കൊച്ചി: കുരുമുളകിന് കുറഞ്ഞ ഇറക്കുമതി വില (എം.ഐ.പി.) നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത് നവംബര്‍ 21-ന്. രണ്ടാഴ്ചയ്ക്കകം തീരുമാനമായി. എന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ എത്രയോ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഇതേ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.

ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് എത്തുന്നുവെന്നും ഇത് ഉന്നത നിലവാരമുള്ള നമ്മുടെ കുരുമുളകുമായി കൂട്ടിച്ചേര്‍ത്ത് കയറ്റുമതി ചെയ്യുന്നുവെന്നുമാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. 

അവരുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് കുരുമുളകിന്റെ കുറഞ്ഞ ഇറക്കുമതി വില കിലോയ്ക്ക് അഞ്ഞൂറു രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ചത്. കേരളത്തിലുള്‍പ്പെടെയുള്ള കുരുമുളക് കര്‍ഷകര്‍ക്ക് ഇതു ഗുണകരമാണ്. 

എന്നാല്‍, റബ്ബര്‍ കര്‍ഷകര്‍ ഇതേ ആവശ്യമുന്നയിച്ചപ്പോഴൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിേട്ടയില്ല.

ഏലം, അടയ്ക്ക, ഉരുക്ക്

വിലയിടിവിനെ തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ഏലത്തിനും കുറഞ്ഞ ഇറക്കുമതി വില (കിലോയ്ക്ക് അഞ്ഞൂറു രൂപയും 70 ശതമാനം ഇറക്കുമതിത്തീരുവയും) സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) യുടെ ഗുണനിലവാര പരിശോധനയും നിര്‍ബന്ധമാണ്.

ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതിനാല്‍ ഇവിടെ അടക്കയ്ക്ക് വിലയിടിഞ്ഞപ്പോള്‍ 110 രൂപ കുറഞ്ഞ്‌ ഇറക്കുമതി വിലയായി നിശ്ചയിച്ചിരുന്നു. പിന്നീടത് 162 രൂപയാക്കി. ഈ വര്‍ഷം ജനുവരിയില്‍ പിന്നെയും 89 രൂപ കൂട്ടി 251 രൂപയാക്കുകയും ചെയ്തു. കര്‍ണാടകയാണ് പ്രമുഖ അടയ്ക്ക ഉത്പാദകര്‍. കേരളം, അസം എന്നിവയാണ് പിന്നിലുള്ളത്.

ഉരുക്ക് വ്യവസായികളുടെ താത്പര്യം മുന്‍നിര്‍ത്തി 173 ഇനം ഉരുക്കിന് കുറഞ്ഞ ഇറക്കുമതി വില കേന്ദ്രം നിശ്ചയിച്ചിരുന്നു. ഇതില്‍ കൂടുതല്‍ പിന്നീട് പിന്‍വലിച്ചെങ്കിലും 19 ഇനങ്ങള്‍ക്ക് ഇപ്പോഴും ഇതു ബാധകമാണ്. ഉരുക്കിന് ആന്റി ഡമ്പിങ് ഡ്യൂട്ടി കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇതും റബ്ബര്‍ കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമാണ്.

എന്തുകൊണ്ട് റബ്ബറിനെ ഒഴിവാക്കുന്നു

റബ്ബറിനെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും കാര്‍ഷികോത്പന്നമായി കണക്കാക്കിയിട്ടില്ല. വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ മറികടന്ന് ഉരുക്കിന് സര്‍ക്കാര്‍ കുറഞ്ഞ ഇറക്കുമതി വില നിശ്ചയിച്ചു നല്‍കി. ഇതിനെല്ലാം രാഷ്ട്രീയ കാരണങ്ങളുമുണ്ട്. അടക്കയ്ക്കും കുരുമുളകിനുമെല്ലാം ശക്തമായ സമ്മര്‍ദമുണ്ടായത് കര്‍ണാടകയിലെ ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളില്‍നിന്നാണ്.

അന്താരാഷ്ട്ര കരാറുകളുള്ളതിനാല്‍ ഇറക്കുമതി നിരോധനം സാധിക്കില്ല. എന്നാല്‍ കുറഞ്ഞ ഇറക്കുമതി വില നിശ്ചയിക്കാനും ഗുണനിലവാര പരിശോധന ഉറപ്പാക്കാനും തടസ്സമില്ല. റബ്ബറിന് മിനിമം വില നിശ്ചയിച്ചാല്‍ അത് വന്‍കിട വ്യവസായികള്‍ക്ക് തിരിച്ചടിയാകും.