ലോകത്തിലെ  ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും മനോഹരങ്ങളാണ് പൂക്കള്‍. ബഹുവര്‍ണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാര്‍ഷികസംസ്‌കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കള്‍ ധാരാളം ഉപയോഗിക്കപ്പെടുന്നു. ജനനത്തിലും മരണത്തിലും വിവാഹത്തിലും പൂക്കള്‍ക്ക് വലിയപങ്കുണ്ട്. വസന്തോത്സവങ്ങളാണ് ആഘോഷങ്ങളായി നാം കൊണ്ടാടുന്നത്.

ലോകത്തിന്റെ പല ഭാഗത്തും പൂക്കളുടെ ഉത്സവങ്ങള്‍ ധാരാളമുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന, തുടര്‍ച്ചയായി പത്തുദിവസങ്ങള്‍ പൂക്കളം തീര്‍ത്ത് ആഘോഷിക്കുന്ന നമ്മുടെ പൊന്നോണത്തിന്റെയത്രവരില്ലയൊന്നും. മാവേലിയെ വരവേല്‍ക്കാന്‍ നാടുമുഴുവന്‍ പൂക്കൂടയുമായി അലഞ്ഞ് ഒട്ടേറെ നാടന്‍ പൂവുകള്‍ തമ്മില്‍ മത്സരിച്ച് കുട്ടികള്‍ നുള്ളിയെടുത്തിരുന്ന കാലം ഓര്‍മയിലായി. അത്തം മുതല്‍ ഓരോദിവസവും പൂക്കളത്തിന്‍െ എണ്ണം വര്‍ധിപ്പിച്ച് തിരുവോണമാകുമ്പോഴേക്കും പത്ത് പൂക്കളങ്ങള്‍ തീര്‍ക്കുന്ന തായിരുന്നു പണ്ടത്തെ രീതി. എന്നാലിന്ന് കരണാടകയില്‍ നിന്നും തോവാളയില്‍ നിന്നും വരുന്ന രാസവളമിട്ട് കീടനാശിനി തളിച്ച് വരുന്ന പൂക്കള്‍  കാശുകൊടുത്ത് വാങ്ങി പൂക്കളം തീര്‍ക്കുകയാണ് നാം. 

പണ്ടുകാലത്ത് ചിങ്ങം പിറന്നാല്‍ പൂക്കളുടെ തിരയിളക്കമായിരുന്നു എല്ലായിടത്തും കാട്ടിലും മേട്ടിലും വള്ളിപ്പടര്‍പ്പിലും പുഴയോരത്തും നിറയെ പൂക്കളായിരുന്നു പൂവേപൊലി പാടിക്കാണ്ട് കുട്ടികള്‍ നാടുനീളെ പൂക്കള്‍ പറിക്കാനിറങ്ങുമായിരുന്നു. അവര്‍ക്കിടയില്‍ പുലര്‍ച്ചെയെഴുന്നേറ്റ് പൂക്കള്‍ കക്കാന്‍ പോകുന്നവറും ഉണ്ടായിരുന്നു. അത്തരം ഓര്‍മകളെപ്പോലെ തന്നെ നാടന്‍ ഓണപ്പൂക്കളും വിസ്മൃതിയിലായിരിക്കുന്നു. ചില നാടന്‍ പൂക്കളെ നമുക്ക് പരിചയപ്പെടാം.

