മാവിന്റെ തളിരിലകള്‍ വ്യാപകമായി നശിക്കുന്നതിന് കാരണമാകുന്ന ഇലവെട്ടി വണ്ടിന്റെ ആക്രമണം രൂക്ഷമാവുകയാണ്. മഴയും വെയിലും ഇടവിട്ടുവരുന്ന കാലാവസ്ഥയില്‍ മാവില്‍ ധാരാളം തളിരിലകള്‍ ഉണ്ടാവാറുണ്ട്. ഈയവസരത്തില്‍ ഈ വണ്ടുകളുടെ ആക്രമണം കൂടുക പതിവാണ്. ഇത് മാവിന്റെ വളര്‍ച്ച മുരടിക്കുന്നതിനും ഉത്പാദനം കുറയുന്നതിനും ഇടയാകുന്നു.

ഇലവെട്ടി വണ്ടുകള്‍ എന്ന ചെറു ഷഡ്പദങ്ങള്‍ വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ അപൂര്‍വമായേ പുറത്തിറങ്ങാറുള്ളൂ. എന്നാല്‍, പ്രഭാതങ്ങളില്‍ തളിരിലകളില്‍ അനേകം വണ്ടുകളെ കാണാന്‍ കഴിയും. മാവിന്‍ചുവട്ടില്‍ ധാരാളം തളിരിലകള്‍ മുറിച്ചിട്ടിരിക്കുന്നതു കാണുന്നതാണ് ആക്രമണലക്ഷണം. ഇലകളില്‍ ദ്വാരങ്ങളുണ്ടാക്കുകയും ഉപരിതലം ഭക്ഷിക്കുകയും ചെയ്യുന്നതുകൂടാതെ, ആക്രമണഫലമായി ഇലകള്‍ ചുരുണ്ടുപോവുകയും ഇലകളില്‍ പൊള്ളിയപോലുള്ള അടയാളങ്ങള്‍ കാണുന്നതും സാധാരണമാണ്.

പെണ്‍ വണ്ടുകളാണ് കൂടുതല്‍ ആക്രമണകാരി. തളിരിലകളില്‍ ദ്വാരങ്ങളുണ്ടാക്കി അതില്‍ മുട്ടയിടുകയും ഇലഞെട്ടിന്റെ സമീപത്തുവെച്ച് കത്രികകൊണ്ട് മുറിച്ചതുപോലെ വെട്ടിയിടുകയുംചെയ്യുന്നു. താഴെ വീഴുന്ന ഇലകളിലുള്ള മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ അതേ ഇലകള്‍ ഭക്ഷിക്കുകയും തുടര്‍ന്ന് മണ്ണില്‍ അറകളുണ്ടാക്കി സമാധിയാവുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗങ്ങള്‍

ഏതുതരത്തിലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴും ആദ്യം ചെയ്യേണ്ടത് മാവിനടിയില്‍ വീണുകിടക്കുന്ന ഇലകള്‍ എടുത്തുമാറ്റി നശിപ്പിക്കുക എന്നതാണ്. വെട്ടിയിടുന്ന ഇലകളില്‍ ലാര്‍വകളും സമാധിദശയിലുള്ള വണ്ടുകളും ഉള്ളതിനാല്‍ ഇക്കാര്യം പ്രത്യേകം പരിഗണിക്കേണ്ടതാണ്. 

മാവിന്റെ കടഭാഗത്തുള്ള മണ്ണ് കിളച്ച് വെയിലുകൊള്ളിക്കുന്നത് സമാധിദശയിലുള്ള വണ്ടുകളെ നശിപ്പിക്കുന്നതിന് ഉപകരിക്കും. നല്ലയിനം വേപ്പിന്‍ പിണ്ണാക്ക് കടഭാഗത്ത് മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നത് കീടവ്യാപനം തടയാന്‍ സഹായിക്കും. ബിവേറിയ എന്ന ജീവാണു കീടനാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചുകൊടുക്കുന്നതും മണ്ണില്‍ കുതിര്‍ക്കുന്നതും കീടനിയന്ത്രണം സാധ്യമാക്കുന്നു. 

വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം (ഒരു ലിറ്റര്‍ ചെറുചൂടുവെള്ളത്തില്‍ അഞ്ചുഗ്രാം സാധാരണ ബാര്‍ സോപ്പ് ലയിപ്പിച്ച് അതിലേക്ക് 20 മില്ലി വേപ്പെണ്ണ ചേര്‍ക്കുക. നന്നായി ഇളക്കിയതിനുശേഷം തൊലികളഞ്ഞ 20 ഗ്രാം വെളുത്തുള്ളി അരച്ചെടുത്ത ചാറ് ഇതിലേക്കുചേര്‍ത്ത് നന്നായി ഇളക്കിയാല്‍ ലഭിക്കുന്നതാണ് വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം), വേപ്പധിഷ്ഠിത കീടനാശിനികളായ നിംബിസിഡിന്‍, നീമസാള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തളിച്ചുകൊടുക്കുന്നതും നല്ലതാണ്.

ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ അടുത്തുള്ള കൃഷിഭവനിലെ കൃഷി ഓഫീസറുടെ നിര്‍ദേശാനുസരണം മറ്റു നിയന്ത്രണമാര്‍ഗങ്ങളും സ്വീകരിക്കാം.

വിവരങ്ങള്‍ക്ക്: 9846058539.

(അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി, മലപ്പുറം പ്രോജക്ട് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: pest control in mango trees