പാലക്കാട്: 'ഒരുമാസത്തിലേറെയായി നെല്ല് വീടിന്റെ മുറിയില്‍ത്തന്നെ. ഒടുവില്‍ കൃഷി ഉദ്യോഗസ്ഥന്റെ അനുമതിയോടെ കയറ്റാനെത്തിയത് ഇന്നലെ. മുറ്റത്തെത്തിയ ലോറിയിലാക്കാന്‍ ചാക്കിന് 20 രൂപ കണക്കില്‍ കയറ്റുകൂലിയും നല്‍കി. വണ്ടി സംഭരണശാലയിലെത്തിയതിന് പിന്നാലെ ഏജന്റിന്റെ ഫോണ്‍. ചാക്കിന് 10 കിലോഗ്രാം വീതം കുറയ്ക്കും. കറുപ്പുണ്ട്. സമ്മതമല്ലെങ്കില്‍ തിരിച്ചെടുത്തോ. ഇനി അതിനും മുടക്കാന്‍ എന്റെ കൈയില്‍ കാശില്ല. ഒടുവില്‍ എല്ലാം സമ്മതിച്ചു. കിട്ടണത് ആവട്ടെ'- പാലക്കാടന്‍ നെല്ലറയില്‍ കര്‍ഷകന് കൃഷി എങ്ങനെ നഷ്ടമാവുന്നെന്ന് തിരിച്ചറിയാന്‍ പിരായിരി ഇരുപ്പുക്കാട് എം. ഉണ്ണിക്കൃഷ്ണനെന്ന ഈ 62 കാരന്റെ അനുഭവം സാക്ഷി.

നെല്ലുസംഭരണം ഒന്നരമാസം പിന്നിടുമ്പോഴും തുടക്കത്തിലെ താളപ്പിഴകള്‍ക്ക് യാതൊരു പരിഹാരവും കാണാന്‍ നെല്ലെടുപ്പിന്റെ ചുമതലയുള്ള സപ്ലൈകോയ്‌കോ പൊതുവിതരണ വകുപ്പിനോ കഴിഞ്ഞിട്ടില്ല. ഇപ്പോഴും നെല്ലെടുപ്പില്‍ 'രാജാവ്' കര്‍ഷകരുമായി നേരിട്ട് ഇടപാട് നടത്തുന്ന മില്ലുകാരുടെ ഇടനിലക്കാര്‍തന്നെ. പെര്‍മിറ്റ് കച്ചവടംമുതല്‍ തുടങ്ങുന്ന ചൂഷണത്തിന്റെ ഒരുവശം മാത്രമാണ് കറുപ്പുകലര്‍ന്ന നെല്ലിന്റെ പേരില്‍ അരങ്ങേറുന്നത്. ആരോപണമുള്ള നെല്ലിന്റെ അരിക്ക് സാധാരണ അരിയില്‍നിന്ന് വ്യത്യാസമില്ലെന്ന് കുത്തിയെടുത്ത അരികാണിച്ച് കര്‍ഷകര്‍ പറയുന്നു.

നെല്ലെടുപ്പ് പൊതുവിതരണവകുപ്പിനെ ഏല്പിച്ച് കൃഷിവകുപ്പ് കൈയുംകെട്ടി മാറിനില്‍ക്കുമ്പോള്‍ പ്രളയവും ഓലകരിച്ചിലുംമൂലം കൃഷിനാശമുണ്ടായവര്‍ക്കുകൂടി കിട്ടിയ വരുമാനവും നഷ്ടമാവുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

നഷ്ടം 13409 രൂപ

രണ്ടേമുക്കാല്‍ ഏക്കര്‍ കൃഷിയുള്ള ഉണ്ണിക്കൃഷ്ണന് വിളവുകുറഞ്ഞ ഒന്നാംവിള സീസണില്‍ ഇത്തവണ കിട്ടിയത് 53 ചാക്ക് നെല്ല്. ചാക്കില്‍ 50 കിലോഗ്രാം കണക്കാക്കിയാല്‍ 2,650 കിലോഗ്രാം. ഇതില്‍ ഏജന്റ് കുറയ്ക്കുമെന്നറിയിച്ചത് 530 കിലോഗ്രാം. കിലോഗ്രാമിന് 25.30 രൂപ കണക്കിലുള്ള സംഭരണവില നോക്കിയാല്‍ നഷ്ടം 13,409 രൂപ. കയറ്റുകൂലിയും വിളവെടുപ്പിനും കൃഷിക്കുമുള്ള ചെലവിനൊപ്പം ഇതും കുറച്ചാല്‍ നഷ്ടം കര്‍ഷകനുമാത്രം.

കറുപ്പുകലര്‍ന്നതിന്റെ പേരില്‍ സംഭരിച്ച നെല്ല് മൂന്നുമുതല്‍ 10 കിലോഗ്രാംവരെ ചാക്കിന് കുറയ്ക്കാത്ത കര്‍ഷകര്‍ കിഴക്കുംപുറം പാടശേഖരത്തില്‍ കുറവ്.

