നൂറ്റാണ്ടുകളോളമായി നെല്‍കൃഷിയെ പരിപാലിക്കുന്ന ചരിത്രമാണ് വയനാട്ടിലെ വനഗ്രാമമായ പാക്കത്തിനു പറയാനുള്ളത്. ഗോത്രനാടിന്റെ ചരിത്രത്തോടൊപ്പം പഴക്കമുള്ള പാക്കം കോട്ടയുടെ അധിപരായ കുറുമവിഭാഗക്കാരാണ് ഈ നെല്‍കൃഷിയുടെയും പരിപാലകര്‍. കുറുവ ദ്വീപിന്റെ കരയിലുള്ള പാടത്ത് ഈ നെല്‍പ്പാടങ്ങളെ രണ്ടു സീസണിലും കൃഷിമുടങ്ങാതെ ആദിവാസി കര്‍ഷകര്‍ സംരക്ഷിക്കുകയാണ്. ലാഭവും നഷ്ടവുമല്ല. കൃഷി ചെയ്യുക എന്നതാണ് ഇവരുടെ മന്ത്രം. 

നെൽകൃഷി മുടങ്ങിയ ഒരു ചരിത്രം മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ പോലുമില്ല. ഈ നിശ്ബദ വിപ്ലവങ്ങള്‍ കാടിന് പുറത്തേക്ക് അറിയുന്നുമില്ല. ചെറിയമലയിലെ കുറുമ സമുദായാംഗങ്ങളാണ് ഇന്നും വയനാടിന്റെ തനതു നെല്‍കൃഷിയെ വിടാതെ പിന്തുടരുന്നത്. മറ്റു കൃഷിക്കൊന്നും തരം മാറ്റാതെ വയലിനെ നെല്‍കൃഷിക്ക് മാത്രമായി  തന്നെ ഇവിടെ സംരക്ഷിക്കുന്നു. വര്‍ഷത്തില്‍ രണ്ടു തവണ കൃഷിയിറക്കുമ്പോഴും വന്യമൃഗശല്യം ഇവര്‍ക്ക് തലവേദനയാണ്. പാടത്ത് പച്ചപ്പ് നിരന്നപ്പോഴേക്കും കാട്ടാനയും പന്നിയുമെല്ലാം കൃഷിയിടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ രാത്രി കാവല്‍പ്പുരകളില്‍ കര്‍ഷകര്‍ ഉറക്കമൊഴിഞ്ഞ് നെല്‍പ്പാടത്തിന് കാവലാണ്. 

നഞ്ച കൃഷിയില്‍ ഗന്ധകശാല തുടങ്ങിയ നെല്ലാണ് ഇവിടെ വിളവില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇരുപത്തിയഞ്ചോളം കര്‍ഷകര്‍ 60 ഏക്കര്‍ സ്ഥലത്ത് ഒരേ സമയത്ത് ഒരേ വിത്തിറക്കിയാണ് കൃഷി. മിക്കവാറും വീട്ടില്‍ നിന്നുള്ളവര്‍ തന്നെയാണ് കൃഷിപ്പണിക്ക് ഇറങ്ങുന്നത്. ഭാരിച്ച ഉത്പാദനച്ചെലവിനെ നേരിടാന്‍ സ്വന്തം പണി ഒരു പരിധി വരെ സഹായകരമാണ്. വയല്‍ പൂട്ടാനും കൊയ്ത്തിനുമെല്ലാം യന്ത്രങ്ങള്‍ എത്തുന്നത് ചെറിയ ആശ്വാസമാണ്. 

paddy field

കുറുവയുടെ മറുകരയിലെ പച്ചപ്പാടം ഇന്ന്  കുറുവയിലെത്തുന്ന സഞ്ചാരികള്‍ക്കും വിസ്മയമാണ്. കബനിയില്‍ വറ്റാതെയുള്ള വെള്ളമാണ് ഇവര്‍ക്ക് കൃഷിക്കെല്ലാം പ്രചോദനം നല്‍കുന്നത്. മുതിര്‍ന്ന തലമുറയുടെ ഓര്‍മകളില്‍ പോലും ഈ പാടശേഖരങ്ങള്‍ തരിശായി കണ്ടിട്ടില്ലെന്ന് പാക്കം ഗ്രാമം സാക്ഷ്യപ്പെടുത്തുന്നു. കുറച്ചൊക്കെ പ്രോത്സാഹനം കൂടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചാല്‍ വനഗ്രാമങ്ങളെ കൃഷിയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. ഫലവത്തായ വന്യമൃഗ പ്രതിരോധ സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് ഈ ഗ്രാമങ്ങളെ കൈപിടിക്കാന്‍ കഴിയും. 

Content highlights: Agriculture, Paddy field, Wayanad, Kuruva dweep