കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടുമൊരു പോത്തുവളര്‍ത്തുകാലം. 600 പോത്തിന്‍കുട്ടികളെ കര്‍ഷകര്‍ക്ക് നല്‍കിയ കര്‍ഷകക്കൂട്ടായ്മ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പില്‍. എലിക്കുളം പഞ്ചായത്തിലെ കര്‍ഷകസംഘം പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും കൂട്ടായ്മയായ ഫാര്‍മേഴ്സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോ-ഓര്‍ഡിനേഷന്‍ ഫോര്‍ എക്‌സിസ്റ്റന്‍സ് (ഫെയ്സ്) ആണ് ഇത്തവണ മുറ-ജഫ്രാബാദി സങ്കരയിനം പോത്തിന്‍കുട്ടികളെ കര്‍ഷകര്‍ക്കായി എത്തിക്കുന്നത്. ആന്ധ്രയില്‍നിന്നുള്ള ഇനമാണിത്.

കിലോഗ്രാമിന് 130 രൂപ നിരക്കിലാണ് പോത്തിന്‍കിടാങ്ങളെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ശരാശരി നൂറുകിലോഗ്രാമാണ് പോത്തിന്‍കുട്ടിയുടെ തൂക്കം. 13,000 മുതല്‍ 15,000 രൂപവരെ മുതല്‍ മുടക്കണം. രണ്ടുവര്‍ഷംകൊണ്ട്, വളര്‍ച്ചയെത്തിയ പോത്തുകളെ 60,000 രൂപയ്ക്ക് വില്‍ക്കാനാകുമെന്നാണ് മുന്‍ അനുഭവം. കൂരാലിയിലുള്ള ഫെയ്സ് ഇക്കോഷോപ്പില്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഫോണ്‍-9496113697, 9656390139, 8943499400.

Buffalo
മുറ-ജഫ്രാബാദി സങ്കരയിനം പോത്ത്

നോക്കിനില്‍ക്കേ വളരും

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കര്‍ഷകര്‍ കൂരാലിയില്‍നിന്ന് മുന്‍പ് പോത്തിന്‍കിടാങ്ങളെ വാങ്ങി. മുടക്കുമുതലിന്റെ മൂന്നുമടങ്ങെങ്കിലും ലാഭം ഒന്നരവര്‍ഷംകൊണ്ട് കിട്ടുമെന്ന് കര്‍ഷകര്‍ പറയുന്നു. 100 കിലോഗ്രാം തൂക്കമുള്ള കിടാവിനെ വളര്‍ത്തിയാല്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 400-500 കിലോഗ്രാം തൂക്കംവരെയുണ്ടാകാമെന്നാണ് ഇവരുടെ അനുഭവം.

മോന്‍സി നേടിയത് നാല്പതിനായിരം രൂപ

നാലേക്കറിലധികം കൃഷിയിടമുള്ള ഇളങ്ങുളം വളവനാല്‍ മോന്‍സി ടോം 14,000 രൂപയ്ക്കാണ് മുന്‍പ് പോത്തിന്‍കുട്ടിയെ വാങ്ങിയത്. ഒന്നരവര്‍ഷത്തിനകം വിറ്റപ്പോള്‍ 55,000 രൂപ കിട്ടി. കൃഷിക്കാവശ്യമായ ചാണകവും കിട്ടി. ധാരാളം പച്ചപ്പുല്ല് നല്‍കണം. കൂടാതെ തേങ്ങാപ്പിണ്ണാക്കും നല്‍കി. കുടിക്കാന്‍ പച്ചവെള്ളംമാത്രം. രാത്രിയും പകലും കൃഷിയിടത്തില്‍ കെട്ടിയിടും. കൂട്ടിലിട്ട് വളര്‍ത്തുന്ന രീതിയില്ല. കൃത്യ ഇടവേളകളില്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വിരഗുളികകളും നല്‍കി.

Content Highlights: Buffaloes turn lucky for Kerala farmers