കാത്തിരിപ്പ്, എഴരടണ്‍ നെല്ലുമായി

സെപ്റ്റംബര്‍ ആദ്യവാരംകൊയ്ത പാടത്തുനിന്ന് വിടിനടുത്ത കളത്തില്‍ 153 ചാക്ക് നെല്ലെത്തിച്ച് പിരായരി കളത്തില്‍വീട്ടിലെ ഹരിദാസെന്ന കര്‍ഷകന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുമാസമാവുന്നു. നെല്ല് നിറയ്ക്കാനുള്ള ചാക്കെത്തിച്ചത് ഒരാഴ്ചമുമ്പ്. മൂന്നുദിവസംമുമ്പ് കൃഷിവകുപ്പിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍വന്ന് പരിശോധിച്ച് നെല്ല് ചാക്കില്‍നിറയ്ക്കാന്‍ അനുമതി നല്‍കി. 'എന്ന് ലോറിയെത്തുമെന്ന് അറിയില്ല' -ഹരിദാസ് പറയുന്നു.

പെരുച്ചാഴിയടക്കമുള്ള ജീവികളില്‍നിന്ന് നെല്ലിനെ രക്ഷിക്കാന്‍ പെടാപ്പാടുപെടേണ്ട സ്ഥിതിയാണെന്നും ഹരിദാസ് പറയുന്നു.

സന്തോഷിപ്പിക്കണം, കയറ്റുകാരെയും

കളത്തില്‍നിന്ന് സ്വന്തം തൊഴിലാളികളെവെച്ച് നെല്ലുകയറ്റാന്‍ ശ്രമിച്ചാല്‍ രക്ഷയില്ല. സമീപത്തെ അംഗീകൃത യൂണിയന്‍ തൊഴിലാളികളെ സന്തോഷിപ്പിച്ചില്ലെങ്കില്‍ നെല്ല് കളത്തില്‍ത്തന്നെ.

കുഴല്‍മന്ദം പെരുങ്കുന്നത്തെ കര്‍ഷകനായ എം. കുട്ടികൃഷ്ണന്റെ അനുഭവമാണിത്. മൂന്നാഴ്ചമുമ്പ് കൊയ്ത നെല്ലില്‍ ഒരുഭാഗം ഏറെദിവസത്തെ 'നടപ്പിന്' ശേഷം ആദ്യമായി കയറ്റിവിട്ടത് ഒക്ടോബര്‍ 10-ന്. 180 ചാക്ക് സപ്ലൈകോ മില്ലിന്റെ സംഭരണശാലയിലിറക്കി ലോറി തിരിച്ചെത്തിയപ്പോള്‍ പ്രദേശത്തെ അംഗീകൃത തൊഴിലാളികള്‍ ഉടക്കി. സ്വന്തം തൊഴിലാളികളാണ് കാലങ്ങളായി കളത്തില്‍നിന്ന് നെല്ല് കേറ്റുന്നതെന്ന കര്‍ഷകന്റെ വാദമൊന്നും വിലപ്പോയില്ല.

പിന്നീട് ലോറിയെത്തിയില്ല. ബാക്കിയുള്ള 296 ചാക്ക് നെല്ല് നനഞ്ഞ് മുളയ്ക്കാതെ കളത്തില്‍ ടാര്‍പായയ്ക്കടിയിലാക്കി കാത്തിരിപ്പ് തുടരാനായിരുന്നു കര്‍ഷകന്റെ വിധി.

സ്വന്തമായി നെല്ല് കയറ്റാന്‍ നിയമമുണ്ടെന്ന് നെല്ല് ഏജന്റിനെ അറിയിച്ചെങ്കിലും അവിടെയും നിരാശ. ഒടുവില്‍ ജില്ലാപോലീസ് മേധാവിക്ക് മുന്നിലും പരാതിയുമായെത്തി. അദ്ദേഹം പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശവും നല്‍കി. എസ്.ഐ.യുടെ നിര്‍ദേശപ്രകാരം എത്തിയ ലോറി വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെ പോലീസ് സ്റ്റേഷനുമുന്നില്‍ കാത്തുകിടന്നു. തര്‍ക്കം തീര്‍ക്കാന്‍ ഒരു സന്ധിസംഭാഷണംകൂടി വേണമെന്ന് ഉന്നതോദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതോടെ വീണ്ടും കാത്തിരിപ്പ് നീളുകയാണ്.

മാറ്റണം, ഈ അനാസ്ഥ

നെല്ലെടുപ്പുകാലം കര്‍ഷകന് അരാജകത്വത്തിന്റേതാണ്. ഈ അവസ്ഥ മാറാന്‍ നെല്ലെടുപ്പിനുമുമ്പുതന്നെ മില്ലുകാര്‍ക്ക് വഴങ്ങാത്ത കരാറുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൃഷിക്കാരെ സഹായിക്കേണ്ട കൃഷിവകുപ്പുദ്യോഗസ്ഥര്‍ ചൂഷണത്തിന് കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്

-എ. ഭാസ്‌കരന്‍, സെക്രട്ടറി, കിഴക്കുംപുറം പാടശേഖരസമിതി, പിരായിരി.

Content highlights: Agriculture, Organic farming, Paddy filed