പ്പോള്‍ മധുരിക്കാനും തുടങ്ങി നിലമ്പൂര്‍ മുണ്ടേരിയിലുള്ള സര്‍ക്കാരിന്റെ വിത്തുതോട്ടം. ഫാമില്‍ നട്ടുപിടിപ്പിച്ച മറുനാടന്‍ പഴത്തൈകള്‍ കായ്ച്ചുതുടങ്ങിയതോടെയാണ് സംസ്ഥാനത്തെ ആദ്യത്തെ കