തായ്ലാന്‍ഡിലെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍നിന്ന് വയലിലെ ചേറിലേക്കിറങ്ങിയ, അന്നപൂര്‍ണേശ്വരിയുടെ ആധാരത്തെ അതിരറ്റ് സ്‌നേഹിച്ച, മണ്ണിനെ അത്രയധികം ഇഷ്ടപ്പെട്ട് അതിന്റെ പ്രാധാന്യം ലോകത്തിനോട് വിളിച്ചുപറഞ്ഞുകൊണ്ട് ജീവിച്ച ഒരു രാജാവുണ്ടായിരുന്നു. തായ്ലന്‍ഡിലെ ഭൂമിബോല്‍ അതുല്യതേജ് തന്റെ സ്വന്തംപേരുപോലെത്തന്നെ മണ്ണിനെ, ഭൂമിയെ സ്‌നേഹിച്ച് മരിച്ചയാള്‍. 

ലോകത്തിലെ മൊത്തം ജീവിവര്‍ഗങ്ങള്‍ക്കും അതിപ്രധാനവും പ്രത്യേകതയും ഉള്ള ദിവസമാണ് ഇന്ന്. തങ്ങളുടെ ആവിര്‍ഭാവത്തിനും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമായൊരു വസ്തുവിന്റെ ദിനമാണിന്ന്. ആയതുകൊണ്ടുതന്നെ അതിന്റെ ദിനം ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് ഡിസംബര്‍ അഞ്ച് ലോക മണ്ണുദിനമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചുവരുന്നതും. അതുല്യതേജിന്റെ ജന്മദിനമാണ് ലോകസംഘടന ലോകമണ്ണുവര്‍ഷമായി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് എന്നത് ഔചിത്യദീക്ഷ പുലര്‍ത്തുന്ന തീരുമാനമായി. മണ്ണിനെക്കുറിച്ച് അറിയേണ്ടതെന്ത്.

മണ്ണ് ഒരു ഉത്പന്ന വസ്തു

ജീവികള്‍ക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്ക് എടുക്കുകയും അവര്‍ക്ക് ആവശ്യമുള്ളതെല്ലാം തരികയും ചെയ്യുന്ന അത്യപൂര്‍വ സൃഷ്ടിയാണ് മണ്ണ്. ലോകത്ത് മനുഷ്യന്റെ ആവിര്‍ഭാവത്തിന് ശേഷമാണ് മണ്ണ് ദുഷിക്കാന്‍ തുടങ്ങിയതെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അതിശയോക്തിയാകില്ല. നല്ല ജൈവ സമ്പുഷ്ടിയുള്ള മണ്ണ് നല്ല വിഘടന മാധ്യമവുമാണ്. തന്നിലേക്ക് ചേരുന്നതിനെയെന്തിനെയും വലിച്ചെടുത്ത് തന്റെഭാഗമാക്കാന്‍ മണ്ണിന് കഴിവുണ്ട്. മേല്‍മണ്ണിലാണ് ഹ്യൂമാസ് എന്ന സസ്യ ജൈവാവശിഷ്ടങ്ങള്‍ വിഘടിച്ചുള്ള ഫലഭൂയിയിഷ്ഠത നിലനില്‍ക്കുന്നത്. സൂക്ഷ്മജീവികളുടെ ഒരു ലോകമാണത്. ഇതില്‍ കണ്ടെത്തിയതനുസരിച്ച് ഏകദേശം മൂന്നുലക്ഷത്തില്‍ പരം ജീവിവര്‍ഗങ്ങള്‍ മേല്‍മണ്ണിനെ ആശ്രയിച്ച് കഴിയുന്നുണ്ട് 10 ഗ്രാം മേല്‍മണ്ണില്‍ കുറഞ്ഞത് 1200 ഓളം സ്പീഷിസ് ജീവാണുക്കള്‍ കണ്ടേക്കാമെന്നാണ് മണ്ണിനെക്കുറിച്ചുള്ള ഒരു പഠനം തെളിയിക്കുന്നത്. മനുഷ്യന്റെ ഇടപെടലില്ലാത്ത കാട്ടിലെ മണ്ണിനെയാണ് ഇവര്‍ പഠനവിധേയമാക്കിയത്. 

കാട്ടിലെ മരങ്ങളുടെ ചുവട്ടില്‍ക്കാണപ്പെടുന്ന മണ്ണ് പ്രകൃതിതന്നെ ഒരുക്കിയിട്ടുള്ളതാണ്. പ്രകൃതിയുടെ കലപ്പയെന്നറിയപ്പെടുന്ന മണ്ണിരയാണ് ഇവിടെ സൂക്ഷ്മജിവികള്‍ക്ക് വളരാനും അവയുടെ വളര്‍ച്ചയിലൂടെ മണ്ണിന്റെ സ്വാഭാവിക ഘടനനിലനിര്‍ത്താനും സഹായിക്കുന്നത്. ഉപരിതലത്തില്‍നിന്ന് 10 മുതല്‍ 15 വരെ സെന്റിമീറ്റര്‍ താഴ്ചയിലുള്ള മണ്ണാണ് മേല്‍മണ്ണായി അറിയപ്പെടുന്നത്. ഇതിലാണ് ഭൂമിയില്‍ നിലനില്‍ക്കുന്തും ജീവികള്‍ ഉപയോഗിച്ചുവരുന്നതുമായ എല്ലാ ഉത്പന്നങ്ങളും ഉരുവാകുന്നത്.

