കേരളത്തിന്റെ തനതായ കാര്‍ഷിക വിളകളായ കപ്പയും ചക്കയും എങ്ങനെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ രുചികരമായ വിഭവങ്ങളാക്കി മാറ്റാമെന്ന ചിന്തയില്‍ നിന്നാണ് 'ന്യൂട്രിറൂട്ട്' എന്ന ബ്രാന്‍ഡിന്റെ ജനനം. മൈദയും ഗോതമ്പുമടങ്ങിയ ജങ്ക് ഫുഡ് കഴിച്ച് ആരോഗ്യം നശിപ്പിക്കരുതെന്ന മുന്നറിയിപ്പ് കൂടിയാണ് ബ്രഹ്മ ഇന്‍ഡിക് ന്യൂട്രിമെന്റ്സ് എന്ന കമ്പനി നല്‍കുന്നത്. നമ്മുടെ തനതായ നാണ്യവിളകളുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാണ് ഇവര്‍ നിര്‍മിക്കുന്നത്.
കേരള കാര്‍ഷിക സര്‍വകലാശാലയിലെയും കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച ഫോര്‍മുല ഉപയോഗിച്ചുകൊണ്ടാണ് ഇവര്‍ ന്യൂട്രിറൂട്ട് എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ന്യൂഡില്‍സ്, പാസ്ത, സ്നാക്ക് ഫുഡുകള്‍ എന്നിവ നിര്‍മിക്കുന്ന ഫാക്ടറിയാണ് തൃശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്തില്‍ ആരംഭിച്ചിരിക്കുന്നത്.
'കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകരുടെ കൈയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന വിളകളാണ് ഞങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. 14 പ്രധാനപ്പെട്ട പോഷകഘടകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. നമ്മുടെ സ്വന്തം മണ്ണില്‍ വിളയിക്കുന്നതും പോഷകസമ്പന്നമായതുമായ ചെറുധാന്യങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ' കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായ രമേശ് മേനോന് വ്യക്തമാക്കുന്നു.
ചെറുചണ, ചക്കപ്പൊടി,കപ്പപ്പൊടി,കൂവപ്പൊടി,അരിപ്പൊടി,ഫ്ളാക്സ് സീഡ്, ഇസാബ്ഗുള് എന്നിവ ഉപയോഗിച്ച് ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പാസ്തയും ന്യൂഡില്‍സുമെല്ലാം നിര്‍മിക്കുന്നത്. ന്യൂഡില്‍സിന് 95 രൂപയാണ് വില. സാധാരണ മൈദ കൊണ്ടുണ്ടാക്കിയ പാസ്ത ന്യൂഡില്‍സിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ന്യൂട്രീറൂട്ട് പാസ്ത പാചകം ചെയ്യാമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
'മൈദ ഉപയോഗിക്കാതെ പാസ്ത ഉണ്ടാക്കുകയെന്നത് എളുപ്പമല്ല. ഒന്നര വര്‍ഷമായി ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തുന്നു. ഇംഗ്ളണ്ടിലെ ലാബിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ലോകത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ഉത്പന്നം വിപണിയിലെത്തിക്കാന്‍ പോകുന്നത്.' കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഡോ.ഷാജു ദാമോദരന്‍ പറയുന്നു.
നല്ലൊരു ആരോഗ്യദായകമായ ഉത്പന്നമാണ് കുട്ടികള്‍ക്കായി ഇവര്‍ പുറത്തിറക്കുന്നത്. ഇനി മുതല്‍ മൈദ കൊണ്ടുള്ള പാസ്തയും ന്യൂഡില്‍സും കഴിക്കുന്നത് ഒഴിവാക്കാം.
Contact number: 94477 26985
Content highlights: Jackfruit, Agriculture, Organic farming,Maida
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..