ഇലക്കറികള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരണമായി കടന്നുവരുന്ന കാലമാണിത്. പ്രകൃതിദത്തമായ നാരുകളും ഇരുമ്പും മറ്റനേകം പോഷകങ്ങളും പ്രദാനം ചെയ്യുന്ന ഇലക്കറികള്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ട്. അത് കണ്ടെത്തി ഭക്ഷണയുക്തമാക്കുകയെന്നതാണ് നാം ചെയ്യേണ്ടത്. ആയുര്‍വേദ ആചാര്യന്മാരും പൗരാണികരും ഒട്ടേറെ ഇലക്കറികളെ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ആയുര്‍വേദത്തിലെ പ്രഗല്ഭ ഋഷിവര്യനായിരുന്ന അഗസ്ത്യമുനി നട്ടുവളര്‍ത്തിയ ഇലക്കറിയിനമാണ് അഗത്തിച്ചീര. അതുകൊണ്ട് സംസ്‌കൃതത്തില്‍ അഗത്തിച്ചീരയ്ക്ക് മുനിദ്രുമം, മുനിതരു, അഗസ്തി, അഗസ്തിദ്രുമം എന്നിങ്ങനെ പേരു ലഭിച്ചു.    

ഫാബേസീ (ഹരിദ്ര) കുടുംബത്തില്‍പ്പെട്ട അഗത്തിയുടെ ശാസ്ത്രീയനാമം സെസ്ബാനിയ ഗ്രാന്‍ഡിഫ്‌ളോറ എന്നാണ്. തമിഴില്‍ അഗത്തിയെന്നും കന്നഡയിലും മലയാളത്തിലും അഗസ്തി, ഗുജറാത്തിയില്‍ അഗതിയോ എന്നിങ്ങനെയും പറയപ്പെടുന്ന അഗത്തിക്ക് ബംഗാളിയില്‍ ബുക്കോ, ബാഖ്, ഹിന്ദിയില്‍ ഹഥിയ, ഹടയാ എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ അഗസ്റ്റ എന്നാണ് നാമം. സസ്യത്തിലുണ്ടാകുന്ന പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി വെള്ള അഗത്തി, ചുകന്ന അഗത്തി എന്നിങ്ങനെ രണ്ടുതരത്തില്‍ കണ്ടുവരുന്നു. 

വളരെ വേഗത്തില്‍ വളരുന്ന ഒരിനം സസ്യമാണിത്. 5 മുതല്‍ 10 മീറ്റര്‍ വരെ പൊക്കം വെക്കുന്നു. ചെറുതായി നീണ്ട് വട്ടത്തിലാണ് ഇലകള്‍. സീമക്കൊന്നയിലയെപ്പോലെ തോന്നിക്കുന്ന  ഓരോ ഇലത്തണ്ടിലും 10-12 ജോഡി ഒറ്റയിലകള്‍ കാണാം. അവ സമുഖമായിരിക്കും. ഇലകളുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും സീമക്കൊന്നയിലയുടെ അറ്റം കൂര്‍ത്തതായിരിക്കും. കാണാന്‍ കൗതുകമുള്ളതും വലുതുമായ പൂവുകള്‍ മുരിങ്ങപ്പൂവിന്റെ വലിയ ഇനമാണെന്നുതോന്നും. പൂമൊട്ടിന് വളഞ്ഞ ആകൃതിയാണ് ഉണ്ടാവുക. പൂക്കള്‍ വലുതായിരിക്കും വലിയ രണ്ട് ഇതളുകളും നാല് സഹ ഇതളുകളും ഉണ്ടായിരിക്കും. പത്തോളം കേസരങ്ങളുള്ള അഗത്തിപ്പൂവന്റെ കായ നീണ്ടതായിരിക്കും. കുറഞ്ഞത് 20 വിത്തുകളെങ്കിലും കാണും. 

agathi

കൃഷിചെയ്യാം

ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്,  തമിഴ്‌നാട്്, എന്നിവിടങ്ങളില്‍  വ്യാപകമായി കൃഷിചെയ്തുവരുന്നു. മലേഷ്യയിലും ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. നല്ല മണ്ണും സൂര്യപ്രകാശവും ഈര്‍പ്പം നിലനില്‍ക്കുന്ന കാലാവസ്ഥയും ഉള്ളിടത്തെല്ലാം വളര്‍ച്ച കാണിക്കുന്ന ഇതിന് പല സ്ഥലങ്ങളിലും പരമ്പരാഗതമായ ഉപയോഗങ്ങളുണ്ട്..