തുമ്പThumba

മാവേലിത്തമ്പുരാന്‍ കനിഞ്ഞനുഗ്രഹിച്ച തുമ്പപ്പൂവില്ലാതെ ഓണത്തിന് പൂക്കളം നിര്‍മിക്കരുതെന്നാണ് ചൊല്ല.് ഒരിതള്‍ തുമ്പപ്പൂവെങ്കിലും ഇല്ലാതെ പൂവിടുന്നത് ദോഷമായി മുന്‍കാലങ്ങളില്‍ കണക്കാക്കിയിരുന്നു. ലാമിയേസി കുടുംബത്തില്‍പ്പെടുന്ന ല്യൂക്കസ് ആസ്‌പെര എന്ന ശാസ്ത്രനാമത്തിലുള്ള സസ്യമാണ് തുമ്പച്ചെടി. കരിന്തുമ്പ, പെരുംതുമ്പ എന്നിങ്ങനെ രണ്ടുതരത്തില്‍ കാണപ്പെടുന്നു. ചില ചെടികള്‍ 50 സെ.മീ. വരെ പൊക്കം വെക്കും. വെള്ളനിറത്തിലാണ് പൂക്കള്‍, പൂവില്‍ സുഗന്ധദ്രവ്യവും ആല്‍ക്കലോയ്ഡും ഇലകളില്‍ ഗ്ലൂക്കോസൈഡും ഉണ്ട്. ആയുര്‍വേദത്തില്‍ വാതം, കഫം, പിത്തം ജ്വരം എന്നിങ്ങനെ രോഗങ്ങള്‍ക്കുള്ള ഒട്ടേറെ ഔഷധങ്ങളുടെ നിര്‍മിതിയില്‍ തുമ്പ ഉപയോഗിക്കപ്പെടുന്നു.

മുക്കുറ്റി

mukkuttiകേരംതിങ്ങും കേരളനാട്ടില്‍ തെങ്ങിന്റെ ഒരു മിനിയേച്ചര്‍ രൂപമാണ് മുക്കുറ്റി. വളരെ കുഞ്ഞുതെങ്ങ് ഓലവിരിച്ചുനില്‍ക്കുന്നതുപോലെ ഭൂമിക്ക് സമാന്തരമായാണ് അതിന്റെയും ഇലച്ചാര്‍ത്ത്. കൈകള്‍ കൊണ്ട് നുള്ളിയെടുക്കാന്‍ പാടുള്ള തരത്തില്‍ കുഞ്ഞായിരിക്കും ഇതിന്റെ മഞ്ഞനിറത്തിലുള്ള പൂവ്. കുഞ്ഞു കോളാമ്പിപ്പൂവിന്റെ ആകൃതിയായിരിക്കും ഇതിന്. ആയുര്‍വേദത്തില്‍ മുറിവ് ഭേദമാകാന്‍ മുക്കുറ്റി മരുന്നായി അരച്ചു പുരട്ടുന്നു. നാളുകളില്‍ മൂലത്തിന്റെ ഭാഗ്യവര്‍ണമായതിനാല്‍ മൂലം നാളിലാണ് മുക്കുറ്റി പൂക്കളത്തില്‍ ഒരുക്കേണ്ടത്.

ചെമ്പരത്തി

ചെമ്പരത്തി നമ്മുടെ നാട്ടില്‍ പല വര്‍ണങ്ങളില്‍ കണ്ടുവരുന്നു. ഇതും ഒരു നാടന്‍ ഓണപ്പൂവാണ്. മാല്‍വേസി കുടുംബത്തിലെ ഈ സസ്യത്തന്റെ ശാസ്ത്രനാമം ഹിബിസ്‌കസ് റോസാ സയനന്‍സിസ് എന്നാണ്. വെള്ള, മഞ്ഞ, ഓറഞ്ച്, നീല ചുവപ്പ് ഇനങ്ങള്‍ കണ്ടുവരുന്നുണ്ട്. പുരാണത്തിലെ രാവണന്‍ രചിച്ചതെന്നു കരുതപ്പെടുന്ന അര്‍ക്കപ്രകാശം എന്ന ഗ്രന്ഥത്തില്‍ ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്‍ വിവരിക്കുന്നു. ചോതിനാള്‍ മുതലാണ് ചുവപ്പു ചെമ്പരത്തി പൂക്കളങ്ങളില്‍ സഥാനം പിടിക്കുക.