മണ്ണിന്റെ ആരോഗ്യം

മണ്ണും ജലവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധവും ഒന്ന് മറ്റൊന്നിന് താങ്ങാവുന്നകാര്യവും പണ്ടുമുതലേ നമ്മുടെ കാര്‍ഷിക സംസ്‌കൃതിയില്‍ പറഞ്ഞിട്ടുള്ളതാണ്. ശരിക്കും ആരോഗ്യം നിറഞ്ഞമണ്ണില്‍ അടിസ്ഥാനമായി ഉണ്ടാവേണ്ട ജൈവികവസ്തുക്കള്‍ ഇത്തരത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 50 ശതമാനം ഫംഗസുകള്‍, 20 ശതമാനം ബാക്ടീരിയകള്‍, 20 ശതമാനത്തോളം ഈസ്റ്റ്, ആല്‍ഗകള്‍, പ്രോട്ടോസോവ മുതലായവകള്‍, 10 ശതമാനം മണ്ണിര മറ്റ് സൂക്ഷ്മജീവികള്‍ എന്നിവ. ഒരു ഹെക്ടര്‍ ആരോഗ്യമുള്ള ഭൂമിയിലെ മണ്ണില്‍ 2 മുതല്‍ 5 ടണ്‍വരെ പ്രാണികള്‍ ഉള്ളതായും 5 ടണ്‍ വരെ മണ്ണിര വേണ്ടതായും അരടണ്ണോളം സൂക്ഷ്മജീവികള്‍ ഉള്ളതായും കണക്കാക്കപ്പെട്ടിരിക്കുന്നു. കാട്ടിലെ ശുദ്ധമായ മണ്ണില്‍ നിമാറ്റോഡ്സ് 12 കോടിയോളം ഒരു ചതുരശ്രമീറ്റര്‍ സഥലത്ത് കാണപ്പെടും എന്നുപറഞ്ഞാല്‍ത്തന്നെ എത്രയധികം ജീവിസമ്പന്നമാണ് സ്വാഭാവികമണ്ണ് എന്ന് നമുക്ക് മനസ്സിലാക്കാം. 

കൂടാതെ എട്ടുകാലിയിനങ്ങള്‍ ഒരു ലക്ഷത്തോളം, കാല്‍ലക്ഷത്തോളം വിരകള്‍ സ്രിങ്ലൈറ്റ് പ്രാണികള്‍ അര ലക്ഷത്തോളം ഷെല്‍ജീവികളായ മുളുക്കസ് പതിനായിത്തോളം എന്നിങ്ങനെയും കോടിക്കണക്കിന് സൂഷ്മാണുക്കളും ഉള്‍ക്കൊള്ളുന്നതാണ് അത്രയും മണ്ണ്. മുകളില്‍പ്പറഞ്ഞ ചെറുജീവികളെല്ലാം മണ്ണിനെ പാകപ്പെടുത്താല്‍ ഉള്ളവയാണ് അതുകൊണ്ടുതന്നെയാണ് സ്വാഭാവികമണ്ണ് രൂപപ്പെട്ടുവരാന്‍ നൂറുകണക്കിന് വര്‍ഷങ്ങളെടുക്കുന്നതും അത് കൃത്രിമമായി ലാബുകളില്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കാത്തതും.

കാര്‍ബണിന്റെയും ജലത്തിന്റെയും സംഭരണി

 മണ്ണ് വലിയൊരു ജലസംഭരണിയാണ് തന്റെ വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം ശേഖരിച്ചുവെക്കാന്‍ മണ്ണിന് കഴിയുന്നു ഇങ്ങനെ ശേഖരിച്ചുവെക്കുന്ന ജലമാണ് മണ്ണില്‍ സൂക്ഷ്മജീവികളുടെ വരധനവിനും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും കാരണമാകുന്നത്.

അന്തരീക്ഷത്തില്‍ അധികമുള്ള കാര്‍ബണിനെവലിച്ചെടുത്ത് തന്നിലടക്കാന്‍ മണ്ണ് കാണിക്കുന്ന കഴിവ് ചില്ലറയല്ല. അന്തരീക്ഷസസ്യജാലങ്ങള്‍ വലിച്ചെടുക്കുന്നതിന്റെ ഏകദേശം ആറിരട്ടിയാണ് മണ്ണ് തന്റെയുള്ളിലേക്ക് വലിച്ചെടുക്കുന്നത്. 

