പീച്ചിയില്‍ പനകളുടെ ഏറ്റവും വലിയ പാര്‍ക്ക്; ഉപ്പുവെള്ളത്തില്‍ വളരുന്ന പനയുണ്ടിവിടെ...


എം.ബി.ബാബു

പനയെ അറിയണോ... പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലേക്ക് വരൂ... ഉപ്പുവെള്ളത്തില്‍ വളരുന്ന പനയുണ്ടിവിടെ... ഇന്ത്യയില്‍ പനകളുടെ ഏറ്റവും വലിയ പാര്‍ക്കാണിത്

-

മൂങ്ങയെന്താ കിളിയല്ലേ എന്ന് ചോദിക്കും പോലെയാണിത് - തെങ്ങെന്താ പനയല്ലേ എന്നത്. കേള്‍ക്കുമ്പോള്‍ കേരനാട്ടുകാര്‍ക്ക് അല്പം ചൊടിക്കുമെങ്കിലും സംഗതി സീരിയസ് കാര്യം തന്നെയാണ്. തെങ്ങും പനയിനം തന്നെയാണ്. തെങ്ങ് മാത്രമല്ല കവുങ്ങും പനവര്‍ഗമാണ്. അങ്ങനെ നോക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പനയുള്ളത് കേരളത്തിലായിരിക്കും. തെങ്ങും കവുങ്ങും കണക്കിലെടുക്കണമെന്ന് മാത്രം.

തെങ്ങിനെ തെങ്ങായും പനയെ പനയായും കണക്കാക്കിയാല്‍ക്കൂടി പനകളുടെ കാര്യത്തില്‍ അഭിമാനിക്കാവുന്ന ഒന്നുണ്ട് കേരളത്തില്‍. രാജ്യത്തിന് അകത്തും പുറത്തുമുള്ള 52 ജനുസില്‍പ്പെട്ട 145 ഇനം പനകളുടെ പാര്‍ക്ക്. തൃശ്ശൂര്‍ പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലാണ് പനവൈവിധ്യങ്ങളുടെ പാര്‍ക്ക്. ഇന്ത്യയില്‍ പനകളുടെ ഏറ്റവും വലിയ പാര്‍ക്കാണിത്.

ഇവിടത്തെ പന വൈവിധ്യം അറിയുന്നതിന് മുന്നേ തന്നെ രാജ്യത്തും ലോകത്തുമുള്ള പനകളുടെ വൈവിധ്യങ്ങളെത്രയെന്നറിയണം. എങ്കിലേ തൃശ്ശൂരിലെ പനവൈവിധ്യ പാര്‍ക്കിന്റെ പ്രാധാന്യം മനസ്സിലാകൂ.

രാജ്യത്തെ പന വിപ്ലവം

നിത്യഹരിത വനങ്ങളുടെ ഭാഗമായി മാത്രം കണ്ടുവരുന്ന പനകള്‍ രാജ്യത്ത് എല്ലായിടത്തുമില്ല. പശ്ചിമഘട്ടം, വടക്ക് കിഴക്കന്‍ മലനിരകള്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പനകളുടെ വ്യാപക വകഭേദങ്ങളുള്ളത്. ഒരു മേഖലയില്‍ കാണുന്ന പന ഇനങ്ങള്‍ മറ്റ് മേഖലകളില്‍ കാണില്ല. ഇത്രയധികം വൈവിധ്യങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ മൊത്തം 22 ജനുസുകളില്‍പ്പെട്ട 105 ഇനം പനകള്‍ മാത്രമാണുള്ളത്. എന്നാല്‍ പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തില്‍ വളരുന്നതാകട്ടെ 52 ജനുസില്‍പ്പെട്ട 145 ഇനം പനകള്‍. ഇതില്‍ വിദേശികളുമുണ്ട്.

palm tree
വിവിധയിടങ്ങളില്‍ നടുന്നതിന് പനകള്‍ തയ്യാറാക്കിവെച്ചിരിക്കുന്നു.

ലോകത്തെ പനക്കണക്ക്

ലോകത്ത് മൊത്തമുള്ള പന വകഭേദങ്ങള്‍ വച്ചു നോക്കുമ്പോള്‍ വനഗവേഷണ കേന്ദ്രം എത്രയോ മുന്നിലാണ്. ലോക രാജ്യങ്ങളിലെല്ലാം കൂടി 200 ജനുസില്‍പ്പെട്ട 2600 പനകളാണുള്ളത്. ഇതില്‍ നാലിലൊന്ന് ജനുസില്‍പ്പെട്ടവയെ പ്രതികൂല കാലാവസ്ഥയിലും വളര്‍ത്തിയെടുക്കാന്‍ സാധിച്ചുവെന്നതാണ് വനഗവേഷണ കേന്ദ്രത്തിന്റെ നേട്ടം. ഇവിടെയുള്ള പനകളില്‍ 80 എണ്ണം മാത്രമാണ് രാജ്യത്തിനകത്തു നിന്നുമുള്ളത്. ബാക്കി 65 ഇനവും വിദേശികളാണ്. അവയെ അതികഠിന പ്രയത്‌നത്തിലൂടെയാണ് തൃശ്ശൂരിലെ കാലാവസ്ഥയില്‍ വളര്‍ത്തിയെടുക്കുന്നത്.

