ര്‍ഷങ്ങള്‍ക്കുമുന്‍പ് തൃശ്ശിവപേരൂരിലെ കോള്‍പ്പാടങ്ങളിലായിരുന്നു പൊട്ടുവെള്ളരികള്‍ വിളഞ്ഞിരുന്നത്. ചേര്‍ത്തലക്കാര്‍ ആദ്യമായി ആ വെള്ളരി ജ്യൂസ് നുകര്‍ന്നതും അതിന്റെ തണുപ്പറിഞ്ഞതും ഗുരുവായൂര്‍ യാത്രകളിലായിരുന്നു. കൊടുങ്ങല്ലൂര്‍വരെ കണ്ടിരുന്ന ആ പൊട്ടുവെള്ളരിയുടെ വള്ളികള്‍ പിന്നീട് തെക്കോട്ടാണ് തളിര്‍ത്തത്. ഇപ്പോഴാകട്ടെ അതു പടര്‍ന്നുകയറിയത് കരപ്പുറത്തെ പാടശേഖരങ്ങളിലും. സിലിക്കാമണലിനാല്‍ സമ്പന്നമായ കരപ്പുറത്തിന് ഒരിക്കലും സഹിക്കാനാവില്ല കുംഭം-മീന മാസത്തെ ചൂട്. കാരണം ചുട്ടുപൊള്ളുന്ന മണല്‍ അത്രമേല്‍ ഉഷ്ണിപ്പിക്കും ഇവിടത്തുകാരെ. അവിടേക്കാണ് ഉള്ളംതണുപ്പിക്കാന്‍ പൊട്ടുവെള്ളരി അതിഥിയായെത്തിയത്.

നാട്ടിലെത്തിയിട്ട് കുറച്ചു വര്‍ഷങ്ങള്‍

കൊണ്ടല്‍ക്കൃഷി കരപ്പുറത്തിന്റെ പ്രത്യേകതയാണ്. വെള്ളരി, ഇളവന്‍, മത്തന്‍ എന്നിവയായിരുന്നു ഈ കൃഷിയിലെ പ്രധാന വിളകള്‍. എന്നാല്‍, കുറച്ചുവര്‍ഷം മാത്രമേ ആയുള്ളൂ ഇവയ്‌ക്കൊപ്പം പൊട്ടുവെള്ളരിയും സ്ഥാനംപിടിച്ചിട്ട്. നാടന്‍ വിത്തിനങ്ങളും വി.എഫ്.പി.സി.കെ.വഴി ലഭ്യമാകുന്ന ഇനങ്ങളുമാണ് കൃഷിചെയ്യുന്നത്. ഇളവനും മത്തനും വെള്ളരിക്കയ്ക്കുമൊക്കെ വിലയിടിയുമ്പോഴും പൊട്ടുവെള്ളരിക്ക് സ്ഥിരതയാര്‍ന്ന വില ലഭിക്കുന്നതാണ് കര്‍ഷകരെ ആകര്‍ഷിക്കുന്നത്.

ഭൗമസൂചികാപദവി പരിഗണനയില്‍

സ്‌നാപ് മെലണ്‍ (കുക്കുമിസ് മെലോ മൊമോര്‍ഡിക്ക) എന്നതാണ് പൊട്ടുവെള്ളരിയുടെ ശാസ്ത്രീയനാമം. 2018-ല്‍ത്തന്നെ ഭൗമസൂചികാപദവിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയുണ്ട്. കൊടുങ്ങല്ലൂര്‍ ഭാഗത്തെ നാടന്‍ ഇനമാണ് ഇതിനായി പരിഗണിക്കുന്നത്. 45-50 ദിവസംകൊണ്ട് വിളവെടുപ്പിനു പാകമാകും പൊട്ടുവെള്ളരി. കരപ്പുറത്തെ പാടശേഖരങ്ങളില്‍ കണ്ണികോരിയാണ് കൃഷി. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള മണ്ണും കൂടുതല്‍ വിളവു നല്‍കുന്നു.

പൊട്ടുവെള്ളരി pottu vellari
കഞ്ഞിക്കുഴിയില്‍ പൊട്ടുവെള്ളരി വിളവെടുത്തപ്പോള്‍ 

പൊട്ടുവെള്ളരിക്കൊപ്പം തണ്ണിമത്തനും

കൃഷിയിടങ്ങളില്‍ പൊട്ടുവെള്ളരിക്കൊപ്പം സ്ഥാനംപിടിച്ച ഒന്നാണ് തണ്ണിമത്തനും. പെരുമ്പളം ദ്വീപിലടക്കം താലൂക്കിലെ എല്ലാ കൃഷിയിടങ്ങളിലും ഇവ രണ്ടും സുലഭം. ദേശീയപാതയോരത്തും മറ്റു ഇടറോഡുകളിലും നാടന്‍ പൊട്ടുവെള്ളരി-തണ്ണിമത്തന്‍ ജ്യൂസുകടകള്‍ കാണാം. ജ്യൂസിനൊപ്പം ചിലയിടങ്ങളില്‍ ഷെയ്ക്കും നല്‍കുന്നു. നാടന്‍ പശുവിന്‍പാല്‍, ഏലയ്ക്ക, പഞ്ചസാര എന്നിവമാത്രമാണ് ചേര്‍ക്കുക. തണുപ്പു വേണ്ടവര്‍ക്ക് ഐസിട്ടു നല്‍കും.