മണ്ണിനെ നശിപ്പിക്കുന്നത്

പ്രാകൃതികമായ അവസ്ഥകളും മാനുഷികമായ ചെയ്തികളാണ് മണ്ണിന്റെ അന്തകനായിക്കൊണ്ടിരിക്കുന്നത്. 2003-ല്‍ മണ്ണിന്റെ പ്രാധാന്യം മനസ്സിലാക്കി ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ശാസ്ത്രജ്ഞര്‍ ഒപ്പിട്ട ഒരു താക്കീത് അന്താരാഷ്ട്ര സംഘടനയ്ക്ക് കൊടുത്തിരുന്നു. 2016 ആകുമ്പോഴേക്കും താക്കീതില്‍ ഒപ്പിട്ട ശാസ്ത്രജ്ഞരുടെ എണ്ണം ലക്ഷം കവിഞ്ഞു. മണ്ണിന്റെ പ്രാധാന്യവും മണ്ണ് നശിച്ചുകൊണ്ടിരിക്കുന്നതിന്റെ തോതും നിരീക്ഷിച്ച് തയ്യാറാക്കിയ ഗവേഷണഫലങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പമായിരുന്നു അത് കൈമാറിയത് അതില്‍ മണ്ണിനെ നശിപ്പിക്കുന്ന ഘടകങ്ങളുടെ കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

രാസകൃഷി, കീടനാശിനി, കളനാശിനികള്‍

പല വികസിതരാജ്യങ്ങളും തങ്ങളുടെ ഭക്ഷ്യാവശ്യങ്ങളക്കുള്ള ആഹാരസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇപ്പോള്‍ ജൈവകൃഷിയിലൂടെയാണ്. ഉയര്‍ന്ന ഉത്പാദനത്തോതും ഉയര്‍ന്ന വിള തോതും ഉറപ്പുനല്‍കുന്ന രാസകൃഷിയെ പലരും ഉപേപക്ഷിച്ചമട്ടാണ്. കാരണം രാസകൃഷിയില്‍ ഉപയോഗിക്കപ്പെടുന്ന യൂറിയപോലുള്ള രാസവളങ്ങളും രാസകീടനാശിനികളും കളനാശിനികളും മണ്ണിലെ സൂക്ഷ്മജീവികളെ നാമാവശേഷമാക്കുകയും മണ്ണിന്റെ ജൈവികത ഇല്ലാതാക്കുകയും അതിന്റെ സ്ഥിരമായ ഉപയോഗം മണ്ണില്‍ നട്ടാല്‍ ഒന്നും കരുക്കാത്തരീതിയിലാക്കുകയും ചെയ്യുന്നു. 

മണ്ണൊലിപ്പ് 

മണ്ണൊലിപ്പാണ് മേല്‍മണ്ണിന്റെ മറ്റൊരു ശത്രു ചരിഞ്ഞ ഭൂപ്രകൃതിയുള്ളകേരളത്തില്‍ നിന്നുമാത്രം പ്രതിവര്‍ഷം ഹെക്ടറിന് ആറു ടണ്ണോളം മണ്ണാണ് ഒഴുകിപ്പോകുന്നതെന്നത് മനസ്സിലാക്കിയാല്‍ മണ്ണൊലിപ്പിന്റെ രൂഷത നമുക്ക് മനസ്സിലാക്കാം. മഴപതുക്കെ വിട്ടൊഴിയുമ്പോഴേക്കും ഭാരതപ്പുഴയുടെ വിരിമാറില്‍ മണല്‍ക്കുനകള്‍ ഉയരുന്നത് ഇരുകരകളില്‍നിന്നും കുത്തിയൊലിച്ചുവരുന്നമണ്ണാണ്. 

പ്രതിവിധി

മരങ്ങള്‍ നട്ടുപിടിപ്പിക്കുക, പരമാവധിവെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കുക, കയര്‍ഭൂവസ്ത്രം വിരിക്കുക, തികച്ചുംജൈവകൃഷിമാത്രം അനുവര്‍ത്തിക്കുക, മാരക കീട, കളനിശികള്‍ മണ്ണില്‍ പ്രയോഗിക്കാതിരിക്കുക, ജൈവമാലിന്യങ്ങളെ മണ്ണില്‍ അലിഞ്ഞു ചേരാന്‍ അനുവദിക്കുക എന്നിവയെല്ലാമാണ് നാം അനുവര്‍ത്തിക്കേണ്ട പരിഹാരമാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ മണ്ണെന്നുപറയുന്ന അമൂല്യമായ സമ്പത്ത് നശിച്ച് നാം അന്നത്തിന് വേറെ വഴിയാരായേണ്ടിവരും.

pramodpurath@gmail.com