കാക്കപ്പൂ

മാംസഭോജികളായ സസ്യങ്ങളില്‍ ചെറുതാണിത്. ലെന്റിബുലേറിയേസീ കുടുംബത്തിലെ ഈചെടിയുടെ ശാസ്ത്രീയനാമം യുട്രിക്കുലേറിയ റെട്രക്കുലേറ്റ എന്നാണ്. യുനെസ്‌കോയുടെ വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങള്‍ അടങ്ങുന്ന ചുവപ്പു പട്ടികയില്‍പ്പെടുന്ന വയലുകളില്‍ കാണപ്പെടുന്ന ചെടിയുടെ പൂവിന് അത്യാകര്‍ഷകമായ വയലറ്റ് നിറമാണ്. കണ്ണൂരിലെ മാടായിപ്പാറയില്‍ ഇത് ധാരാളം കണ്ടുവരുന്നു. വയലുകളിലും ജലസാന്നിധ്യമുള്ള കുന്നുകളിലും കണ്ടുവരുന്നു. വയലിലുള്ളതിന് കടുത്ത നിറമായിരിക്കും. തന്റെ അടുത്തുവരുന്ന സൂക്ഷ്മജീവികളെ ആകര്‍ഷിച്ച് തന്റെ പോടിനുള്ളില്‍ വീഴ്ത്തി ആഹാരമാക്കുന്നു കൂടാതെ വേരുകള്‍ ഉപയോഗിച്ച് പോക്ഷണം വലിച്ചെടുക്കുന്നു. പൂരാടം നാളില്‍  കാക്കപ്പൂ പൂക്കളത്തില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു പണ്ട്. കാക്കപൂരാടത്തിന് കാക്കയോളം പൊക്കത്തില്‍ കാക്കപ്പൂവിടണമെന്നാണ് പറയാറ്.

ശംഖു പുഷ്പം

shamkhu pushpamശംഖുപുഷ്പവും ഒരു നാടന്‍ ഓണപ്പൂവാണ്. ആകൃതിയില്‍ ശംഖിന്റെ രൂപം വരുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. വെള്ള, വയലറ്റ് നിറങ്ങളിലാണ് ഇത് കണ്ടുവരുന്നത്. ഒരു നാടന്‍ വള്ളിസസ്യമാണിത്. വെള്ളനിറമുള്ളത് വിശാഖം നാളിലും വയലറ്റ് നിറമുള്ളത് പൂരാടത്തിനും പൂക്കളങ്ങളില്‍ അലങ്കരിക്കാം. ഫാബേസീ കുടംബക്കാരിയ സസ്യത്തിന്റെ ശാസ്ത്രീയനാമം ക്ലിറ്റോറിയ ടെര്‍ണേറ്റിയ എന്നാണ്. നമ്മുടെ വേലിപ്പടര്‍പ്പുകളില്‍ പടര്‍ന്നുവളരന്ന സസ്യമാണിത്. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും ഉറക്കമുണ്ടാക്കാനും മറ്റുപലതിനും ശംഖുപുഷ്പത്തിന്റെ വേരും പൂവും മൊത്തമായും ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു.

ഓടപ്പൂ, ഈച്ചപ്പൂ, കണ്ണാന്തളി, കനകാംബരം, നെല്ലുത്തരിപ്പൂ, കുറിഞ്ഞി, തെച്ചി, മന്ദാരം, അശോകം കൊങ്ങിണി, പാരിജാതം പവിഴമല്ലി, കടമ്പ്, പിച്ചകം, കുങ്കുമം.... അങ്ങനെ ഓണപ്പൂക്കളുടെ നിര നീണ്ടു കിടക്കുന്നു ഒരു കടലോളം. അവയില്‍പ്പലതും നമ്മുടെ നാട്ടുപറമ്പുകളില്‍ ഇപ്പോഴും കാണുന്നവയാണ് അവയെ നമ്മുക്ക് നമ്മുടെ ഓണപ്പൂക്കളങ്ങളിലേക്ക് ആനയിക്കാം....