വംശനാശം

ഒരു പന വളര്‍ത്താന്‍ 15 സെന്റ് ഭൂമി ആവശ്യമുള്ള ഇനം ഉണ്ടായിരുന്നു കേരളത്തില്‍. വലിയ തണ്ടും അതിഭീമാകാരമായ ഇലയുമുള്ള കുടപ്പനയാണിത്. വീടുകള്‍ മേയാനും തടി മുറിച്ച് ഇടിച്ച് പൊടിയെടുത്ത് ഭക്ഷണമാക്കാനും ഉപയോഗിച്ചിരുന്ന കുടപ്പനകള്‍ ഇന്ന് അപ്രത്യക്ഷമായി വരികയാണ്. സ്ഥല പരിമിതിയാണ് പ്രധാന കാരണം. പണ്ടു കാലത്ത് നാരായം ഉപയോഗിച്ച് എഴുതിയിരുന്ന ഓലയും കുടപ്പനയുടേതാണ്. എന്നാല്‍ കുടപ്പനയെ വംശനാശത്തിലേക്ക് ഇട്ടു കൊടുക്കില്ല ഈ കേന്ദ്രം. ഇവിടെ കുടപ്പനയുടെ ആയിരക്കണക്കിന് തൈകളാണ് നട്ട് വളര്‍ത്തുന്നത്. ഇത് കാടുകളില്‍ നടുന്നതിനും പ്രകൃതി സൗന്ദര്യവത്കരണത്തിനായും ഉപയോഗപ്പെടുത്തും.

അത്യപൂര്‍വ്വം

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ വംശനാശപ്പട്ടികയിലുള്ള 48 ഇനം പനകളും ഇവിടെ സംരക്ഷിച്ച് വളര്‍ത്തുന്നുണ്ട്. ഇവയില്‍ എട്ടെണ്ണം അതിഗുരുതര വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. ഒന്‍പതെണ്ണം ഗുരുതര വംശനാശം നേരിടുന്നവയും എട്ടെണ്ണം വംശനാശത്തിേലക്ക് നീങ്ങുന്നവയുമാണ്.

palm tree

ഇതാണ് പനോദ്യാനം

പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലെ പനോദ്യാനം 2000-ലാണ് ആരംഭിച്ചത്. പഠന ഗവേഷണങ്ങള്‍ക്കായി വിദേശങ്ങളിലേക്ക് പോകുന്നവര്‍ ഓരോ ഇനവും വനഗവേഷണ കേന്ദ്രത്തിലേക്ക് എത്തിക്കുന്ന ശീലത്തില്‍ നിന്നാണ് ഇത്രയധികം വിദേശ ഇനങ്ങള്‍ പനോദ്യാനത്തിലേക്കും എത്തിയത്. കടല്‍ത്തീരത്ത് ഉപ്പുവെള്ളത്തില്‍ മാത്രം വളരുന്ന പന, ഇവിടെ തഴച്ചുവളരുന്നത് അദ്ഭുതക്കാഴ്ചയാണ്. ഇതിനായി ഉദ്യാനത്തില്‍ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന ഭൂപ്രകൃതി ഒരുക്കിയിട്ടുണ്ട്.

അല്പം പനയറിവ്

ഏറ്റവുമധികം സമ്പത്ത് തരുന്ന വിളകളില്‍ മൂന്നാം സ്ഥാനത്താണ് പനകള്‍. ഒന്നാം സ്ഥാനത്ത് പയര്‍ വര്‍ഗങ്ങളും രണ്ടാമത് നെല്ലുമാണ്. കേരളത്തിലാണ് കള്ള് ലഭിക്കുന്നയിനം പനകള്‍ ഏറ്റവും കൂടുതലുള്ളത്. കരിമ്പന, ചൂണ്ടപ്പന, തെങ്ങ് എന്നിവയില്‍ നിന്നും കാട്ടുതെങ്ങില്‍ നിന്നും കേരളത്തില്‍ കള്ള് ചെത്തുന്നുണ്ട്. പനയിനമായ ഈന്ത് കേരളത്തിലേറെയുണ്ടെങ്കിലും ഇതില്‍ നിന്ന് കള്ള് എടുക്കാറില്ല. ഈന്തിന്റെ കുലയില്‍ നിന്നല്ല, തടിയില്‍ നിന്നാണ് കള്ള് ചെത്തിയെടുക്കേണ്ടത്. ഈ വിദ്യ അറിയാത്തതിനാലാണ് ഈന്ത് ചെത്താത്തത്. ഒരു ജീവചക്രത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കുടപ്പന അതോടെ ജീവചക്രം അവസാനിപ്പിക്കുകയും രണ്ടു ലക്ഷത്തോളം വിത്ത് നല്‍കുകയും ചെയ്യും.

