ധികം ചെലവില്ലാതെ വളര്‍ത്തിയെടുക്കാവുന്നതാണ് കിഴങ്ങുവിളകള്‍. ഇവ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും പൊതുവേ യോജിച്ചതുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും പൂര്‍ണകൃഷിനാശം സംഭവിക്കില്ല എന്നതും ആശ്വാസകരമാണ്. തെങ്ങിന്‍തോപ്പുകളിലുംമറ്റും ഇടവിളയായും കൃഷിചെയ്യാം. മിക്ക കിഴങ്ങുവര്‍ഗവിളകളുടെയും നടീല്‍ക്കാലം വേനല്‍മാസങ്ങളാണ്.

ചേന

ശ്രീ പത്മ, ശ്രീ ആതിര എന്നീ ഇനങ്ങള്‍ ഉത്പാദനശേഷി കൂടിയതാണ്. ചേനനടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ്. തനി വിളയായി നടുമ്പോള്‍ തമ്മില്‍ 90 സെ.മീ. അകലം നല്‍കാം. 60 സെ.മീ. വീതം നീളവും വീതിയും 45 സെ.മീ. ആഴവുമുള്ള കുഴികളെടുക്കണം. മേല്‍മണ്ണും രണ്ടുകിലോഗ്രാം ചാണകവും ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ഇതില്‍ ഏകദേശം ഒരു കിലോഗ്രാംവരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തുചേന നടാം.

വലിയ കാച്ചില്‍

ശ്രീകീര്‍ത്തി, ശ്രീരൂപ, ഇന്ദു , ശ്രീ ശില്‍പ്പ, ശ്രീകാര്‍ത്തിക എന്നിവ മികച്ച ഇനങ്ങളാണ്. മുളച്ചുതുടങ്ങിയ വിത്തുകള്‍ നടുന്നത് നല്ലതല്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിത്തുനടാം. കാച്ചില്‍ കിഴങ്ങിന്റെ തലഭാഗത്തുനിന്നാണ് ആദ്യം മുള പൊട്ടുന്നത്. അതിനാല്‍ ഈ ഭാഗം നടാനെടുക്കുന്ന ഓരോ കഷ്ണത്തിലും വരത്തക്കവിധം കിഴങ്ങ് നെടുകെ മുറിക്കണം. ഓരോ കഷ്ണത്തിനും 250 ഗ്രാം തൂക്കമുണ്ടായിരിക്കണം. തനിവിളയായി നടാന്‍ ഒരു സെന്റ് സ്ഥലത്തേക്ക് 12 കിലോഗ്രാം വിത്ത് വേണ്ടിവരും.

ചെറുചേമ്പ്

ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരണ്‍ എന്നിവയാണ് മികച്ച ഇനങ്ങള്‍. മേയ്, ജൂണ്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. 25 ഗ്രാം തൂക്കംവരുന്ന വിത്തുകള്‍ ഉപയോഗിക്കാം. തനി വിളയായി കൃഷിചെയ്യാന്‍ ഒരു സെന്റ് സ്ഥലത്തേക്ക് 150 വിത്തുകള്‍ അതായത്, നാലര കിലോഗ്രാം വിത്ത് വേണ്ടിവരും. നിലം കിളച്ചൊരുക്കി 60 സെന്റിമീറ്റര്‍ അകലത്തില്‍ വാരങ്ങളുണ്ടാക്കി അതില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ ചേമ്പ് നടാം.

നനക്കിഴങ്ങ്

ശ്രീലത, ശ്രീകല എന്നിവ മികച്ച ഉത്പാദനശേഷിയുള്ള ഇനങ്ങളാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളാണ് നടീല്‍ക്കാലം. ഏതാണ്ട് 100 ഗ്രാം തൂക്കംവരുന്ന കിഴങ്ങുകള്‍ വിത്തായി ഉപയോഗിക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് എട്ട് കി.ഗ്രാം വിത്ത് വേണ്ടിവരും.

മധുരക്കിഴങ്ങ്

ശ്രീനന്ദിനി, ശ്രീവര്‍ധിനി, ശ്രീരത്‌ന, ശ്രീഭദ്ര, ശ്രീ അരുണ്‍, ശ്രീ വരുണ്‍, ശ്രീകനക, കാഞ്ഞങ്ങാട് എന്നിവ ഉത്പാദനശേഷി കൂടിയ ഇനങ്ങളാണ്. താഴ്ന്നപ്രദേശങ്ങളില്‍ മധുരക്കിഴങ്ങ് ജനുവരി, ഫെബ്രുവരി മാസത്തില്‍ നടാം.

നിലമൊരുക്കിയശേഷം 60 സെ.മീ. അകലത്തില്‍ 30 സെ.മീ. ഉയരത്തിലുള്ള വാരങ്ങളെടുക്കണം. ഇതില്‍ 15 സെ.മീ അകലത്തില്‍ വള്ളിത്തലകള്‍ നടാം. വള്ളിത്തലകള്‍ ലഭിക്കാന്‍ കിഴങ്ങുകള്‍ പ്രത്യേക തവാരണയുണ്ടാക്കി മുന്‍കൂട്ടി നടണം. ഇതിന് ഒരു സെന്റ് സ്ഥലത്തേക്ക് 400 ഗ്രാം വിത്തുകിഴങ്ങ് ആവശ്യമാണ്. 

കിഴങ്ങുകള്‍ക്കുപുറമേ വിളവെടുത്ത ഉടനെയുള്ള വള്ളികള്‍ ഉപയോഗിച്ചും തവാരണയുണ്ടാക്കി തൈകള്‍ ഉത്പാദിപ്പിക്കാം. വള്ളികള്‍നട്ട് ഒന്നരമാസമാകുമ്പോള്‍ തലപ്പുകളെടുത്ത് കൃഷിയിടത്തിലേക്ക് മാറ്റിനടാം. കൂനകള്‍കൂട്ടി വള്ളിത്തലപ്പുകള്‍ നടാം. 

ഫോണ്‍: 9446088605.

Content Highlights: Planting season for Root and Tuber Crops