ഒരു ഗ്രാമം മുഴുവന്‍ സ്വയം പര്യാപ്തമായതിന്റെ നേര്‍ക്കാഴ്ചയാണ് ഇത്. അറിവും അധ്വാനവും കലയും സമൂഹ നന്‍മയ്ക്ക് എന്ന ലക്ഷ്യത്തോടെ 101 വീടുകളില്‍ തുടങ്ങിയ കൂട്ടായ്മയായ 'നിറവ്' നിങ്ങള്‍ക്കു മുമ്പിലെത്തുന്നത് അല്‍പ്പം വ്യത്യസ്തമായ പ്രദര്‍ശനവുമായാണ്.

കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജും നിറവും സംയുക്തമായി ഡിസം.21 മുതല്‍ 26 വരെ സംഘടിപ്പിച്ച പ്രദര്‍ശനം ഒന്നര സെന്റില്‍പ്പോലും സ്വയം പര്യപ്തമായി ജീവിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ്.

'സസ്‌റ്റെയ്‌നബിള്‍ ഫാമിങ്ങ്, എനര്‍ജി കണ്‍സര്‍വേഷന്‍, വാട്ടര്‍ കണ്‍സര്‍വേഷന്‍, ഐ.ടി @ നിറവ് എന്നിവയൊക്കെ  എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന ചിന്തയില്‍ നിന്നാണ് എക്‌സിബിഷന്‍ മോഡല്‍ ഉണ്ടായത്. ഇതിന് മുന്നോടിയായി കൊച്ചിയിലെ ബിനാലെ കാണാന്‍ ഞങ്ങള്‍ പോയിരുന്നു. മിദോരി എന്ന വാക്കിന്റെ അര്‍ഥം പച്ച എന്നാണ്. പഴമയെ പുതിയ ടെക്‌നോളജി വെച്ച് എങ്ങനെ തിരിച്ച് കൊണ്ടുവരാനാകുമെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ' മിദോരിക്ക് ആ പേര് നല്‍കിയ റീമ പറയുന്നു. 

Niravu

റസിഡന്‍സ് അസോസിയേഷനുകള്‍ കൂണു പോലെ മുളച്ചുപൊങ്ങുന്ന കാലത്താണ് കോഴിക്കോട് വേങ്ങേരിയിലെ നിറവ് വ്യത്യസ്തമാവുന്നത്. ഓരോ വീട്ടിലേക്കുള്ള വഴികളും റോഡുകളും മനോഹരമായ ചിത്രങ്ങള്‍, പഴയ വസ്തുക്കള്‍ കൊണ്ട് അലങ്കാരങ്ങള്‍, വഴിയില്‍ തണല്‍ വിരിക്കാന്‍ പച്ചക്കറിത്തലപ്പുകള്‍, വഴികാട്ടികളായി ഒരു പറ്റം പ്രകൃതി സ്നേഹികള്‍. 

വളരെ ലളിതമായ രീതിയില്‍ വെയ്സ്റ്റ് മാനേജ്‌മെന്റും ഇവര്‍ നടത്തുന്നുണ്ട്. ഒരു സാധനവും പാഴാക്കുന്നില്ല. സെഗ്രഗേഷന്‍ യൂണിറ്റിലേക്ക് കൊടുത്തയക്കുകയാണ് ചെയ്യുന്നത്. എല്‍.ഇ.ഡി ബള്‍ബും സി.എഫ് ലാമ്പുമാണ് വീടുകളില്‍ ഉപയോഗിക്കുന്നത്. സൗരോര്‍ജം ഉപയോഗിച്ചുകൊണ്ട് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് റീമ പറയുന്നു. മഴവെള്ളം സംരക്ഷിക്കാനുള്ള മഴക്കുഴികളും ഇവിടെയുണ്ട്. വീടുകളുടെ കൂട്ടായ്മയോടെ നടത്തുന്ന സൗഹൃദ കൃഷി ഇവിടത്തെ പ്രത്യേകതയാണ്. പഠിച്ച കാര്യങ്ങള്‍ സ്വന്തം വീട്ടിലിരുന്ന് പ്രാവര്‍ത്തികമാക്കി വരുമാന മാര്‍ഗമാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്‌.

Niravu

എല്ലാ വീട്ടുമുറ്റത്തും അവരവര്‍ക്കുളള പച്ചക്കറികള്‍. ഔഷധച്ചെടികളും പൂക്കളും മാത്രമല്ല, ഊര്‍ജത്തിനും വെളളത്തിനും വരെ സ്വന്തമായ മാര്‍ഗങ്ങള്‍. മിക്ക വീടുകളിലും സോളാര്‍ പാനലുകള്‍. ഉപയോഗത്തിന്  ശേഷം ബാക്കി വരുന്നത് ഇവര്‍ കെ.എസ്.ഇ.ബിക്ക് നല്‍കുകയും ചെയ്യുന്നു. ഇത് ആശാ ഗോപാലകൃഷ്ണന്റെ ആലയാണ്. പക്ഷേ പതിവ് രീതിയിലെ മണമോ മാലിന്യമോ ഇവിടെയില്ല.ആലയുടെ ചുമരില്‍ ചിത്രപ്പണികളാസ്വദിച്ച് ഇരിക്കാം വേണമെങ്കില്‍ കിടക്കാം. ചാണകവും മൂത്രവും പോവാന്‍ വെവ്വേറെ പൈപ്പുകള്‍. ജലസുരക്ഷ,ഊര്‍ജ സംരക്ഷണം,മാലിന്യ സംസ്‌കരണം തുടങ്ങി സുസ്ഥിര വികസനത്തിന്റെ നേര്‍ക്കാഴ്ചകളാണ് നിറവിലെ വീടുകള്‍.

Content highlights: Niravu, Exhibition, Agriculture, Kozhikode