വരയാലിലെ പാഷൻ ഫ്രൂട്ട് കൃഷിയിടത്തിൽ കെ.കെ. ബാലനും പി.ആർ. സുരേഷും
വന്യമൃഗ ശല്യത്തിനിടയിലും വരയാലില്‍ പാഷന്‍ ഫ്രൂട്ടിന് നൂറുമേനി. പാറമൊട്ടമ്മല്‍ പി.ആര്‍. സുരേഷ്, കുറ്റിമൂല കെ.കെ. ബാലന്‍ എന്നീ കര്‍ഷകരാണ് വന്യമൃഗശല്യത്തെ പ്രതിരോധിച്ച് വരയാലില്‍ പാഷന്‍ ഫ്രൂട്ട് നൂറുമേനി വിളയിച്ചത്. വരയാലിലെ ഇവരുടെ വീടിനടുത്തുതന്നെ പാട്ടത്തിനെടുത്ത രണ്ടേക്കര്‍ വയലിലാണ് ഇവര്‍ പാഷന്‍ ഫ്രൂട്ട് കൃഷിചെയ്തത്.
വനത്തോട് ചേര്‍ന്നുള്ള കൃഷിയിടമായതിനാല്‍ ഈ പ്രദേശത്ത് വന്യമൃഗശല്യം അതിരൂക്ഷമാണ്. ഇതു കാരണം ഒരുകൃഷിയും ചെയ്യാന്‍ കഴിയാതെ തരിശായിട്ട മണ്ണിലാണ് ഇവര്‍ പാഷന്‍ ഫ്രൂട്ട് വിളയിച്ചത്. കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിവയാണ് ഈ പ്രദേശത്ത് കര്‍ഷകരെ വലയ്ക്കുന്നത്. 450 ചുവട് പാഷന്‍ ഫ്രൂട്ട് തൈകളാണ് ഇവര്‍ നട്ടത്.
തൈകള്‍ വളര്‍ന്ന് ഒരു മീറ്ററിലേറെ ഉയര്‍ന്നപ്പോള്‍ കാട്ടുപോത്തുകള്‍ കൂട്ടമായെത്തി 130 ചുവട് തിന്നും ചവിട്ടിയും പൂര്‍ണമായും നശിപ്പിച്ചു. അതിനാല്‍ തൈകള്‍ വീണ്ടും നടേണ്ടിവന്നു. ഇവരുടെ കൃഷിയിടത്തോട് ചേര്‍ന്നുള്ള വനത്തിലും കാപ്പിത്തോട്ടത്തിലുമായാണ് കാട്ടുപോത്തുകള്‍ വിഹരിക്കുന്നത്. രാത്രിയാണ് കാട്ടുപോത്തുകള്‍ കൂടുതലായും ഇവിടെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. പകലും ഇവയുടെ ശല്യത്തിന് കുറവില്ല.
ചെറിയ കമ്പികൊണ്ട് കൃഷിയിടത്തിന് ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. കുരങ്ങുകളുടെ ശല്യമാണ് ഇവരെ ഏറെ ദുരിതത്തിലാക്കുന്നത്. തൈകളില്‍ പാഷന്‍ ഫ്രൂട്ട് കായകള്‍ ഉണ്ടായതിനുശേഷമാണ് കൃഷിയിടത്തില്‍ ഇവയുടെ ശല്യംകൂടിയത്. കൃഷിയിടത്തിലെത്തി കായകള്‍ മുഴുവന്‍ പറിച്ചുകളയുകയാണ് കുരങ്ങുകള്‍ ചെയ്യുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ കൃഷിയിടത്തില്‍ കാവലിരുന്നാണ് വന്യമൃഗശല്യത്തെ ഈ കര്‍ഷകര്‍ പ്രതിരോധിച്ചത്. പടക്കംപൊട്ടിച്ച് ഭയപ്പെടുത്തി ഓടിക്കുകയാണ് ചെയ്യുന്നത്.
തികച്ചും ജൈവവളം മാത്രം ഉപയോഗിച്ചാണ് ഇവര്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് പാകി മുളപ്പിച്ചതൈകള്‍ നട്ടത്. കമുകും കയറുംകൊണ്ട് വലിയ പന്തല്‍നിര്‍മിച്ച് അതിലാണ് ഇവയെ പടര്‍ത്തിയത്. ഇപ്പോള്‍ നിലവില്‍ പന്തലില്‍ കായകള്‍ നിറഞ്ഞു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാനാകും. പര്‍പ്പിള്‍നിറത്തിലുള്ള ഇനമാണ് ഇത്. ഈ ഇനത്തിനാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്.
വിത്ത്, ജൈവവളം, പണിക്കൂലി, താങ്ങുകാലുകള്‍, കയര്‍, പാട്ടത്തുക തുടങ്ങി എല്ലാത്തിനുംകൂടി രണ്ട് ലക്ഷത്തിലധികം രൂപ ഇതിനകം കൃഷിയ്ക്ക് ചെലവ് വന്നതായി ഇവര്‍ പറഞ്ഞു. ആദ്യമായാണ് ഇവര്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. തുടര്‍ച്ചയായി ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും പാഷന്‍ ഫ്രൂട്ട് വിളവെടുക്കാന്‍ കഴിയുമെന്ന പ്രത്യേകതകൊണ്ടാണ് ഈ കൃഷിയിലേക്ക് ഇവരെ ആകര്‍ഷിച്ചത്. വിളവെടുത്ത പാഷന്‍ഫ്രൂട്ട് എങ്ങനെ വിപണിയിലെത്തിക്കുമെന്നത് മാത്രമാണ് ഇവരുടെ ആശങ്ക.
രൂക്ഷമായ വന്യമൃഗശല്യം കാരണം ഈ പ്രദേശത്ത് മറ്റ് കര്‍ഷകര്‍ കൃഷിചെയ്യാന്‍ മടിച്ചപ്പോള്‍ സ്വയം പ്രതിരോധംതീര്‍ത്ത് കൃഷിയില്‍ ഇവര്‍ നൂറ് മേനി വിളയിച്ചിരിക്കുകയാണ്. പാഷന്‍ ഫ്രൂട്ട് കായകള്‍ പഴുത്തുതുടങ്ങിയതോടെ വലിയപ്രതീക്ഷയിലാണ് ഈ കര്‍ഷകര്‍.
Content Highlights: Passion fruit cultivation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..