കൃഷ്ണഗിരി : നാലേക്കര്‍ സ്ഥലമാണ് കര്‍ഷകനായ ദൊഡ്ഡയ്യനുള്ളത്. ഇത്തവണ രണ്ടേക്കറില്‍ വഴുതന നട്ടു. ഏക്കറിന് രണ്ടുലക്ഷം ചെലവുവന്നു. വളമിടുന്നതും കൃഷിരീതിയും അനുസരിച്ച് ഏക്കറിനുള്ള ചെലവും വ്യത്യാസപ്പെടും. 

Brinjal60 കിലോവരുന്ന ഒരു ചാക്ക് വഴുതനയ്ക്ക് മൊത്തവിപണിയില്‍ കിട്ടുന്ന വില പരമാവധി 65 രൂപ. ഒരുകിലോ വഴുതനയ്ക്ക് ഒന്നര, രണ്ടുരൂപയേ കിട്ടൂ എന്നുവന്നതോടെ ദൊഡ്ഡയ്യന്‍ ഇത്തവണ വിളവെടുത്തില്ല. കിലോയ്ക്ക് 15 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതിരിക്കൂവെന്ന് അദ്ദേഹം പറയുന്നു. രണ്ടേക്കറില്‍ വിളഞ്ഞ വഴുതന പഴുത്തുകിടക്കുന്നത് കാണുമ്പോള്‍ ആരുടെയും നെഞ്ചുപിടയ്ക്കും. 

മിക്കവാറും എല്ലാ പച്ചക്കറികള്‍ക്കും റായക്കോട്ടെയിലെ കര്‍ഷകര്‍ക്ക് വില കിട്ടുന്നില്ല. രണ്ടര ലക്ഷം ചെലവാക്കി നാലേക്കറില്‍ നട്ട ക്വാളിഫ്ലവര്‍ പൊന്നുസാമി ഗൗണ്ടര്‍ എന്ന കര്‍ഷകന്‍ ട്രാക്കര്‍ കൊണ്ടുവന്ന് ഉഴുതുമറിച്ചിട്ടു. മൂന്നേക്കറില്‍ കാബേജ് കൃഷിചെയ്ത മുനുസാമിയും അന്തിച്ചുനില്‍ക്കുന്നു. 

തക്കാളിക്ക് മാത്രമല്ല വില കിട്ടാത്തത്. കൂടുതല്‍പേര്‍ തക്കാളി കൃഷി ചെയ്തതിനാല്‍ അത് ശ്രദ്ധയിലിടം പിടിച്ചുവെന്നുമാത്രം. 

മുക്കാല്‍കിലോവരുന്ന ക്വാളിഫ്ലവറൊന്നിന് കിട്ടുന്നത് അഞ്ചുരൂപ. തൊട്ടടുത്ത സേലത്തും കോയമ്പത്തൂരിലും കേരളത്തിലുമെല്ലാമെത്തുമ്പോള്‍ അതിന് വില 40 വരെയെത്തുന്നു. കാബേജിനും കിലോയ്ക്ക് രണ്ട്-രണ്ടര രൂപയാണ് കിട്ടുന്നത്.

60,000 ചെടിയാണ് ഒരേക്കറില്‍ നടാനാകുക. ഒരു ചെടിക്ക് 50 പൈസ നല്‍കണം. ഇതിനുള്ള ചെലവുമാത്രം 30,000 രൂപ, കുറഞ്ഞത് പത്തുചാക്ക് വളം വേണം. ചെലവ് 12,500 രൂപ. നടുന്ന കൂലി, ഉഴവുകൂലി, കീടനാശിനി വാങ്ങാനും അടിക്കുന്നതിനുമുള്ള ചെലവ് എല്ലാം ചേരുമ്പോള്‍ ചെലവ് ഒന്ന്-ഒന്നര ലക്ഷംവരെ. ഒരേക്കറിലെ വിളവ് പരമാവധി 12 ടണ്‍. കിലോയ്ക്ക് ഒന്നരരൂപ കിട്ടിയിട്ട് എന്തുകാര്യം? -കര്‍ഷകനായ ഗോവിന്ദരാജ് ചോദിക്കുന്നു.

പാവയ്ക്ക നാലുരൂപ, മുള്ളങ്കി മൂന്നുരൂപ, കാരറ്റ് മൂന്ന് രൂപ, പച്ചമുളക് പത്തുരൂപ, കാബേജ് രണ്ടുരൂപ, ബീറ്റ്റൂട്ട് രണ്ട് രൂപ എന്നിങ്ങനെയാണ് മറ്റു പച്ചക്കറികള്‍ക്ക് കിലോയ്ക്ക് കര്‍ഷകര്‍ക്ക് കിട്ടുന്ന വില. 

ഇക്കൊല്ലം കുറച്ചധികം മഴ കിട്ടിയപ്പോള്‍ കുറഞ്ഞസമയത്തിനുള്ളില്‍ വരുമാനം കിട്ടുമെന്ന് കരുതിയാണ് തമിഴ്നാട്ടിന്റെ പലഭാഗത്തും കൂടുതല്‍പേര്‍ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. പലരും കണികാ ജലസേചനം സ്വീകരിച്ചത് വിളവ് കൂട്ടാനും ഇടയാക്കി. എന്നാല്‍, ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പിക്കുന്ന സംവിധാനം ഇനിയുമില്ലാത്തത് കര്‍ഷകരെ അനിശ്ചിതത്വത്തിന്റെ ചുഴിയിലേക്ക് തള്ളുന്നു.

ഇതിന് പരിഹാരമായില്ലെങ്കില്‍ ഈ ദുരവസ്ഥയില്‍നിന്ന് കര്‍ഷകര്‍ക്ക് കരകയറാനാവില്ലെന്ന് റായക്കോട്ടൈ കര്‍ഷക അസോസിയേഷന്റെ പ്രസിഡന്റ് എം. മുനുസാമി പറഞ്ഞു.

Content highlights: Agriculture, Brinjal, Vegetables, Cabbage, Cauliflower