കാടല്ല, സന്തോഷം; കഠിന പരിശ്രമം കൊണ്ട് നന്ദകുമാർ ഉണ്ടാക്കിയ 'വുഡ്‍ലാൻഡ്' കഥ


അബിന മാത്യു

1990-ൽ കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കിയ നന്ദകുമാർ കേന്ദ്ര സർക്കാരിന്റെ നാഷണൽ എൻവയോൺമെന്റ് അവയർനെസ് കാമ്പയിനിലൂടെയാണ് വൃക്ഷസംരക്ഷണത്തിലേക്കെത്തുന്നത്.

• നന്ദകുമാർ കാടാക്കിമാറ്റിയ തന്റെ പുരയിടത്തിൽ

രുപാട് മരങ്ങൾ ഇടതൂർന്ന് വളരുന്നതിനെ പൊതുവേ നമ്മൾ കാടെന്ന് വിളിക്കും. എന്നാൽ നന്ദകുമാറിന് അത് കാടല്ല, മറിച്ച് സന്തോഷമാണ്. കഠിന പരിശ്രമംകൊണ്ട് ഉണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്റെതന്നെ ഭാഷയിൽപറഞ്ഞാൽ ‘വുഡ്‍ലാൻഡ്’. പാരിസ്ഥിതിക പ്രാധാന്യമുള്ള മരങ്ങളും ഔഷധസസ്യങ്ങളും വൈവിധ്യമാർന്ന ഓർക്കി‍ഡുകളും മുളകളുമെല്ലാമാണ് നന്ദകുമാറിന്റെ വുഡ്‍ലാൻഡിലുള്ളത്. മടക്കിമലയിലാണ് ഒന്നരയേക്കർ സ്ഥലത്ത് നന്ദകുമാറിന്റെ വുഡ് ലാൻഡ്.

ബോധവത്കരണമല്ല, വേണ്ടത് ആക്‌ഷൻപ്ലാൻ

1990-ൽ കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കിയ നന്ദകുമാർ കേന്ദ്ര സർക്കാരിന്റെ നാഷണൽ എൻവയോൺമെന്റ് അവയർനെസ് കാമ്പയിനിലൂടെയാണ് വൃക്ഷസംരക്ഷണത്തിലേക്കെത്തുന്നത്. കാമ്പയിനിന്റെ ഭാഗമായി ഒട്ടേറെ സ്ഥലങ്ങളിൽ ബോധവത്കരണ പരിപാടികൾക്കും മറ്റും നേതൃത്വംനൽകി. ചെറുപ്പംമുതലേ മരങ്ങളെയും പ്രകൃതിയെയും സ്നേഹിച്ച നന്ദകുമാറിന് ഇതൊരു തുടക്കമായിരുന്നു. സംഘടനകളുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് കാട് ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. ബോധവത്കരണം കൊണ്ടുമാത്രം വൃക്ഷസംരക്ഷണരംഗത്ത് ഒന്നും നടക്കില്ല, ആക്‌ഷൻ പ്ലാനാണ് വേണ്ടത്. നമുക്ക് നമ്മളോടുതന്നെ നീതിബോധം ഉണ്ടാവേണ്ട കാര്യമുണ്ട്. നമ്മൾ ചെയ്യാതെ മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുന്നതിൽ അർഥമില്ല, നന്ദകുമാർ പറയുന്നു.

