ലേബേ മഷ്റൂം കോഫിയുമായി ലാലുവും ആൻസിയും
കൊല്ലത്തെ സംരംഭകന്‍ വികസിപ്പിച്ചെടുത്ത കൂണ്‍ കോഫി ഇനി ഖത്തറിലേക്കും. യു.എ.ഇ.യിലേക്ക് കയറ്റുമതി ചെയ്യാന്‍ കരാറായ കാപ്പിക്ക് ഖത്തറില്‍നിന്നും അമേരിക്കയില്‍നിന്നുമൊക്കെ അന്വേഷണം വന്നിരുന്നു. ഖത്തറിലേക്കുള്ള കരാര്‍ ഉടനുണ്ടാകും. ഇനി ഉത്പാദനം കൂട്ടിയാല്‍ മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കാന്‍ സാധിക്കൂ. പത്തനാപുരം തലവൂര്‍ സ്വദേശിയായ ലാലു തോമസും ഭാര്യ ആന്‍സിയുമാണ് ഈ സംരംഭത്തിനു പിന്നില്‍.
ഗള്‍ഫില്‍ ഇത്തിഹാദ് വിമാനക്കമ്പനിയില്‍ ഷെഫായിരുന്ന ലാലു കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ആശയവുമായി ഇറങ്ങിയത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ സമാന ഉത്പന്നം വാങ്ങിരുചിച്ചപ്പോള്‍ കഷായംപോലെ കവര്‍പ്പുണ്ടായിരുന്നു. പിന്നീട് ഇത് എങ്ങനെ മാറ്റാമെന്നു പരീക്ഷിക്കുകയായിരുന്നു.
കൊട്ടാരക്കരയില്‍ സദാനന്ദപുരത്തെ കൃഷിവിജ്ഞാന്‍ കേന്ദ്രയിലെ ശാസ്ത്രജ്ഞരായ ഷംസിയയും ഡോ. ബിനി സാമും വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി. വയനാട്ടിലെ അറബിക്ക ട്രിപ്പിള്‍ എ ഗ്രേഡ് കോഫിയില്‍ ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍, ലയണ്‍സ്മാനേ, ചാഗ, ടര്‍ക്കിടെയില്‍ എന്നീ കൂണിനങ്ങളുടെ മിശ്രിതവും ചേര്‍ത്താണ് കാപ്പി തയ്യാറാക്കിയത്. ചിക്കറി ഒട്ടും ഉപയോഗിക്കുന്നില്ല. 70 ശതമാനം കൂണും 30 ശതമാനം കാപ്പിയുമാണ് ലേബേ മഷ്റൂം കോഫി എന്നു പേരിട്ട കാപ്പിയില്‍.
പ്രധാനമന്ത്രിയുടെ മൈക്രോഫുഡ് പ്രോസസിങ് ഓണ്‍ട്രപ്രണര്‍ഷിപ്പ് സ്‌കീമില്‍ ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കൂണ്‍ ഉണക്കിയെടുക്കാനുള്ള ഡ്രയര്‍ അടക്കമുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചത്. സാധാരണ കാപ്പിയെ അപേക്ഷിച്ച് ഇതില്‍ കഫീന്‍ കുറവായിരിക്കും. പ്രോട്ടീന്റെ കലവറയായ കൂണ്‍ ആന്റിഓക്സിഡന്റിനാലും സമ്പന്നമാണ്. നാരുകള്‍ അടങ്ങിയതുമാണ്. 10 കാപ്പിക്കുള്ള 30 ഗ്രാം പാക്കറ്റാണ് ഇറക്കുന്നത്. വില 450 രൂപ.
കൂണ്‍കൃഷിക്കും സാധ്യത തുറക്കുന്നു
250 കിലോ കൂണ്‍ കോഫി സംസ്‌കരിച്ചെടുക്കാന്‍ 3,000 കിലോ കൂണ്‍ വേണ്ടിവരും. കൂണ്‍ കൃഷിചെയ്ത് യഥാവിധി സൂക്ഷിച്ച് വിപണിയിലെത്തിക്കാന്‍ പറ്റാത്തതിനാല്‍ പലരും കൂണ്‍കൃഷി ഉപേക്ഷിക്കുന്നുണ്ട്. കൂണ്‍ കോഫിക്ക് ധാരാളം കൂണ്‍ വേണ്ടതിനാല്‍ തലവൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ 100 കര്‍ഷകരെ തിരഞ്ഞെടുത്ത് കൃഷിരീതികള്‍ പഠിപ്പിച്ച് ഉത്പാദിപ്പിക്കാനാണ് തീരുമാനം. ജൈവരീതിയിലായിരിക്കും കൃഷി. കൂണ്‍ കോഫി ഓര്‍ഗാനിക് ആണെന്ന സര്‍ട്ടിഫിക്കറ്റ് നേടാനുംകൂടിയാണിത്. മഷ്റൂം കുക്കീസ്, സൂപ്പ് തുടങ്ങി ധാരാളം സംരംഭങ്ങള്‍ക്കും സാധ്യതയുള്ളതാണ് കൂണ്‍കൃഷി-ലാലു തോമസ് വ്യക്തമാക്കുന്നു.
Content Highlights: mushroom coffee developed by lalu from kollam being exported to qatar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..