സവാള കൃഷിചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. തണുപ്പുള്ള കാലാവസ്ഥ ചെടികളുടെ വളര്‍ച്ചയ്ക്കും തുടര്‍ന്നുള്ള മഴയില്ലാത്ത മാസങ്ങള്‍ സവാള പാകമാകുന്നതിനും സഹായിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് കൃഷിസീസണ്‍. അഗ്രി ഫൗണ്ട് ഡാര്‍ക്ക് റെഡ്, അര്‍ക്ക കല്യാണ്‍, അര്‍ക്ക നികേതന്‍ എന്നീയിനങ്ങളാണ് കേരളത്തില്‍ കൃഷിക്ക് യോജിച്ചത്.
തൈ ഉത്പാദനം
വിത്തുപാകി മുളപ്പിച്ച് തൈകള്‍ പറിച്ചുനട്ടാണ് കൃഷി. ഒരു സെന്റിലേക്ക് 40 ഗ്രാം വിത്ത് ആവശ്യമാണ്. നഴ്‌സറിയില്‍ ബെഡ്ഡുകളെടുത്തോ പ്രോട്രേയില്‍ വിത്തുപാകിയോ തൈകള്‍ ഉത്പാദിപ്പിക്കാം. നഴ്‌സറിയില്‍ വിത്തുപാകുന്നതിന് ഒരു മീറ്റര്‍ വീതിയും ആവശ്യത്തിന് നീളവും അരയടി ഉയരവുമുള്ള ബെഡ്ഡുകള്‍ എടുക്കണം.
ട്രൈക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേര്‍ക്കുന്നത് തൈചീയല്‍ രോഗത്തില്‍നിന്ന് സംരക്ഷണം നല്‍കും. തവാരണയില്‍ 7.5 സെ.മീ. അകലത്തില്‍ വരികളെടുത്ത് ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ വിത്തുപാകാം. പ്രോട്രേകളില്‍ ചകിരിച്ചോറും കമ്പോസ്റ്റും മണ്ണിരക്കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ നിറച്ച് ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ വിത്തുപാകാവുന്നതാണ്. അഞ്ചുദിവസത്തിനുള്ളില്‍ വിത്തുമുളയ്ക്കും. ആഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിക്കുന്നത് കുമിള്‍രോഗങ്ങളെ തടയുന്നതിന് സഹായിക്കും.
അമിത ജലസേചനം വേണ്ടാ. തൈകളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്നതിന് 19:19:19 വളം രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഇലകളില്‍ തളിച്ചുകൊടുക്കാം. ആറുമുതല്‍ എട്ടാഴ്ച പ്രായമായ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചുനടാം. ഒരു സെന്റ് കൃഷിചെയ്യാന്‍ 1500 മുതല്‍ 2000 തൈകള്‍ ആവശ്യമായിവരും.
കൃഷിരീതി
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം. നീര്‍വാര്‍ച്ചയുള്ള മണ്ണായിരിക്കണം. കൃഷിയിടം നന്നായി കിളച്ചൊരുക്കി ഒരു സെന്റിന് 100 കിലോഗ്രാം ജൈവവളം ചേര്‍ത്ത് ഒരു മീറ്റര്‍ വീതിയും ആവശ്യത്തിന് നീളവും 20 സെന്റീമീറ്റര്‍ ഉയരവുമുള്ള തടങ്ങളെടുത്ത് തൈകള്‍ പറിച്ചുനടാം. മണ്ണിലെ അമ്ലത്വം ക്രമീകരിക്കുന്നതിന് സെന്റൊന്നിന് ഒന്ന്-രണ്ട് കിലോഗ്രാം കുമ്മായം കൃഷിയിടം ഒരുക്കുമ്പോള്‍ത്തന്നെ മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. കുമ്മായമിട്ട് രണ്ടാഴ്ച കഴിഞ്ഞുവേണം ജൈവവളം ചേര്‍ക്കാന്‍. രണ്ടുവരികള്‍ തമ്മില്‍ 15 സെന്റീമീറ്ററും രണ്ടുചെടികള്‍ തമ്മില്‍ 10 സെന്റീമീറ്ററും അകലം വേണം. ഇപ്രകാരം ഒരു ബെഡ്ഡില്‍ അഞ്ചുവരി തൈകള്‍ നടാം. 40 ദിവസംവരെ കളശല്യമില്ലാതെ നോക്കുന്നത് മെച്ചപ്പെട്ട വിളവുനല്‍കുന്നു.
വളപ്രയോഗം
അടിസ്ഥാനവളമായി സെന്റൊന്നിന് 350 ഗ്രാം യൂറിയ, 800 ഗ്രാം രാജ്ഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. നട്ട് ഒരുമാസത്തിനുശേഷം 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നല്‍കണം. വളപ്രയോഗത്തിനുശേഷം ചെറുതായി മണ്ണ് ചുവട്ടിലേക്ക് കയറ്റിക്കൊടുക്കണം. മണ്ണിലെ ഈര്‍പ്പത്തിന്റെ തോതനുസരിച്ച് ജലസേചനം ക്രമീകരിക്കണം. നന അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
വിളവെടുപ്പ്
പറിച്ചുനട്ട് മൂന്നര-നാലു മാസമാകുമ്പോള്‍ വിളവെടുക്കാം. ചെടികളുടെ ഇലകള്‍ ഉണങ്ങിത്തുടങ്ങുന്നതാണ് മൂപ്പെത്തിയതിന്റെ ലക്ഷണം. ചെടികളുടെ ചുവട്ടിലെ മണ്ണ് മാറ്റിനോക്കിയാല്‍ സവാളയ്ക്ക് ചുവന്നനിറം ലഭിച്ചിട്ടുണ്ടെങ്കില്‍ വിളവെടുക്കാന്‍ പാകമായെന്ന് അനുമാനിക്കാം. വിളവെടുക്കുന്നതിന് പത്തുദിവസംമുമ്പ് നന നിര്‍ത്തേണ്ടതാണ്.
70 ശതമാനം ഇലകള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ ഇലയുള്‍പ്പെടെ സവാള പിഴുതെടുത്തു തണലില്‍ രണ്ടുമൂന്നു ദിവസം ഉണക്കണം. പിന്നീട് ബള്‍ബിന്റെ (സവാളയുടെ) ചുവട്ടില്‍നിന്ന് ഒരിഞ്ചുവിട്ട് മുകള്‍ഭാഗം മുറിച്ചുമാറ്റി നന്നായി ഉണക്കിയെടുക്കണം. ഇപ്രകാരം ഉണക്കിയ സവാള ഇഴയകലമുള്ള ചാക്കുകളില്‍ സൂക്ഷിക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക്: 9447890944
Content Highlights: Onion Farming, Planting, Care, Harvesting