2003-ലാണ് ഈ സ്ഥലം വിലയ്ക്കുവാങ്ങുന്നത്. വാങ്ങുമ്പോൾ നിറയെ കല്ലുകൾ നിറഞ്ഞ, ചുരുക്കം മരങ്ങൾ മാത്രമുള്ള തരിശുഭൂമിയായിരുന്നു. 18 വർഷത്തെ പ്രയത്നമാണ് ഈ ഒന്നരയേക്കർ ഭൂമിക്ക് പുതിയമുഖം നൽകിയത്. ആദ്യപടിയായി ശീമക്കൊന്ന‍യും മുരിക്കും നട്ടു. ശേഷം മാവ്, പ്ലാവ് പോലുള്ളവയും. തരിശുനിലത്തിന് പച്ചപ്പ് നൽകുകയായിരുന്നു ലക്ഷ്യം. ഇന്ന് അടയ്ക്കാ പൈൻ, അണലിവേഗം, ചോലപ്പുന്ന, ഇരുമ്പകം, കമ്പകം, നായ്ച്ചേര്, വെള്ള അകിൽ തുടങ്ങി 165-ഓളം വൃക്ഷങ്ങൾ ഈ ഭൂമിയിലുണ്ട്. അതിൽ ഏറിയപങ്കും ഐ.യു.സി.എൻ. റെഡ് ഡേറ്റാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശീയ വൃക്ഷങ്ങളാണ്. കുന്നുംമലയും കയറിയിറങ്ങി നന്ദകുമാർ തന്നെ ശേഖരിച്ചവയാണ് ഇവയിലധികവും.

എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിൽനിന്നാണ് വംശനാശഭീഷണി നേരിടുന്ന മരങ്ങളുടെ തൈകൾ ലഭിച്ചത്. കാടിന്റെ ഒാരംചേർന്ന് ഒരു കാവും നന്ദകുമാർ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കൽ ഇവിടെ പൂജയും മറ്റും നടത്താറുണ്ട്. വാങ്ങിയസമയത്ത് രണ്ടുമരങ്ങളാണ് കാവിനുള്ളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ആനമുള, കുറ്റിമുള, പുല്ലുമുള, ബുദ്ധാബെല്ലി ബാംബു തുടങ്ങി 20 മുളയിനങ്ങൾതന്നെ ഇതിനുള്ളിലുണ്ട്. മരങ്ങളും മുളകളും കൂടാതെ 150-ലധികം ഔഷധസസ്യങ്ങളും നന്ദകുമാറിന്റെ കാടിനുള്ളിലുണ്ട്.

ഭംഗികൂട്ടാൻ ഓർക്കിഡുകൾ

ഓർക്കിഡുകളാണ് ഇവിടത്തെ മറ്റൊരു ആകർഷണം. പുരയിടത്തിലെ എല്ലാ മരങ്ങളിലും ഓർക്കിഡുകൾ വളർത്തുന്നുണ്ട്. ഇവയ്ക്ക് മൂന്നുനാലുവർഷം മാത്രമേ പ്രായമായിട്ടുള്ളൂ. ഇപ്പോൾ കുരങ്ങുശല്യം കാരണം കുറേയധികം ഓർക്കിഡ് ചെടികൾ വീടിനോട് ചേർന്നുള്ള രണ്ട് മരങ്ങളിലേക്ക് മാറ്റി. ഇതിൽ ഒരു മരത്തിൽമാത്രം 60-ലധികം ഓർക്കിഡ് സ്പീഷീസുകളാണുള്ളത്. മരത്തിൽ ചുറ്റിയ അധികം വണ്ണമില്ലാത്ത കയറുകളിലാണ് ഓർക്കിഡുകൾ വളരുന്നത്. കട്ടിയുള്ള തൊലിയുള്ള മരങ്ങളിൽ ഓർക്കിഡ് ചെടികൾ നടുന്നതാണ് വേര് നന്നായി പിടിക്കാൻ ഉത്തമം.

അന്തരീക്ഷത്തിൽ നിന്നാണ് ഓർക്കിഡുകൾ പോഷകങ്ങൾ ശേഖരിക്കുക. ബ്രിറ്റിൽ ഓർക്കിഡ്, സ്പോട്ടഡ് ലീഫ് ഓർക്കിഡ്, ഗ്രാസി ഡെൻഡ്രോബിയം, ടൈനി ബൾബ് ഡെൻഡ്രോബിയം, ഗോൾഡൻ ഡെൻഡ്രോബിയം തുടങ്ങി ഗ്രാമഫോണിന്റെ ആകൃതിയിലുള്ള ഗ്രാമഫോൺ ഓർക്കിഡ് മുതലായ എപിഫൈറ്റിക്ക് വിഭാഗത്തിൽപ്പെട്ട (മരങ്ങളിൽ വളരുന്ന) 80-ലധികം ഓർക്കിഡ് ഇനങ്ങളും സൗത്ത് ഇന്ത്യൻ ജുവൽ ഓർക്കിഡ്, ബാംബു ഓർക്കിഡ്, മലബാർ ഡാഫോഡിൽ ഓർക്കിഡ് തുടങ്ങി മണ്ണിൽവളരുന്ന 30-ലധികം ടെറസ്ട്രിയൽ ഓർക്കിഡ് ഇനങ്ങളും നന്ദകുമാറിന്റെ കൈവശമുണ്ട്.

