പുല്പള്ളി: വരള്‍ച്ചയും പ്രളയവുമെല്ലാം ജില്ലയിലെ കാര്‍ഷികരംഗത്തെ പിടിച്ചുലപ്പോഴും പാടിച്ചിറ തട്ടാംപറമ്പില്‍ ജോര്‍ജിന്റെ കൃഷിയിടത്തെ ഇവയൊന്നും ബാധിച്ചേയില്ല. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ച് തോട്ടത്തിലെ വിളകള്‍ക്ക് താങ്ങായി നില്‍ക്കുകയാണ് ജോര്‍ജ് നട്ടുപിടിപ്പിച്ച മുളങ്കാട്.

കര്‍ഷകനും മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോര്‍ജ് തന്റെ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ നട്ടുവളര്‍ത്തിയ മുളങ്കൂട്ടം, പടര്‍ന്ന് പന്തലിച്ച് ഇപ്പോള്‍ ജൈവവേലിയായി തീര്‍ന്നു. ജില്ലയില്‍ വേനല്‍ ഏറ്റവുമധികം ബാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മുള്ളന്‍കൊല്ലി. കര്‍ണാടകയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശത്തെ കാലാവസ്ഥയും ഏകദേശം കര്‍ണാടകയിലേതുപോലെ തന്നെ.

വേനലില്‍ ഇവിടുത്തെ തോട്ടങ്ങളിലെ കുരുമുളകും വാഴയുമടക്കമുള്ള വിളകളെല്ലാം കരിഞ്ഞുണങ്ങി നശിക്കുന്നത് പതിവുകാഴ്ചയാണ്. എന്നാല്‍ വര്‍ഷങ്ങളായി മുളങ്കൂട്ടങ്ങളുടെ തണലേറ്റ്, വേനല്‍ ജോര്‍ജിന്റെ തോട്ടത്തെ ബാധിക്കാറില്ല. കൃഷിയിടത്തോട് അതിര്‍ത്തിപങ്കിടുന്ന കരമാന്‍തോടിനോട് ചേര്‍ന്നാണ് മുളങ്കൂട്ടങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൃഷിയിടത്തിലേക്ക് എത്തുന്ന കനത്തവെയിലിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് മുളങ്കാടുകളുടെ പ്രത്യേകതയെന്ന് ജോര്‍ജ് പറയുന്നു.

പെരുമഴയില്‍ കരമാന്‍തോട് കവിഞ്ഞൊഴുകി പ്രദേശത്തെ കൃഷിയിടങ്ങളിലെ മണ്ണിടിഞ്ഞ് വിളകള്‍ നശിച്ചപ്പോഴും ഇവിടെ രക്ഷയായത് മുളങ്കാടാണ്. മുളങ്കാടിന്റെ ആഴത്തിലിറങ്ങിയ വേരുകള്‍ മൂലമാണ് മണ്ണിടിച്ചിലില്‍നിന്ന് രക്ഷപ്പെട്ടതെന്ന് ജോര്‍ജ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് നാല്പത് ചുവട് മുളയാണ് ഇദ്ദേഹം നട്ടുപിടിപ്പിച്ചത്. ഇവിടത്തെ കാലാവസ്ഥയില്‍ മുളകള്‍ അതിവേഗം വളരുന്നുണ്ടെന്നും കൂടുതല്‍ കര്‍ഷകര്‍ മുളകൊണ്ടുള്ള ജൈവവേലി നിര്‍മാണം പരീക്ഷിക്കണമെന്നുമാണ് ജോര്‍ജിന്റെ അഭിപ്രായം.

Content highlights: Agriculture, Organic farming, Farmer, Bamboo