കൃഷിയും ഒപ്പം രാഷ്ട്രീയപ്രവര്‍ത്തനവും കൂടിക്കലര്‍ന്നതാണ് കാരുവേലില്‍ തയ്യിലഴികത്തു പുത്തന്‍വീട്ടില്‍ ഗണേഷ്‌കുമാറിന്റെ ജീവിതം. ജൈവകൃഷിക്കൊപ്പം മുറ്റത്തും പറമ്പിലും റോഡ് വക്കിലുമൊക്കെ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കും. നെല്‍വയലുകളുടെ നാശം കണ്ടാണ് ഗണേഷ് പാടത്തേക്കിറങ്ങിയത്.

ഇന്ന് പ്രദേശത്തെ സജീവ കര്‍ഷകരില്‍ ഒരാളാണ് ഈ പൊതുപ്രവര്‍ത്തകന്‍. നെല്ലും വാഴയും മുടങ്ങാതെ കൃഷിചെയ്യുന്ന ഗണേഷ് പാരമ്പര്യത്തിന്റെ കണ്ണി മുറിയാതിരിക്കാന്‍ വെറ്റില കൃഷിയും നടത്തുന്നു. മുത്തച്ഛനായ കുമാരന്റെ മുഖ്യതൊഴിലായിരുന്നു വെറ്റിലക്കൃഷി.

വീട്ടില്‍ വളര്‍ത്തുന്ന വെച്ചൂര്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചു ജീവാമൃതവും കീടനാശിനിയും സ്വന്തമായി തയ്യാറാക്കിയാണു ജൈവകൃഷി. രാവിലെ കൃഷിപ്പണി, പിന്നീട് ഖദര്‍ അണിഞ്ഞു രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുറപ്പെടും.

സ്വന്തമായുള്ള 80 സെന്റിലും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് സമ്പൂര്‍ണ ജൈവകൃഷി. പച്ചക്കറികള്‍ക്കു പുറമേ തണ്ണിമത്തനും ചോളവും എള്ളും ചേമ്പും ചേനയും തെങ്ങും കവുങ്ങും കൃഷിയുണ്ട്. ഔഷധസസ്യങ്ങളുടെ പട്ടിക വേറെ. വീട്ടുമുറ്റം നിറയെ ഫലവൃക്ഷങ്ങളുമുണ്ട്.

ഭാര്യ രാജിയുടെയും മക്കളായ ഗൗരിനാഥിന്റെയും നമ്രതയുടെയും പിന്തുണയിലാണു വീട്ടുമുറ്റത്തെ കൃഷി. പാടത്തും പറമ്പിലും ഒറ്റയ്ക്കാണ് ഈ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമക്കാരന്റെ കാര്‍ഷിക പോരാട്ടം. കൃഷിവകുപ്പിന്റെ മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാരവും ഗണേഷ്‌കുമാറിനെ തേടിയെത്തിയിട്ടുണ്ട്.