സൂക്ഷ്മപരിചരണം ആവശ്യം

പൊട്ടുവെള്ളരി/പഴ വെള്ളരി കൃഷി ഇപ്പോള്‍ വ്യാപകമാണ്. സാധാരണ വെള്ളരി കൃഷിചെയ്യുംപോലെ തന്നെയാണ് പരിചരണം. എങ്കിലും കൂടുതല്‍ സൂക്ഷ്മത ആവശ്യമാണ്. വിളവിനു പാകമാകുമ്പോഴാണ് ഇത് അത്യാവശ്യം. ഇല്ലെങ്കില്‍ കൃഷിയിടത്തില്‍ത്തന്നെ പൊട്ടുവെള്ളരി നശിക്കും. ജൈവവളം ഉപയോഗിച്ചാല്‍ പാകമായ വെള്ളരി മൂന്നുനാലു ദിവസം കേടുകൂടാതെയിരിക്കും. രാസവളമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് ഒരുദിവസമായി ചുരുങ്ങും.- ആശ എ. നായര്‍, കൃഷി ഓഫീസര്‍, ചേന്നംപള്ളിപ്പുറം

വിപണിയും വിലയും ഉറപ്പ്

എളുപ്പത്തില്‍ വിറ്റുപോകുന്നതിനൊപ്പം മികച്ച വിലയും പൊട്ടുവെള്ളരിക്ക് ലഭിക്കുന്നു. ആദ്യമായാണ് പൊട്ടുവെള്ളരി കൃഷിചെയ്യുന്നത്. കിലോഗ്രാമിന് 40-മുതല്‍ 50-രൂപവരെ ലഭിക്കുന്നു. സാധാരണ വെള്ളരിയാണെങ്കില്‍ വില കിലോഗ്രാമിന് 10-15 രൂപ മാത്രം.- രഞ്ജിത്ത് സി.ആര്‍. പൊട്ടുവെള്ളരി കര്‍ഷകന്‍/സിവില്‍ പോലീസ് ഓഫീസര്‍

പൊട്ടുവെള്ളരി pottu vellari
പൊട്ടുവെള്ളരി വിളവെടുത്തപ്പോള്‍

വേനലില്‍ ശരീരത്തിന് ഉത്തമം

മധുരവും തിക്തവും (കയ്പ്) ആണ് പൊട്ടുവെള്ളരിയുടെ പ്രധാന രസം. പോഷകമൂല്യവും ഏറെയാണ്. വേനല്‍ക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാന്‍ പൊട്ടുവെള്ളരി ജ്യൂസ് സഹായിക്കും. ചെറിയ നാരുകളാല്‍ സമ്പന്നമാണ് പൊട്ടുവെള്ളരി. കടുത്തവേനലിലെ നിര്‍ജലീകരണം ഒഴിവാക്കാനും പൊട്ടുവെള്ളരി ജ്യൂസ് ഉത്തമമാണ്. -ഡോ. ആര്യാപാര്‍വതി, ആയുര്‍വേദ എം.ഡി. വിദ്യാര്‍ഥിനി

ജ്യൂസിന് ആവശ്യക്കാരേറെ

ദേശീയപാതയോരത്തെ റസ്റ്റോറന്റില്‍ ഇപ്പോള്‍ പൊട്ടുവെള്ളരി ജ്യൂസിന് ആവശ്യക്കാരേറെയാണ്. ദീര്‍ഘദൂരയാത്രികരാണ് പ്രധാന ഉപഭോക്താക്കള്‍. നാടന്‍ ആയതിനാല്‍ വെള്ളരിയായും വില്പനയുണ്ട്. 200 ഗ്ലാസ് ജ്യൂസുവരെ വില്‍ക്കുന്ന ദിവസമുണ്ട്. കഞ്ഞിക്കുഴിയടക്കമുള്ള സമീപപ്രദേശങ്ങളിലെല്ലാം പൊട്ടുവെള്ളരി സുലഭമാണ്. -മനു ഓമനക്കുട്ടന്‍, തക്കോലം റസ്റ്റോറന്റ് പാര്‍ട്ണര്‍.

Content Highlights: Pottu Vellari farming at Kanjikuzhi