തൈകള്‍ തയ്യാറാക്കലും കൃഷിയും

നമ്മുടെ പുരയിടങ്ങളില്‍ നട്ടുപിടിപ്പിച്ചു വന്നിരുന്ന അഗത്തിച്ചീര വിത്തിലൂടെയും കമ്പുകള്‍ മുറിച്ചു നട്ടുമാണ് വളര്‍ത്തിയെടുക്കുന്നത്.  വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്തും കമ്പുകള്‍ക്ക് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. കൂടാതെ കമ്പുമുറിച്ചുനട്ട് വേരുപിടിപ്പിച്ച് മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച്  ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. അതിരുകളില്‍ പൊക്കത്തില്‍ ജൈവവേലിപോലെ പുരയിടങ്ങളില്‍ നട്ടുവളര്‍ത്താം. തടങ്ങളില്‍ ഒന്നര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യാം.

കൃഷി ചെയ്യുമ്പോള്‍ മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചില കര്‍ഷകര്‍ ചെടി തഴച്ചുവളരാന്‍ ഹെക്ടറിന് 50 കിലോഗ്രാം യൂറിയയും 200 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റും 50 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായി നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

 ഇലകള്‍ പറിക്കാം, പയറും വിത്തും

ചെടികള്‍ നട്ട് മൂന്നുമാസത്തിനുള്ളില്‍ അവ നീണ്ടുനില്‍ക്കും. അതിന്റെ തലപ്പ് വെട്ടിക്കൊടുത്താല്‍ നന്നായി തിങ്ങിവളര്‍ന്ന്് ബുഷ് പോലുള്ള രീതിയിലാകും. വേനല്‍ക്കാലത്ത് നനയും വളവും നല്‍കിയാല്‍ വര്‍ഷം മുഴുവനും അതില്‍ നിന്ന് ഇലകള്‍ പറിക്കാം. ശ്രീലങ്കയില്‍ ഇതിന്റെ  പയറും മുളപ്പിച്ച വിത്തും ആഹാരമാക്കുന്നു. മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും. 

രോഗങ്ങളും കീടങ്ങളും

നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് അഗത്തിച്ചീര . എന്നാലും ചിലപ്പോള്‍ ചിലചെടികള്‍ക്ക് ഇളംപ്രായത്തില്‍ രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം. 

ബാക്ടീരിയല്‍ വാട്ടം

വ്യാപകമായി അഗത്തിച്ചീര കൃഷിചെയ്യുമ്പോള്‍ ചെറിയ തൈകള്‍ക്ക്  ഈരോഗം വളരെപ്പെട്ടെന്ന് പടരും. വിത്തുകള്‍ കീടനാശിനിയില്‍ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇല പച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്്‌സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി (ഒരു ലിറ്ററിന് 5 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

ഔഷധഗുണം

agathi

ശീതവിര്യമുള്ളതെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ഇതിന്റെ സ്വല്‍പ്പം ചവര്‍പ്പുള്ള പാകമായ പയറുകളും വിത്തും ഇലയും ഭക്ഷ്യയോഗ്യമാണ്.  വിത്തില്‍ അന്നജം, കൊഴുപ്പ്, എന്നിവ കൂടാതെ ഒലിയാനോലിക് ആസിഡും ഇലയില്‍ വിറ്റാമിന്‍ ബി6, സി, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയും സമ്പുഷ്ടമായ തോതില്‍ അടങ്ങിയിരിക്കുന്നു. 

തൊലിയില്‍ ധാരാളം ടാനിന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ചുവന്ന ഒരു തരം പശയും ഉണ്ട്. പൂക്കളില്‍ വിറ്റാമിന്‍ സി.യും എ. യും അടങ്ങിയിരിക്കുന്നു.

പിത്തവും കഫവും ശമിപ്പിക്കാന്‍ നല്ലൊരു ഔഷധമായാണ് ആയുര്‍വേദം ഇതിനെ ഗണിച്ചുവരുന്നത്. വ്രണങ്ങള്‍ ഉണങ്ങാനും തലവേദന ശമിപ്പിക്കാനും പീനസം, പനി എന്നിവയടങ്ങാനും നല്ലതാണ്. ചുമയ്ക്കും അപസ്മാരത്തിനും പ്രതിശയായത്തിനും വിധിപ്രകാരം  സേവിക്കാം. പൂവ് ഇടിച്ചുപിഴിഞ്ഞു കിട്ടുന്ന നീര് പാലില്‍ സമം ചേര്‍ത്ത് സേവിച്ചാല്‍ വെള്ളപോക്ക്, പ്രദരം, പൂയസ്രാവം എന്നിവ ശമിക്കും.

നിശാന്ധത മാറാന്‍ അഗത്തിയില പശുനെയ്യില്‍ വറുത്ത് 10 ഗ്രാം വീതം പതിവായി രണ്ടുനേരം സേവിക്കാം. വിളര്‍ച്ച മാറാനും രക്തദോഷം തീരാനും വയറിളക്കം നിയന്ത്രിക്കാനും നേത്രരോഗങ്ങള്‍ മാറാനും നല്ല മരുന്നായ അഗത്തിച്ചീരയുടെ കൊമ്പുകള്‍ നമ്മുടെ അതിര്‍ത്തിയില്‍ ജൈവവേലിയായി നടാം. അങ്ങനെ ആരോഗ്യവും കാക്കാം.