ദേവസ്യാച്ചൻ പൂണ്ടിക്കുളം വനസ്ഥലിയിലെ ആഞ്ഞിലിമരത്തിനരികിൽ (ഫയൽ ചിത്രം)
പൂഞ്ഞാര്‍ : വനസ്ഥലിയെന്നത് മനുഷ്യനിര്‍മിതമായ ഒരു കാട് തന്നെയാണ്. 50 വര്‍ഷത്തിലേറെ കാലം ഒരാള്‍ തപസ്സുപോലെ അനുഷ്ഠിച്ചുവന്ന കര്‍മത്തിന്റെ ഫലപ്രാപ്തി.
ധന-തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായിരുന്നു പൂണ്ടിക്കുളത്ത് ദേവസ്യാ സെബാസ്റ്റ്യന്‍ എന്ന ദേവസ്യാച്ചന്‍. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം കഴിഞ്ഞ ഉടനെ ജോലി ലഭിച്ചെങ്കിലും പൂഞ്ഞാറിനടുത്ത് പാതാമ്പുഴ മലയിഞ്ചിപ്പാറയിലെ തന്റെ പിതൃസ്വത്തായ കൃഷിഭൂമി അദ്ദേഹത്തെ മാടിവിളിച്ചുകൊണ്ടിരുന്നു. ജോലി ഉപേക്ഷിച്ച് തിരികെയെത്തി ദേവസ്യാച്ചന്‍ കൃഷിയിടത്തില്‍ അധ്വാനിക്കാന്‍ തീരുമാനിച്ചു.
തനിക്ക് ലഭിച്ച ഭൂമിയിലെ ആറ് ഏക്കര്‍ സ്ഥലത്തുണ്ടായിരുന്ന പരിമിത ജൈവവൈവിധ്യത്തെ സ്വാഭാവികമായി വളരാന്‍ അനുവദിച്ചു. കുടുംബാംഗങ്ങളും പരിചയക്കാരും ഈ സ്ഥലത്ത് റബ്ബര്‍ വളര്‍ത്തി ആദായമെടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും സസ്യലതാതികളും വൃക്ഷവിളകളും നിറഞ്ഞ് സമൃദ്ധമായ ഒരു വനയിടം ദേവസ്യാച്ചന്‍ അപ്പോഴേക്കും സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.
ഇതിനിടയില്‍ ആലപ്പുഴ നെടുമുടിയില്‍നിന്ന് പൂപ്പള്ളില്‍ കുഞ്ഞമ്മ ജീവിതപങ്കാളിയായി എത്തി. പിന്നീടങ്ങോട്ട് ഭര്‍ത്താവിന്റെ വനനിര്‍മിതിയില്‍ ഭാര്യയും താങ്ങായി. യാത്രയിലുടനീളം ശ്രദ്ധയില്‍പെട്ട ജൈവവൈവിധ്യങ്ങള്‍ക്കായി പലയിടത്തും കൈനീട്ടി. ഇസ്രയേലില്‍നിന്ന് കൊണ്ടുവന്ന ഒരു പേരറിയാത്ത വിത്ത് നട്ടുവളര്‍ത്തി.
അപ്പോഴേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി സ്നേഹികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി. വിവിധ കാര്‍ഷികപരിസ്ഥിതി സാമൂഹിക സംഘടനകളുടെ ഒത്തുചേരലുകള്‍ക്കും ഇവിടം വേദിയായി. വീടിന്റെ മുകള്‍തട്ട് ഹാളായി ക്രമീകരിച്ച് 50 ഇരിപ്പിടങ്ങളും തയ്യാറാക്കിയാണ് അദ്ദേഹം അവരെ സ്വീകരിച്ചത്. സ്വന്തമായി മക്കള്‍ ഇല്ലാത്തതിന്റെ വേദനയും ശൂന്യതയും ദേവസ്യാച്ചന്‍ കുഞ്ഞമ്മ ദമ്പതിമാര്‍ അറിയാതെപോയത് തങ്ങളുടെ ജീവിതപരിസരത്ത് ഇങ്ങനെ എക്കാലവും പച്ചപിടിച്ചുനിന്ന നൂറുകണക്കിന് മക്കള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്.