palm tree
തീരദേശത്ത് വെള്ളത്തില്‍ വളരുന്ന നിപ പന / അലങ്കാരപ്പന

തീരത്തെ രക്ഷിക്കാന്‍ നിപ

സുനാമിയടിച്ച കാലത്ത് ആന്തമാനെ കാത്തുസൂക്ഷിച്ച ഒരു സസ്യമുണ്ട്. കടലോരങ്ങളില്‍ തഴച്ചും ഒട്ടിച്ചേര്‍ന്നും കൂട്ടമായും വളരുന്ന നിപ എന്ന പനയിനമാണത്. ആന്തമാന്‍ അതിര്‍ത്തികളില്‍ മാത്രമാണ് ഈ പനയിനം ഇപ്പോഴുള്ളത്. എന്നാല്‍ ഈ ഇനം പീച്ചിയിലെ പനോദ്യാനത്തിലും െവച്ച് പിടിപ്പിച്ചിട്ടുണ്ട്. അതിഭയങ്കര തിരമാലകളെ മാത്രമല്ല കൊടുങ്കാറ്റിനേയും ഒരു പരിധി വരെ ഈ പനയിനം തടഞ്ഞുനിര്‍ത്തും. നല്ല ഉപ്പുരസമുള്ള ഇടങ്ങളില്‍ മാത്രമേ ഈ പനയിനം വളരുകയുള്ളു. കേരള തീരങ്ങളില്‍ ഇത്തരം പനയിനങ്ങള്‍ പണ്ട് ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്.

അലങ്കാരപ്പനയിലെ വൈവിധ്യം

ഈന്ത് ഇനത്തില്‍പ്പെട്ട പനകള്‍ക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്. ഉദ്യാനങ്ങളിലെ അലങ്കാരച്ചെടികളില്‍ മുന്തിയ ഇനങ്ങളാണ് പനകള്‍. പ്രാച്ചി കാര്‍പ്പസ്, വല്ലിച്ചിയ തുടങ്ങിയ ഇനങ്ങള്‍ക്കെല്ലാം വളര്‍ച്ചയെത്തിയവയ്ക്ക് 12000 രൂപ വരെയുണ്ട്. കളിയടയ്ക്ക ഉണ്ടാകുന്ന ചെമ്പനയും കാഴ്ചയ്ക്ക് ഭംഗിയുള്ള റോയല്‍പ്പനയും എല്ലാം ഇപ്പോള്‍ ചെറിയ ഉദ്യാനങ്ങളിലെ പോലും താരങ്ങളാണ്. അധികം വെള്ളം ആവശ്യമില്ലെന്ന് മാത്രമല്ല പരിചരണവും കുറവ് മതിയെന്നതാണ് അലങ്കാരപ്പനകളുടെ പ്രത്യേകത.

lady palm
ലേഡി പാം

സലാക്കാ കേമനാ...

അതിര്‍ത്തി കാക്കുന്ന മുള്ള് മരം എന്ന നിലയില്‍ വെച്ചുപിടിപ്പിക്കുന്ന സലാക്ക പനയിനം ഇന്ന് വിപണിയിലെ ഏറ്റവും ഡിമാന്റുള്ള പനയാണ്. ഇടതൂര്‍ന്ന് വളരുന്ന ഈ പനയുടെ ഭംഗിയല്ല ഇതിനെ താരമാക്കിയത്. ഇതിന്റെ കായയുെട രുചിയാണ് ലോകം കീഴടക്കുന്നത്. സലാക്ക എന്ന ഫലം അതിമധുരമുള്ളത് മാത്രമല്ല ഗുണങ്ങളാല്‍ സമ്പുഷ്ടവുമാണ്. ഫലവിപണിയിലെ രാജാവാകാനുള്ള നീക്കത്തിലാണ് സലാക്ക. ഫലത്തിന്റെ ഗുണമറിഞ്ഞതോടെ സലാക്ക പനയിനത്തിന് വിലയും ആവശ്യക്കാരും ഉയര്‍ന്നു.

