മിഴ്നാട് ഈറോഡ് സ്വദേശിയായ ഡോ. കെ. നടരാജന്‍ പഞ്ചഗവ്യത്തിന്റെ ഫലക്ഷമതയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. നിരീക്ഷണങ്ങള്‍ 'പഞ്ചഗവ്യ എ മാനുവല്‍' എന്ന പേരില്‍ ജൈവകൃഷി പ്രചാരകനായ ക്ലാഡ് അല്‍വാരിസ് പ്രസിദ്ധീകരിച്ചു.

തയ്യാറാക്കാം

പാരമ്പര്യരീതിയില്‍നിന്ന് അല്പം പരിഷ്‌കരിച്ച പഞ്ചഗവ്യമാണ് ഡോക്ടര്‍ ഉണ്ടാക്കുന്നത്. അഞ്ച് കിലോഗ്രാം പച്ചച്ചാണകം, മൂന്ന് ലിറ്റര്‍ ഗോമൂത്രം, രണ്ട് ലിറ്റര്‍ വീതം പശുവിന്‍ പാലും തൈരും, 1/2 കിലോഗ്രാം പശുവിന്‍ നെയ്യ്, മൂന്ന് ലിറ്റര്‍ വീതം കരിമ്പിന്‍ നീര്, ഇളനീര്, ഒരു ഡസന്‍ പഴുത്ത വാഴപ്പഴം, മൂന്ന് ലിറ്റര്‍ കള്ള് (പകരം മുന്തിരിച്ചാറ്് ഉപയോഗിക്കാം) എന്നിവയാണ് വേണ്ട വസ്തുക്കള്‍. 

വലിയ വാവട്ടമുള്ള മണ്‍ചട്ടി, കോണ്‍ക്രീറ്റ് ടാങ്ക്, പ്ലാസ്റ്റിക് കാന്‍ എന്നിവയില്‍ പഞ്ചഗവ്യമുണ്ടാക്കാം. ലോഹ കണ്ടെയ്നറുകള്‍ ഒഴിവാക്കുക. ചാണകം നെയ്യുചേര്‍ത്ത് നന്നായി കുഴച്ച് മൂന്നുദിവസം വെക്കുക. ഇതില്‍ ഗോമൂത്രം, പാല്, തൈര് എന്നിവ വീഴ്ത്തി നന്നായി ഇളക്കണം. തുടര്‍ന്ന് നന്നായി ഞവുടിയ വാഴപ്പഴം ചേര്‍ത്ത് മിശ്രിതമാക്കുക.

കരിമ്പിന്‍ ജ്യൂസ് ഒഴിച്ച് ഇളക്കി കണ്ടെയ്നറിന്റെ വാവട്ടം ടൈറ്റായി അടയ്ക്കുക. 15 ദിവസംവരെ ദിവസവും രണ്ടുതവണ വാവട്ടം തുറന്ന് ഉള്ളിലെ മിശ്രിതം ഇളക്കണം. പതിനെട്ടാംദിവസം പഞ്ചഗവ്യം തയ്യാറാകും. ഇത് ആറുമാസംവരെ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാം. അരിച്ച് ഇലകളില്‍ സ്പ്രേയായോ, നനയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്തോ വിളകള്‍ക്ക് നല്‍കാം. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയും ചെന്നൈയിലെ എസ്.ജി.എസ്. ലാബും പഞ്ചഗവ്യത്തിലെ ഘടകങ്ങളെ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ട്.

കണ്ടെത്തലുകള്‍

മുഖ്യമൂലകങ്ങളായ എന്‍.പി.കെ.ക്കു പുറമേ സോഡിയം, കാത്സ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ബോറോണ്‍, മാംഗനീസ്, ഇരുമ്പ്, കോപ്പര്‍, സള്‍ഫര്‍, ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ ഉള്ളതായി കണ്ടെത്തി. ഗുണകാരികളായ സൂക്ഷ്മജീവികളില്‍ അസോസ്പൈറില്ലം, അസറ്റോബാക്റ്റര്‍, ഫോസ്ഫോബാക്ടീരിയ, സ്യൂഡോമോണസ് എന്നിവയാണ് പഞ്ചഗവ്യത്തില്‍ പ്രധാനമായുള്ളത്.

പ്രയോഗം

വിളകള്‍ക്ക് ഗുണകരമായി വരുന്ന പഞ്ചഗവ്യ പ്രയോഗം: പൂവിടുന്നതിനു മുമ്പ് രണ്ടാഴ്ച ഇടവിട്ട് രണ്ടുതവണ, പൂവിടുന്ന അവസ്ഥയില്‍ പത്തു ദിവസത്തിലൊരിക്കല്‍ രണ്ടുതവണ, ഫലം ഉണ്ടാകുന്ന സമയത്ത് ഒരുതവണ. പൊതുവായി 100 ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ലിറ്റര്‍ പഞ്ചഗവ്യം ചേര്‍ത്തു തളിക്കുന്നതാണ് ഉചിതം. വിത്തും തൈകളുടെ വേരും നടുംമുമ്പ് മൂന്ന് ശതമാനം പഞ്ചഗവ്യ മിശ്രിതത്തില്‍ 20 മിനിറ്റ് മുക്കിവെച്ചാല്‍ മതിയാകും. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ വിത്തും മരച്ചീനി, കരിമ്പ് എന്നിവയുടെ കമ്പുകളും ഇതേ മിശ്രിതത്തില്‍ 30 മിനിറ്റ് മുക്കിവെച്ചശേഷം നടുക.

ഗുണങ്ങള്‍

പഞ്ചഗവ്യപ്രയോഗം വിളകളിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ ഇവയാണ്; ഇലകളുടെ വലുപ്പവും പച്ചപ്പും കൂടും വേരുപടലം നന്നായി വളരും പൂവിടല്‍ കൂടും നല്ല വിളവുണ്ടാകും. കായ്കനികളുടെ മുഴുപ്പും മിനുസവും രൂചിയും ഫ്‌ളേവറും സൂക്ഷിപ്പുകാലവും വര്‍ധിക്കും വേനലിനെ ചെറുക്കാനുള്ള ശേഷി അധികരിക്കും. 

ഫോണ്‍: 9446175751