കാന്തല്ലൂരിലെ സവാള കൃഷി വിളവെടുത്തപ്പോൾ
കാന്തല്ലൂരിലെ മല മുകളില്‍ സവാള വിളയുമോ? രണ്ടുവര്‍ഷമായി അതു കണ്ടെത്താനുള്ള ശ്രമമായിരുന്നു. പല സമയങ്ങളില്‍ പലയിടങ്ങിലായി നട്ടുനോക്കി. വിളവ് ലഭിക്കുന്നുണ്ടെങ്കിലും തൃപ്തികരമായിരുന്നില്ല. ഇത്തവണ ഫെബ്രുവരിയില്‍ വിതച്ച് ഏപ്രില്‍ മാസത്തിലാണ് നട്ടത്. അതങ്ങ് പൊലിച്ചു. നല്ല വിളവ്. അങ്ങനെ കാന്തല്ലൂര്‍ മലനിരകളിലെ സവാള കൃഷിക്ക് അനുയോജ്യമായ കാലം കണ്ടെത്തി. ഇതിനി കാന്തല്ലൂര്‍ സവാളയായി വിപണിയിലെത്തും. കേരള കാര്‍ഷിക സര്‍വകലാശാലയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കാന്തല്ലൂരില്‍ രണ്ടുവര്‍ഷമായി സവാള കൃഷി നടത്തുന്നത്.
Also Read
12 ഇനങ്ങള്‍, അഞ്ച് ഗ്രാമങ്ങള്‍
കാന്തല്ലൂരിലെ അഞ്ച് ഗ്രാമങ്ങളിലായി 10 സ്ഥലങ്ങള്‍ കണ്ടെത്തി. എല്ലാം മലമുകളില്‍. ആകെ രണ്ടേക്കര്‍ സ്ഥലത്തായിരുന്നു കൃഷി. പൊതുമേഖലയില്‍ വളര്‍ത്തിയെടുത്ത 12 ഇനം തൈകള്‍ പല സമയങ്ങളില്‍ നട്ടു. ചിലപ്പോള്‍ 80 ശതമാനം തൈകളും വിളവായി. എന്നാല്‍, സവാളയ്ക്ക് വലിപ്പം കുറവായിരുന്നു.
ഇത്തവണ ഫെബ്രുവരി ആദ്യം വിത്തുമുളപ്പിക്കാന്‍ തുടങ്ങി. ഏപ്രില്‍ പകുതിയോടെ തൈകള്‍ വിവിധസ്ഥലങ്ങളില്‍ നട്ടു. ഈ സമയം കാന്തല്ലൂരില്‍ മഴ കുറവുള്ള സമയമാണ്. കൃത്യമായി പരിപാലിച്ചപ്പോള്‍ 95 ശതമാനം തൈകളും വിളഞ്ഞു. ഓരോ ഇനത്തിനും അനുസരിച്ച് നല്ല വലിപ്പം കിട്ടി. 80 ഗ്രാം മുതല്‍ 100 ഗ്രാം വരെ തൂക്കം ലഭിച്ചു. ഒരു മരുന്നും കര്ഷകന് തളിക്കേണ്ടിവന്നില്ല. ഉത്പാദനച്ചെലവും കുറഞ്ഞു. വിളവെടുപ്പ് കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു.
കൃഷി ഇങ്ങനെ
വിത്ത് നേരിട്ട് മണ്ണില്‍ ഇടാതെ തൈകളാക്കി (ട്രാന്‍സ് പ്ലാന്റ് ടെക്നോളജി) 45 ദിവസത്തിനുശേഷം നടുക എന്നതാണ് രീതി. നേരിട്ട് വിതച്ചാല്‍ വിളവ് കുറയും. തൈനട്ട് 82 മുതല്‍ 90 ദിവസംവരെ പരിപാലിക്കണം. രാസവളങ്ങള്‍ ഒന്നുംതന്നെ ഉപയോഗിച്ചിട്ടില്ല. രണ്ടുവര്‍ഷത്തെ പരീക്ഷണംകൊണ്ട് കര്‍ഷകര്‍ക്ക് സവാളകൃഷിയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചു. ആദ്യവര്‍ഷം സര്‍വകലാശാല തൈകള്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്കി. ഇത്തവണ വിത്ത് തൈകളാക്കിയതും നട്ടതും കര്‍ഷകരാണ്.
കേരള കാര്‍ഷിക സര്‍വകലാശാല അസി.പ്രൊഫസര്‍ ഡോ.ജലജ എസ്.മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണ കൃഷിയ്ക്ക് കര്‍ഷകരെ സജ്ജരാക്കിയത്. സവാള വ്യാപകമായി തത്കാലം കേരളത്തിലെ വലിയ വിപണിയിലെത്തിക്കുവാന്‍ സാധ്യമല്ല. അതിന് ആവശ്യമായ കൃഷിയില്ല. കാന്തല്ലൂര്‍ വെളുത്തുള്ളി പോലെ കറ്റകെട്ടി കാന്തല്ലൂര്‍ സവാള എന്ന പേരില്‍ പ്രാദേശിക വിപണിയൊരുക്കി സഞ്ചാരികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. വിളവെടുപ്പില്‍ പഞ്ചായത്തംഗം കെ.ആര്. സുബ്രഹ്മണ്യന്, കൃഷി ഓഫീസര്‍ കെ.ആര്. സതീഷ്, എസ്.സജിത്, എ.ആര്. വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
കൃഷിചെയ്ത ഗ്രാമങ്ങള്‍
കാന്തല്ലൂര്‍ ആടിവയല്‍, കീഴാന്തൂര്‍, വെട്ടുകാട്, പെരുമല ഗ്രാമങ്ങളിലാണ് സവാളകൃഷി ചെയ്തത്. ചൊവ്വാഴ്ച കാന്തല്ലൂര്‍, കീഴാന്തുര് ഗ്രാമങ്ങളിലാണ് വിളവെടുപ്പ് നടന്നത്.
സവാള ഇനങ്ങള്‍
അഗ്രി ഫൗണ്ട് ഡാര്‍ക്ക് റെഡ്, അഗ്രി ഫൗണ്ട് ലൈറ്റ് റെഡ്, എന്‍.എച്ച്.ആര്.ഡി.എഫ്, റെഡ് ത്രീ, ബീമാ സൂപ്പര്‍, ബീമാസ്വേത, എന്‍.53,പുസാ ഫര്സങ്കി, അക്ഷയ, വൈറ്റ് ഒണിയന്‍ കോഹ്രി തുടങ്ങിയ ഇനങ്ങളാണ് കൃഷിയിറക്കിയതില്‍ പ്രധാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..