
ഊദ് തോട്ടത്തിൽ മാത്യു|ഫോട്ടോ:രാഹുൽ ജി.ആർ
കോഴിക്കോട്: പൊന്നിനേക്കാള്‍ വിലയുള്ള ഊദ് മരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പക്ഷെ ലോകത്ത് ഏറ്റവും വലിയ വിലപിടിപ്പിള്ള സുഗന്ധ ദ്രവ്യങ്ങള്‍ സമ്മാനിക്കുന്ന ഊദ് മരങ്ങളെ കുറിച്ച്. ഇതാ ഇങ്ങ് കോഴിക്കോട് കോടഞ്ചേരിക്കടുത്ത് മൈക്കാവിലെ മാത്യുവെന്ന കര്ഷകന് ഊദ് മരങ്ങളുടെ കാവല്‍ക്കാരനാണ്. മൂപ്പെത്തിയ ഊദ് മരങ്ങളുടെ വലിയ കാട് തന്നെ സ്വന്തമായിട്ടുള്ള മലയോര കര്ഷകന്. ഒന്നോ രണ്ടോയല്ല ആയിരത്തിലധികം ഊദ് മരങ്ങളുടെ ഉടമയാണ് ഇന്ന് മാത്യു. ഒരു പത്രപരസ്യം കണ്ട് 2004-ല്‍ ആദ്യമായി 40 ഊദ് തൈകള്‍ നട്ട് തുടങ്ങിയതാണ് ഇദ്ദേഹം. ഇന്നിവയെല്ലാം വലിയ വനമായി ഊദ് ഉല്‍പ്പാദിപ്പിക്കാന്‍ പൂര്‍ണ ശേഷിയുള്ള മരങ്ങളായി. ഇതിനായി മരങ്ങള്‍ക്ക് പ്രത്യേകം ട്രീറ്റ്മെന്റെടുത്ത് കാത്തിരിക്കുകയാണ് ഇദ്ദേഹം.
വിറ്റ് പോയാല്‍ കോടീശ്വരന്
ഊദ് മരത്തില്‍ നിന്നെടുക്കുന്ന സുഗന്ധ ദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങളാണ് വില. നല്ലയിനം ഊദ് എണ്ണയ്ക്ക് 12 മില്ലിഗ്രാമിന് 3000 മുതല്‍ 22000 രൂപ വിലയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. എപ്പോള്‍ മരത്തിന്റെ നാശം തുടങ്ങിയോ അന്ന് മുതല്‍ മരം ഊദ് ഉല്‍പ്പാദിപ്പിച്ച് തുടങ്ങുന്നുവെന്നതാണ് മരത്തിന്റെ പ്രത്യേകത. അസമാണ് ജന്മദേശമെങ്കിലും മാത്യുവിന്റെ തെയ്യപ്പാറയിലെ ഊദ് തോട്ടത്തില്‍ തഴച്ച് വളര്‍ന്ന് കഴിഞ്ഞിട്ടുണ്ട് 35 ഭീമന് ഊദ് മരങ്ങള്‍. മൂപ്പായ മരങ്ങള്‍ വെട്ടിയെടുത്ത് പ്രത്യേകം സംവിധാനത്തിലൂടെ വാറ്റിയെടുത്താണ് ഊദ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങള്‍ വീട്ടില്‍ തന്നെയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് മാത്യു. നമ്മുടെ കലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ വൃക്ഷമായത് കൊണ്ട് തന്നെ പ്രകൃതിക്കും വലിയ ദോഷം വരുന്നില്ലെന്നതാണ് പ്രത്യകത. വലിയ ചെലവില്ലാതെ റബ്ബര്‍ തോട്ടത്തിനിടയിലും കവുങ്ങ് തെങ്ങ് തോട്ടത്തിനിടയിലുമെല്ലാം ആര്‍ക്കുമൊരു പ്രയാസവുമില്ലാതെ സ്വസ്ഥമായി വളരാനുള്ള കഴിവും ഊദ് മരത്തിനുണ്ട്. മൂപ്പായ മരങ്ങള്‍ക്ക് പലരും അഡ്വാന്‍സ് നല്കി പോയിട്ടുണ്ടെങ്കിലും കോവിഡ് വന്നതോടെ കച്ചവടം പൂര്‍ണമായില്ലെന്ന് പറയുന്നു മാത്യു.
