വിതയ്ക്കാതെ കൊയ്യുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതൊരു പ്രയോഗം മാത്രമാണ്. പക്ഷേ, മാനന്തവാടി സ്വദേശിയായ കൃഷിഓഫീസര്‍ കെ.ജി. സുനിലിന്റെ പാടത്ത് പ്രയോഗം യാഥാര്‍ഥ്യമാണ്. 33 സെന്റില്‍നിന്ന് വിതയ്ക്കാതെ കൊയ്‌തെടുത്തത് ഒന്നും രണ്ടുമല്ല അഞ്ചുക്വിന്റല്‍ നെല്ലാണ്. താനേ പൂത്തുലഞ്ഞ പാടത്തിനുപിന്നില്‍ കോവിഡ് ജീവിതത്തിന്റെ കഥകൂടി പറയാനുണ്ട് സുനിലിന്. 

മാനന്തവാടി താന്നിക്കലിലെ വീടിനുസമീപമുള്ള പാടത്ത് പതിവായി കൃഷി ചെയ്യുന്ന ആളാണ് സുനില്‍. നഞ്ചക്കൃഷിക്കുശേഷം പുഞ്ചക്കൃഷിക്കായി ജനുവരിയില്‍ സുനില്‍ 33 സെന്റ് പാടം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതിട്ടു. എന്നാല്‍, കോവിഡ് ബാധിച്ചതോടെ കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. രോഗം ഭേദമായപ്പോഴേക്കും വിത്തിറക്കേണ്ട സമയമെല്ലാം കഴിഞ്ഞു.

സമീപ പാടങ്ങളിലെല്ലാം കൃഷി തുടങ്ങുകയും ചെയ്തു. എന്നാല്‍, പാടത്തേക്കിറങ്ങിയപ്പോഴാണ് വിതച്ചില്ലെങ്കിലും പാടത്ത് വിതപരുവത്തില്‍ നെല്ല് മുളച്ചുകിടക്കുന്നത് കണ്ടത്. നഞ്ചക്കൃഷി വിളവെടുത്തസമയത്ത് വയലില്‍ കൊഴിഞ്ഞുവീണ ഉമ നെന്മണികളാണ് മുളച്ചുപൊന്തിയത്. കൊഴിഞ്ഞുവീണ് മുളച്ച വിത്തിന് ഗുണമേന്മയുണ്ടാവില്ലെന്ന് കരുതി ആദ്യം കാര്യമാക്കിയില്ലെന്ന് സുനില്‍ പറഞ്ഞു. വളരുന്തോറുമാണ് നെല്ലിന്റെ കരുത്ത് മനസ്സിലായത്.

നിലമൊരുക്കി വിതയ്ക്കുന്ന അതേ നെല്‍ച്ചെടിയുടെ കരുത്ത് വീണുമുളച്ചതിനും ഉണ്ടായിരുന്നു. ഇതോടെയാണ് നെല്ലിനെ വളവും വെള്ളവുംനല്‍കി പരിപാലിക്കാന്‍ തീരുമാനിച്ചത്. ആദ്യം പാടത്ത് വെള്ളമെത്തിച്ചു. കളനാശിനിപ്രയോഗവും നടത്തി. തുടര്‍ന്ന് നിശ്ചിതഇടവേളകളില്‍ രണ്ടുതവണ നേര്‍വളം നല്‍കി. കൂടാതെ, സ്യൂഡോമോണസും ചാണകത്തെളിയും ചേര്‍ത്ത ലായനിയും തളിച്ചു. 

വിളവെടുപ്പുസമയത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ നെല്ലുകിട്ടി. ശരിയായരീതിയില്‍ ഈസ്ഥലത്ത് കൃഷിചെയ്യുമ്പോള്‍ എട്ട്, ഒമ്പത് ക്വിന്റലോളം നെല്ല് ലഭിക്കാറുണ്ട്. അതിന് ചെലവുംകൂടും. എന്നാല്‍, വീണുമുളച്ച നെല്ലില്‍നിന്ന് അധികം ചെലവില്ലാതെതന്നെ ഇത്രയും വിളവുകിട്ടിയത് പ്രതീക്ഷ നല്‍കുന്നതാണെന്ന് സുനില്‍ പറയുന്നു. മാനന്തവാടി താന്നിക്കല്‍ സ്വദേശിയായ സുനിലില്‍ കണ്ണൂര്‍ കേളകത്തെ കൃഷി ഓഫീസറാണ്.

Content Highlights: Paddy plants are grown without sowing seeds in the field