മാധവി തന്റെ ഫാമിലെ പന്നികൾക്ക് ഭക്ഷണമായി പുല്ലും പച്ചിലകളും നൽകുന്നു. ഫോട്ടോ: എൻ. രാമനാഥ് പൈ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നു പറയുന്നത് ശരിയാണെന്ന് മനസ്സിലാകണമെങ്കില്‍ മാധവി വളര്‍ത്തുന്ന പന്നികളെ കണ്ടാല്‍മതി. നഗരത്തിലെ ഹോട്ടലുകളില്‍നിന്നും ഓഡിറ്റോറിയങ്ങളില്‍നിന്നും പച്ചക്കറി-ഇറച്ചി-മീന്‍ മാര്‍ക്കറ്റുകളില്‍നിന്നും സമൃദ്ധമായി കിട്ടിയിരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് തൃപ്തരായിരുന്ന പന്നികള്‍ ഇന്ന് പുല്ലും ചക്കയും കിട്ടിയാലും കഴിക്കാന്‍ തയ്യാറാണ്!
കാഞ്ഞങ്ങാട് കൊടവലം കൊമ്മട്ടയിലെ കെ.ടി. മാധവിയുടെ 'വിസ്മയം' ഫാമില്‍ ചെറുതും വലുതുമായ 120 പന്നികളാണുള്ളത്. കാഞ്ഞങ്ങാട്ടെയും മാവുങ്കാലിലെയും ഇരുപതോളംവരുന്ന ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളായിരുന്നു പന്നികളുടെ പ്രധാന ഭക്ഷണം. ഹോട്ടലുകളും കല്യാണമണ്ഡപങ്ങളും അടഞ്ഞതോടെ ആ വഴിയടഞ്ഞു.
ഒരുദിവസം 20 ബാരലുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഒരു ബാരല്‍പോലും ലഭിക്കുന്നില്ല. ദിവസം 1300 രൂപയിലധികം ചെലവഴിച്ച് കഞ്ഞിവെച്ചും ചക്ക കൊത്തിയിട്ടുകൊടുത്തും പാറപ്പുല്ലുള്‍പ്പെടെയുള്ളവ പറിച്ചുകൊടുത്തുമാണ് മാധവി പന്നികളെ പോറ്റുന്നത്. പന്നികുഞ്ഞുങ്ങളെ വില്‍ക്കുന്നതാണ് പ്രധാന വരുമാനം.
ലോക്ഡൗണില്‍ അതും മുന്നോട്ട് കൊണ്ടുപോകാനായില്ല. ഭക്ഷണലഭ്യത കുറഞ്ഞത് പന്നികളുടെ വളര്‍ച്ചയെയും ബാധിച്ചു. സാധാരണ 60 ദിവസംകൊണ്ട് 15കിലോ തൂക്കംവരുന്നത് ഇപ്പോള്‍ 90ദിവസംകൊണ്ട് 10കിലോ പോലും ആവുന്നില്ല. ലോക്ഡൗണ്‍ സമയത്ത് പിറന്ന 60 കുഞ്ഞുങ്ങള്‍ ചത്തു. ദിവസവും ആയിരക്കണക്കിന് രൂപ ഭക്ഷണത്തിനായി ചെലവാക്കുന്നത് വലിയ ബാധ്യത വരുത്തിവെക്കുമോ എന്ന ആശങ്കയും മാധവിക്കുണ്ട്.
Content Highlights: Agriculture, Animal Husbandry, Pigs on Madhavi's farm eat grass
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..