പണ്ട് വളരെ മുമ്പ് ജപ്പാനില്‍ ഒരു പാവപ്പെട്ടയാള്‍ തന്റെ ദാരിദ്ര്യം മാറ്റാന്‍ ദൈവത്തോട് കരഞ്ഞ് അപേക്ഷിച്ചു. തന്റെ പട്ടിണി മാറ്റാന്‍ ഒരു വഴികാണിച്ചു തരാന്‍ കരഞ്ഞപേക്ഷിച്ച ഭക്തനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട ജപ്പാന്‍ കൃഷിദേവത 'ഇനാരി ഒക്കാമി' തന്റെ ദൂതനായ കുറുക്കനെ പറഞ്ഞയച്ച് കാട്ടിലെ ഒരു പ്രത്യേക മരത്തിന്റെ തൈ കാണിച്ചുകൊടുത്തു. അയാള്‍ ആ ചെടി തന്റെ ഭാഗ്യമായിക്കരുതി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തി കായ്ഫലം എടുക്കുകയും പിന്നീട് അതിന്റെ തൈകള്‍ വിറ്റ് തന്റെ ദാരിദ്ര്യം മാറ്റുകയും ചെയ്തു.

കണ്ടാല്‍ പിസ്തയെപ്പോലെ തോന്നുന്ന ആഫ്രിക്കന്‍ പിസ്തയെന്ന്‌ കരുതി നമ്മളില്‍പ്പലരും നഴ്സറികളില്‍ നിന്ന് വാങ്ങി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിപ്പോരുന്ന പച്ചിറയെന്ന മലബാര്‍ ചെസ്റ്റ് നട്ടാണ് ജപ്പാനിലെ പാവപ്പെട്ട കൃഷിക്കാരന്റെ  ദാരിദ്ര്യം അകറ്റിയ കാശുമരം. അതെ, വിദേശങ്ങളില്‍ മലബാര്‍ ചെസ്റ്റ്നട്ട് അറിയപ്പെടുന്നത് മണി ട്രീ എന്നാണ്. ഫ്രഞ്ച് പീനട്ട് എന്നും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണ പിസ്തയില്‍ നിന്ന് വ്യത്യസ്തമായി നിലക്കടലയുടെ രുചിയാണ് ഇതിന്. തെക്കേ അമേരിക്കയാണ് ജന്മദേശം. പച്ചിറ അക്വാട്ടിക്കയെന്നാണിതിന്റെ ശാസ്ത്രനാമം. നല്ല നീര്‍വാര്‍ച്ചയുള്ള, വളക്കൂറുള്ള പശിമരാശി മണ്ണില്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് പച്ചിറ നന്നായി വളരുന്നു. വരള്‍ച്ചയെ ഒരു പരിധിവരെ ചെറുക്കുന്ന ചെടി തണലിലും നന്നായി വളര്‍ച്ച കാണിക്കുമെങ്കിലും കായ്പിടിത്തം കുറവായിരിക്കും.

കൃഷിചെയ്യാം

കൂടിയാല്‍ ഏഴ്-എട്ട് മീറ്റര്‍ വരെ മാത്രം പൊക്കം വെക്കുന്ന പച്ചിറയുടെ മരത്തില്‍ നല്ല തിളങ്ങുന്ന പച്ച നിറത്തിലുള്ള ചെറിയ വട്ടത്തിലുള്ള ഇലകളുണ്ടാകും. ചെറുപ്രായത്തില്‍ ഇതിന്റെ തൊലിക്കും മിനുസമാര്‍ന്ന പച്ച നിറമായിരിക്കും. വിത്തുകള്‍ പാകിയോ കമ്പുകള്‍ മുറിച്ചുനട്ടോ എയര്‍ ലെയറിങ് നടത്തിയോ പുതിയ തൈകള്‍ ഉണ്ടാക്കാം.

African pista

നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തു ദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. ബഡ്ഡ് ചെയ്ത തൈകള്‍ നന്നായി വേരു പിടിച്ചതിനു ശേഷമേ മാറ്റി നടാവൂ. മുളച്ച്  ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. അതിരുകളില്‍ പൊക്കത്തില്‍ ജൈവ വേലിപോലെ പുരയിടങ്ങളില്‍ നട്ടുവളര്‍ത്താം. തടങ്ങളില്‍ രണ്ടര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യാം.

കൃഷി ചെയ്യുമ്പോള്‍ മുളച്ച് രണ്ടാഴ്ചയ്ക്കു ശേഷം. നന്നായി അടിവളം ചേര്‍ത്ത മണ്ണ് നിറച്ച കുഴിയിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. കുഴിക്ക് രണ്ട് അടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ്‌ കൂട്ടിക്കൊടുക്കാം.

ചില കര്‍ഷകര്‍ ചെടി തഴച്ചുവളരാന്‍  50 കിലോഗ്രാം യൂറിയയും 200 കിലോ സൂപ്പര്‍ഫോസ്ഫേറ്റും 50 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായി നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞു പോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരു പൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം. നല്ല പ്രതിരോധശേഷിയുള്ള ഇനമായതിനാല്‍ രോഗ-കീടബാധയൊന്നും ഇതിന് ഏല്‍ക്കാറില്ല. മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന ഇത് വര്‍ഷം മുഴുവനും കായ തരുന്ന ഇനമാണ്.

കായ പറിക്കാം; ഇലയും പൂവും കറിവെക്കാം

തിളങ്ങുന്ന പച്ചനിറമുള്ള ഇലകളും നേര്‍ത്ത സൂചിപോലുള്ള ഇതളുകളോടെയുള്ള ഇളം മഞ്ഞപൂക്കളാണ് ഇതിനുണ്ടാവുക. ഇളം ഇലകളും പൂവുകളും ഉപ്പേരി വെക്കാനും  കറിവെക്കാനും ഉപയോഗിച്ചു വരുന്നു. പച്ചനിറത്തിലുണ്ടാകുന്ന കായകള്‍ 10 മുതല്‍ 15 സെമീവരെ നീളം വെക്കുന്നു. ഒരു കുലയില്‍ത്തന്നെ മൂന്നും നാലും കായകള്‍ ഉണ്ടാകുന്നു. ഇതിന്റെ ഉള്ളില്‍ കാണപ്പെടുന്ന ഇളം കാപ്പിനിറത്തില്‍ വെള്ളവരകളോടുകൂടിയ വിത്തുകളാണ് കഴിക്കാവുന്നത്‌. ഇവ നേരിട്ടും വറുത്തും പൊടിയാക്കി മാവിന്റെ രൂപത്തിലും ഭക്ഷണമാക്കാം. നമ്മുടെ ഒഴിഞ്ഞ പറമ്പിലും പറമ്പിന്റെ അതിരുകളിലും നട്ട് വളര്‍ത്തിയെടുത്താല്‍ കാശ് മരം ശരിക്കും കാശ് തരുന്ന മരമാകും.

pramodpurath@gmail.com

Content highlights: Pachira aquatica , Agriculture, Malabar chestnut