മരം കേടാക്കുന്ന വണ്ടിനെ കാത്ത്
തന്റെ മരങ്ങളെയെല്ലാം എത്രയും പെട്ടെന്ന് വണ്ടുകള്‍ വന്ന് തുരന്ന് നശിപ്പിക്കട്ടെയെന്നാണ് മാത്യു ചേട്ടന്റെ പ്രാര്‍ഥന. ഏതെങ്കിലുമൊരു കര്ഷകന് തന്റെ കൃഷി വണ്ടുകള്‍ വന്ന് നശിപ്പിക്കട്ടെയെന്ന് പ്രാര്ഥിക്കുന്നുണ്ടെങ്കില് അത് മാത്യുവിനെ പോലുള്ള ഊദ് കര്‍ഷകരായിരിക്കും. കാരണം പ്രത്യേക തരം വണ്ടുകള്‍ (സൈനോപ്ലാറ്റിപ്പസ് ഷെവ്റോലാറ്റി) ഉണ്ടാക്കുന്ന ദ്വാരങ്ങളിലൂടെ ചില ഫംഗസുകള്‍ (ഫ്രിയാലോഫോറ പാരാസൈറ്റിക്ക) തടിക്കുള്ളില്‍ വ്യാപിക്കുകയും അതിനെ ചെറുക്കാന്‍ ഊദ് മരം തവിട്ട് നിറത്തിലുള്ള ഒരു പശ ഉണ്ടാക്കുകയും വേണം. ഇതില്‍ നിന്നാണ് ഊദ് ഉല്‍പ്പാദിപ്പിക്കുന്നത്. ഏറ്റവും മികച്ച ഊദ് തൈലം ഉല്‍പ്പാദിപ്പിക്കുന്നത് അക്വിലേറിയ അഗലോയ്യ എന്ന ശാസ്ത്രനാമമുള്ള ഇനത്തില്‍ നിന്നാണ്. ഇത്തരം മരങ്ങള്‍ തന്നെയാണ് മാത്യുവിന്റെ തോട്ടത്തിലും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്.
കൃത്രിമ ഉല്‍പ്പാദനത്തിന് ഫംഗസ് ട്രീറ്റ്മെന്റ്
മാത്യുവിന്റെ മരങ്ങളെ തേടി വണ്ടുകള്‍ എത്താന്‍ തുടങ്ങിയതോടെ സന്തോഷത്തിലാണ് ഈ കര്ഷകന്. സാധാരണ വലിയ തോട്ടങ്ങളില്‍ വളരെ കുറച്ച് മരങ്ങളെ തേടിയാണ് വണ്ടുകള്‍ എത്തുന്നതെങ്കിലും ഇവിടെ കൂറെ മരങ്ങളെ തേടി വണ്ടുകള്‍ എത്തിയിട്ടുണ്ടെന്ന് മാത്യു പറയുന്നു. ബാക്കിയുള്ളവയ്ക്ക് കൃത്രിമ ഫംഗസ് ട്രീറ്റ്മെന്റും നടത്തിയിട്ടുണ്ട്. അസമില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് ഫംഗസ് ട്രീറ്റ്മെന്റ് നടത്തുന്നത്. തേനും വെള്ളവും ചേര്‍ത്തുള്ള മിശ്രിതം മരത്തില്‍ ചെറിയ ദ്വാരമുണ്ടാക്കിയിട്ട് അതിലേക്ക് ഒഴിച്ച് കൊടുത്ത് മരം കേടാക്കി ഫംഗസ് ഉണ്ടാക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ ഫംഗസ് ട്രീറ്റ്മെന്റ് നടത്തിയ മരത്തില്‍ നിന്ന് ഉല്‍പ്പാദനം നടത്താനാവുമെന്നാണ് മാത്യു കരുതുന്നത്.
അറബികളുടെ പ്രിയപ്പെട്ടവന്
ഊദ് അഥവാ അഗര്‍-അക്വിലേറിയ എന്ന മരത്തില്‍ നിന്നാണ് നമ്മള് ഉപയോഗിക്കുന്ന തരത്തില്‍ സുഗന്ധദ്രവ്യമായി തയ്യാറാക്കുന്നത്. 40 മീറ്ററോളം ഉയരത്തില്‍ ഊദ് മരം വളരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 17 വിഭാഗത്തില്‍പെട്ട ഊദ് മരങ്ങള്‍ വളരുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗ്ലാദേശ്, കമ്പോഡിയ, മ്യാന്മര്, മലേഷ്യ, വിയറ്റ്നാം, ലാവോസ്, ഭൂട്ടാന്, തായ്ലണ്ട് എന്നീ രാജ്യങ്ങളിലാണ് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഊദ് മരങ്ങള്‍ കാണപ്പെടുന്നത്. വലിയ ആഗോള വിപണി തന്നെയാണ് ഊദിനുള്ളത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ അറേബ്യന്‍ നാടുകളിലാണ്. ഊദ് മരത്തിന്റെ കായകള്‍ മരുന്നായും ഇലകള്‍ ചായയായും ഉപയോഗിക്കുന്നണ്ട്. അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..