.jpg?$p=aa62323&&q=0.8)
ഈ വനഭൂമിയിലൂടെ ഒരുവട്ടമെങ്കിലും കയറിയിറങ്ങി മരമക്കളെ തലോടി ക്ഷേമമന്വേഷിക്കാത്ത ദിനങ്ങള്‍ ദേവസ്യാച്ചന് ഉണ്ടായിരുന്നില്ല. ഒരു ചിരട്ടയില്‍ നിറയെ ചക്കക്കുരു കൊടുത്തിട്ട് കുഴിച്ചിടാന്‍ പറഞ്ഞ അമ്മയുടെ നിര്‍ദേശം അനുസരിച്ച പത്തുവയസ്സുകാരന്‍ അത് തുടര്‍ന്നത് തൊണ്ണൂറ്റി മൂന്ന് വയസ്സുവരെയാണ്. മുന്നൂറിലധികം ഇനങ്ങളിലായി ആയിരക്കണക്കിന് സസ്യജാലങ്ങളുണ്ട് ഇവിടെ. പേരറിയാത്തവയെ അടയാളപ്പെടുത്താന്‍ സസ്യശാസ്ത്രജ്ഞര്‍ വന്നു. ഇനിയും തിരിച്ചറിയാനുള്ളവയെ കുറിച്ചുള്ള അന്വേഷണം തുടരുന്നു.
ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന അപരിചിതമായ ഒരു പഴമരം, നാട്ടില്‍ അപൂര്‍വമായ മനില്‍കാരാ കൗക്കിയാണ് എന്ന് തിരിച്ചറിഞ്ഞത് അടുത്തനാളിലാണ്. ഒരു പരിസ്ഥിതി സംഗമത്തിനിടയിലാണ് കേരള നദീസംരക്ഷണസമിതി പ്രസിഡന്റും മലയാളഭാഷാ പണ്ഡിതനുമായ ഡോ. എസ്. രാമചന്ദ്രന്‍ ഇവിടം വനസ്ഥലിയെന്ന് നാമകരണംചെയ്തത്. സരോജനി ദാമോദരന്‍ അക്ഷയശ്രീ പുരസ്‌കാരം, പി.വി. തമ്പി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, വനമിത്ര തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ദേവസ്യാച്ചനെ തേടിയെത്തി. മുറ്റത്തെ പ്രൗഢമായ ലിച്ചിമരത്തിലും വഴിയോരത്തെ ഇല്ലിക്കൂട്ടത്തിന് മുകളിലും കുട്ടികള്‍ക്കായി ദേവസ്യാച്ചന്‍ ഏറുമാടങ്ങള്‍ പണിതു.
കുടുംബത്തിന്റെതായിരുന്ന പാതാമ്പുഴ തേയിലഫാക്ടറിയുടെ ഭിത്തി പൊളിച്ചുമാറ്റിയപ്പോള്‍ ലഭിച്ച കൊത്തിയെടുത്ത കല്ലുകള്‍ വനസ്ഥലിയുടെ പലയിടങ്ങളില്‍ ഇരിപ്പിടങ്ങളാക്കി. വനത്തിലെ മാങ്ങയും ചക്കയും വനസ്ഥലിയുടെ പരിസരത്തുള്ളവര്‍ക്ക് അദ്ദേഹം വിതരണംചെയ്തു.
1927 ഡിസംബര്‍ 27-ന് ജനിച്ച ദേവസ്യാച്ചന്റെ വിയോഗം 2020 ജൂണ്‍ പത്തിനായിരുന്നു. ഈ ക്രിസ്മസ് കാലത്ത് വനസ്ഥലിയിലെ മരമനുഷ്യന്റെ 95-ാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് മിത്രങ്ങള്‍.
Content Highlights: natural forest named vanasthali near home in poonjar built by devasyachan taking 50 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..