പട്ടാമ്പി: വെറുമൊരു നഴ്‌സറിയല്ല... കൃഷിയോട് താത്പര്യമുള്ളവര്‍ക്ക് കലവറയാണ് പട്ടാമ്പിയിലെ കൃഷിവകുപ്പിനുകീഴിലുള്ള സെന്‍ട്രല്‍ ഓര്‍ച്ചാഡിന്റെ 26 ഏക്കര്‍ വളപ്പ്. പച്ചക്കറി, ഫലവൃക്ഷങ്ങള്‍ മുതല്‍ ഏഴ് നിറങ്ങളിലുള്ള ചെമ്പരത്തിയുടെ തൈകള്‍വരെ ഇവിടെ സുലഭം. ആറുമാസംകൊണ്ട് കായ്ക്കുന്ന മുരിങ്ങ, കുലകുലയായി കായ്ക്കുന്ന ചന്ദ്രകാരന്‍ മാമ്പഴം, നാടന്‍ ഇരുമ്പന്‍പുളി, വാണിജ്യസാധ്യതയുള്ള കുടംപുളി, കാപ്‌സിക്കം, മാതളം, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങി വൈവിധ്യങ്ങളായ ഇനങ്ങള്‍ കൃഷിചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ആശ്രയമാണിവിടം. ചെടികളുടെ   പരിപാലനത്തിനായി അഞ്ച് പോളിഹൗസുകളടക്കമുള്ള സൗകര്യം ഇവിടെയുണ്ട്. 

 അയല്‍ജില്ലകളില്‍നിന്നടക്കം ഇവിടേക്ക്  ദിവസേനയെത്തുന്നവരുടെ എണ്ണം നോക്കിയാല്‍മതി ഈ നഴ്‌സറിയുടെ സ്വീകാര്യത മനസ്സിലാക്കാന്‍. ചെടിച്ചട്ടികള്‍, ഗ്രോബാഗ് എന്നിവയും ഇവിടെ കിട്ടും. നല്ലയിനം മണ്ണ്, കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവയടങ്ങിയ ഗ്രോബാഗാണ് ലഭിക്കുക. പട്ടാമ്പി-പാലക്കാട് റൂട്ടില്‍ കോളേജ് സ്റ്റോപ്പിന് മുന്നേയാണ് ഓര്‍ച്ചാഡ് സ്ഥിതിചെയ്യുന്നത്. 

Content highlights: Agriculture, Organic farming, Pattambi orchad