വംശനാശഭീഷണി നേരിടുന്ന ഓർക്കിഡുകളാണ് ഇവയിലേറെയും. ചിലതാകട്ടെ പശ്ചിമഘട്ട മലനിരകളിൽമാത്രം കണ്ടുവരുന്ന അപൂർവയിനങ്ങളും. പലതിനും പ്രാദേശിക പേരുകളില്ല. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഓർക്കിഡിന് ‘അജമുഖി’ എന്ന പേരുവീണത് പൂവിന് ആടിന്റെ മുഖത്തോടുള്ള രൂപസാദൃശ്യം കണ്ടാണ്. പൂക്കളുടെ രൂപത്തിലും ഭാവത്തിലുമുള്ള സവിശേഷതകളാണ് ഓർക്കിഡ് ചെടികളുടെ വ്യത്യസ്തതയാർന്ന പേരുകൾക്ക് കാരണം. ഓർക്കിഡുകളെ തിരിച്ചറിയുന്നതിനും പൂക്കളുടെ ഇത്തരം പ്രത്യേകതകൾ സഹായിക്കും.

മരങ്ങൾക്കിടയിലൂടെ ഒരു നടത്തം

ജില്ലാ പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്കായി ജോലിചെയ്യുന്ന നന്ദകുമാറിന് എല്ലാദിവസവും രാവിലെ മരങ്ങൾക്കിടയിലൂടെ നടക്കുന്ന ശീലമുണ്ട്. മഴയില്ലെങ്കിൽ നടത്തം വൈകുന്നേരവുമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങളും വിഷമങ്ങളുമെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നത് ഈ നടത്തമാണ്. മാനസികാരോഗ്യത്തിന് ഇതിലുംമികച്ച മാർഗങ്ങളില്ല. വംശനാശഭീഷണി നേരിടുന്ന മരങ്ങളുടെ തൈകൾ സംഘടിപ്പിച്ച് ഒരു നഴ്സറിയാണ് നന്ദകുമാറിന്റെ അടുത്തലക്ഷ്യം. ഗവേഷണാവശ്യങ്ങൾക്കും മറ്റുമായി ഇവിടേക്കെത്തുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനും സന്തോഷം മാത്രമേയുള്ളു. ഭാര്യ അനിതയും സി.എ.യ്ക്ക് പഠിക്കുന്ന മകൾ ശ്വേതയും വേണ്ട പിന്തുണകൾ നൽകി നന്ദകുമാറിനൊപ്പമുണ്ട്.

“പുതുതലമുറയിലെ ഒരുപാടുപേർ സംരക്ഷണമേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്നത് സന്തോഷമുള്ള കാര്യമാണ്. നമ്മൾ കാടിന്റെയടുത്തേക്ക് പോയി റിസോർട്ടുകൾ ഉണ്ടാക്കും. സത്യത്തിൽ വേണ്ടത് റിസോർട്ടിന്റെയടുത്ത് കാടുണ്ടാക്കുകയാണ്. വനസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭൂമിയുടെ മൂന്നിലൊരു ഭാഗമെങ്കിലും വനമായിരിക്കണമെന്നതാണ് അടിസ്ഥാന തത്ത്വം. അത് ആരെങ്കിലുമൊക്കെ ചെയ്തുവെച്ചെങ്കിൽമാത്രമേ ഭൂമി നിലനിൽക്കുകയുള്ളു. അല്ലെങ്കിൽ നമ്മൾതന്നെ നമ്മുടെ നാശത്തിന് ആക്കംകൂട്ടും”, നന്ദകുമാർ പറഞ്ഞുനിർത്തി.

Content Highlights: Nandakumar making his home place to woodland


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented