ഒരു കുഴിയില്‍ ഒരു വാഴ എന്നതാണ് കൃഷിരീതി. എന്നാല്‍, ഒരുകുഴിയില്‍ രണ്ടുവാഴവെച്ചാലോ? വിളവും ആദായവും ഇരട്ടിയാകും ചെലവും കുറയും. കൂട്ട വാഴക്കൃഷി അല്ലെങ്കില്‍ കുണ്ട വാഴക്കൃഷി എന്നിവ നമ്മള്‍ കേരളീയര്‍ പണ്ടുമുതലേ ചെയ്തുവരുന്നതാണ്. അതിലൂടെ ഞാലിപ്പൂവന്‍, റോബസ്റ്റ, പൂവന്‍, നേന്ത്ര, മൈസൂര്‍ എന്നിങ്ങനെ നമ്മുടെ നാട്ടില്‍ കൃഷിചെയ്തുവരുന്ന ഒട്ടേറെയിനങ്ങള്‍ ചെലവുകുറച്ച് കൃഷിചെയ്യാം. നനയും നല്ല സൂര്യപ്രകാശവും ലഭിച്ചാല്‍ വാഴക്കൃഷി പുഷ്ടിപ്പെടും. പുഷ്ടിയുള്ള വാഴകളില്‍ നല്ല കുലയും ആദായവും കൂടും. ഇരട്ടവാഴകൃഷി ഇരട്ടി ആദായം നല്‍കും. Plantain

കന്നുകള്‍ 

ഇരട്ടവാഴക്കൃഷിയില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടകാര്യം കന്നുകളുടെ തിരഞ്ഞെടുപ്പാണ്. ഒരേ വലിപ്പത്തിലും പ്രായത്തിലുമുള്ള പിള്ളക്കന്നുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഒരേസമയത്ത്, കുലയ്ക്കാനും വിളവെടുക്കാനുമുള്ള സൗകര്യവും നല്‍കേണ്ടുന്ന പോഷണത്തിന്റെ അളവ് കൃത്യപ്പെടുത്താനും ഇങ്ങനെയുള്ള കന്നുകള്‍ സഹായിക്കും.

കുഴിയെടുക്കല്‍

വാഴക്കന്നുകള്‍ നടുന്നതിന് കുറഞ്ഞത് പതിനഞ്ചുദിവസം മുമ്പെങ്കിലും കുഴിയെടുക്കണം. സാധാരണ വാഴക്കന്നുകള്‍ക്ക് 50 സെന്റിമീറ്റര്‍ നീളത്തിലും വീതിയിലുമാണ് കുഴിയെടുക്കുന്നതെങ്കില്‍ ഇരട്ടവാഴക്കൃഷിക്ക് ഒരു മീറ്റര്‍ സമചതുരത്തില്‍ കുഴിയെടുക്കണം. വരികളും നിരകളും തമ്മില്‍ രണ്ട് മീറ്റര്‍ അകലം നല്‍കണം. കന്നുകള്‍ നടുന്നതിന് രണ്ടുദിവസം മുമ്പ് തിളച്ച വെള്ളത്തില്‍ മുക്കിയെടുക്കുന്നത് നന്ന്. ടിഷ്യുകള്‍ച്ചര്‍ തൈകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരേ വലിപ്പത്തിലുള്ള കന്നുകള്‍ ഉപയോഗിക്കണം. തള്ളക്കുഴിയില്‍ രണ്ട് പിള്ളക്കുഴിയെടുത്താണ് രണ്ട് വാഴകളും നടേണ്ടത്. ജൈവവളവും മേല്‍മണ്ണും ഉപയോഗിച്ച് കുഴിനിറയ്ക്കണം. ഇങ്ങനെ ഒരു ഹെക്ടറില്‍ 1700-നടുത്ത് കുഴികളിലായി 3400 വാഴയോളം നടാം. ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് നടുന്നതെങ്കില്‍ നന്നായി ശ്രദ്ധിക്കണം. കവര്‍ ശ്രദ്ധയോടെ പൊട്ടിച്ച് വേരിന് ഇളക്കം തട്ടാതെ കുഴിക്ക് മുകളില്‍ അധികം ആഴത്തിലല്ലാതെ നടണം. ആദ്യത്തെ രണ്ടാഴ്ച തണല്‍ നല്‍കണം. നനയ്ക്കുകയും വേണം.

വളം നല്‍കല്‍

സാധാരണവാഴക്കന്നുകള്‍ക്ക് അടിവളമായി 10 കിലോ ജൈവവളവും ഒരു കിലോ കുമ്മായവും നല്‍കണം. ടിഷ്യൂകള്‍ച്ചര്‍ തൈകളാണെങ്കല്‍ 15-20 കിലോ ജൈവവളം നല്‍കണം. വേനല്‍കാലത്ത് മൂന്നുദിവസത്തിലൊരിക്കല്‍ നനയ്ക്കണം. വാഴച്ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. നേന്ത്രനാണെങ്കില്‍ നല്ല വിളവുലഭിക്കാന്‍ രണ്ടുദിവസത്തിലൊരിക്കല്‍ 50 ലിറ്റര്‍ വെള്ളം നല്‍കണം.

പച്ചില പുതയൊരുക്കണം

വേനല്‍ക്കാലത്ത് പച്ചിലയോ വൈക്കോലോ ഉണക്കപ്പുല്ലോ ഉപയോഗിച്ച് പുതയിടണം. വാഴ കുലയ്ക്കുന്നതുവരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത്. വാഴയുടെ കുല ചാടിക്കഴിഞ്ഞാല്‍ മുളയ്ക്കുന്ന കന്നുകളില്‍ രണ്ടോമൂന്നോ നിലനിര്‍ത്തി   വിത്തുകന്നുകളാക്കാം.Agriculture

ഇരട്ടവാഴകളുടെ മെച്ചങ്ങള്‍

ഒരു കുഴിയില്‍ രണ്ടുവാഴയെന്നതിനാല്‍ ഒരു കുഴിക്ക് കൂലിച്ചെലവ് കുറവ്. രണ്ടു കുലകളെന്ന മെച്ചം. ചുരുങ്ങിയ കാലം കൊണ്ട് വിളവെടുക്കാം. വളത്തിന്റെയും വെള്ളത്തിന്റെയും പരമാവധി ഉപയോഗം ഉറപ്പുവരുത്താം. കൃഷിസ്ഥലത്തിന്റെ വിസ്തൃതി പരമാവധി ഉപയോഗപ്പെടുത്താം. എന്നിയെല്ലാമാണ് ഇരട്ടവാഴയുടെ മെച്ചങ്ങള്‍. തുടങ്ങാം ഇരട്ടവാഴക്കൃഷി.