വലിയ പാംഹൗസിനുള്ളില്‍ പന

ആമസോണ്‍ കാടുകളിലും മഡഗാസ്‌കര്‍ മലകളിലും ഇന്ത്യയിലും സമൃദ്ധമായി വളരുന്ന പനയിനങ്ങള്‍ക്ക് വളരാന്‍ പ്രത്യേക കാലാവസ്ഥ ആവശ്യമാണ്. എന്നാല്‍ ഇവ വളരാത്ത രാജ്യങ്ങളില്‍ പ്രത്യേക പാംഹൗസുകള്‍ നിര്‍മിച്ച് അനുകൂല കാലാവസ്ഥയുണ്ടാക്കിയാണ് പനയിനങ്ങള്‍ വളര്‍ത്തുന്നത്. ഇംഗ്ലണ്ടിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആകാശം മുട്ടെയുള്ള പാംഹൗസ് നിര്‍മിച്ചാണ് പനവകഭേദങ്ങള്‍ വളര്‍ത്തുന്നത്. പീച്ചിയിലെ പനോദ്യാനത്തില്‍ സ്വാഭാവിക കാലാവസ്ഥയിലാണ് എല്ലാ പനയിനങ്ങളും വളരുന്നത്.

ചില ഇനങ്ങളുടെ വിത്തുകള്‍ പിന്നീട് കിളിര്‍ക്കുന്നില്ല എന്ന് മാത്രം. പീച്ചിയിലെ വനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥന്‍, പന ഗവേഷകന്‍ ഡോ. വി.ബി. ശ്രീകുമാര്‍ എന്നിവരാണ് പനോദ്യാനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

palm tree

അപൂര്‍വ്വ പന ഇനങ്ങള്‍

 • ഹൈഫീന്‍ ഡൈക്കോടെമ: ഇന്ത്യയിലും ശ്രീലങ്കയിലും സാധാരണയായി കാണപ്പെടുന്ന ഈ പന വംശനാശഭീഷണി നേരിടുന്ന ഇനമാണ്.
 • ബെന്റിങ്ക്യ കൊണ്ടംപന: ഇന്ത്യന്‍ പര്‍വതമേഖലകളില്‍, പ്രധാനമായും പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്ന പന വിഭാഗമാണിത്. കാന്തല്‍, കാന്ത കമുക് എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്നു.
 • ബെന്റിങ്ക്യ നൈകോബാരികനിക്കോബാര്‍ ദ്വീപുകളില്‍ സാധാരണയായി കാണപ്പെടുന്ന ഈ പന ദ്വീപുവാസികള്‍ കുടിലുകള്‍ നിര്‍മിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്
 • റോപാലോബ്ലാസ്റ്റ് അഗസ്റ്റ: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളിലും നിക്കോബാര്‍ ദ്വീപിലുമാണ് കൂടുതലായി കാണപ്പെടുന്നത്. വ്യാപകമായി വംശനാശഭീഷണി നേരിടുന്ന വിഭാഗമാണിത്.
 • കലാമസ് നഗ്‌ബെട്ടായ്: കലാമസ് ബ്രാണ്ടിസി:പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കുറ്റിച്ചൂരല്‍ ചെടികള്‍
 • കലാമസ് ആന്‍ഡമാനികസ്: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളാണ് ഈ പനകളുടെ പ്രധാന കേന്ദ്രം.
 • കലാമസ് വറ്റായില: വട്ടയിലയന്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ചൂരല്‍ വിഭാഗമാണിത്
 • വലിഷ്യ ഡിസ്റ്റിക: ചൈന, ഇന്തോനേഷ്യ ഭാഗങ്ങളില്‍ കാണപ്പെടുന്ന പന
 • കോര്‍താല്‍ഷ്യ ലാസിനിയോസ: ദക്ഷിണേഷ്യന്‍ മേഖലകളില്‍ സാധാരണയായി കാണപ്പെടുന്ന പന
 • ഫീനിക്‌സ് പലുഡോസ: കടല്‍പ്പന എന്നറിയപ്പെടുന്ന വിഭാഗം
 • നൈപ ഫ്രൂട്ടിക്കന്‍സ്: കണ്ടല്‍ വിഭാഗത്തിലുള്‍പ്പെട്ട പനയാണിത്. ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്നു.
 • കോര്‍താല്‍ഷ്യ റോഗേര്‍സി
 • വലിഷ്യ നാന
 • ലിക്വാല സ്‌പൈനോസ
Content Highlights: Palm park at Peechi, india's largest collection of palm trees

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented