടം ഉഴുത് പാകപ്പെടുത്തിയ വയലില്‍ തടമെടുത്താണ് വിത്തിടുന്നത്. നനഞ്ഞ തുണിയില്‍ കിഴികെട്ടി മുള വന്നശേഷമാണ് പാകല്‍. മൂന്നുനാലുദിവസംകൊണ്ട് മുളയ്ക്കും. മൂന്നോ നാലോ ഇലകളായാല്‍ തൈ ചായും. ഈ സമയം തടം കുറച്ചുകൂടി വലുതാക്കി നനയ്ക്കണം. ഒപ്പം ചാണകവും ചാരവും തടത്തില്‍ ചേര്‍ക്കണം.

ശാസ്ത്രീയ വെള്ളരിക്കൃഷിയില്‍ ഒരു സെന്റ് സ്ഥലത്തു നടാന്‍ മൂന്നുഗ്രാം വിത്തുവേണം. വിത്ത് പാകുംമുമ്പ് ഒരു സെന്റില്‍ രണ്ടുകിലോ കുമ്മായം ചേര്‍ത്തിളക്കുന്നത് നല്ലതാണ്. തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞു തടങ്ങളില്‍ ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേര്‍ക്കാം. ചാണകം ചേര്‍ക്കുമ്പോള്‍ ട്രൈക്കോഡെര്‍മ കലര്‍ത്തിയതായാല്‍ രോഗബാധകള്‍ തടയും.

വളര്‍ച്ചയുടെ വിവിധദശകളില്‍ ചാണകവും കടലപ്പിണ്ണാക്കും കലര്‍ത്തി പുളിപ്പിച്ച ലായനി, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് ആവശ്യത്തിന് ചേര്‍ത്തുകൊടുക്കാം. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15 ദിവസം കൂടുമ്പോള്‍ തളിക്കുന്നത് ചെടികളുടെ വളര്‍ച്ചയും വിളവും മെച്ചപ്പെടുത്തും.

രാസവളപ്രയോഗം വേണമെങ്കില്‍ 300 ഗ്രാം യൂറിയ, 500 ഗ്രാം മസൂറിഫോസ്, 160 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേര്‍ക്കണം. യൂറിയ രണ്ടു തുല്യഗഡുക്കളായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചേര്‍ക്കാം. ഒന്നിടവിട്ട് നനയ്ക്കണം. ചെടികള്‍ പടരാന്‍ തറയില്‍ ഓലകള്‍ നിരത്താം.

ഇനങ്ങള്‍

  • മൂടിക്കോട് ലോക്കല്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇനം. വിത്ത് പാകി 56 ദിവസമാകുമ്പോള്‍ ആദ്യവിളവെടുക്കാം.
  • അരുണിമ: പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. 2-3 കിലോഗ്രാംവരെ തൂക്കമുള്ള കായ്കള്‍.
  • സൗഭാഗ്യ: വീട്ടുകൃഷിക്കും വാണിജ്യ കൃഷിക്കും അനുയോജ്യം. ഇടത്തരം കായ്കള്‍ 55-60 ദിവസം മതി വിളവെടുക്കാന്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സംഭാവനയാണ് ഇതും.

കരുതല്‍

കായീച്ചയെ തുരത്താന്‍ ഫെറമോണ്‍ ക്യൂലൂര്‍ കെണിവെക്കാം. രണ്ടുശതമാനം വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിച്ച് വണ്ടുകളെ അകറ്റാം. അസാഡിറാക്റ്റിന്‍/നിംബിസിഡിന്‍ എന്ന വേപ്പ് കീടനാശിനികള്‍ രണ്ടു മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിച്ച് ചിത്രകീടത്തെയും മറ്റും നശിപ്പിക്കാം. ഇലപ്പുള്ളി, മൊസൈക് രോഗങ്ങള്‍ കണ്ടാല്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി തെളിയൂറ്റി രണ്ടാഴ്ചയിലൊരിക്കല്‍ വീതം തളിക്കുക. വെള്ളീച്ചകളെ തുരത്തിയാല്‍ മൊസൈക് രോഗം നിയന്ത്രിക്കാം.

വിത്തുകള്‍ക്ക്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍, മണ്ണുത്തി അറ്റിക് സെന്റര്‍ (0487 2370540), വി.എഫ്.പി.സി.യുടെ എറണാകുളം(0484 2881300), തിരുവനന്തപുരം (0471 2740480) കൃഷി ബിസിനസ് കേന്ദ്രങ്ങള്‍.

Content Highlight: Preparing for 'kani vellari' (golden melon) farming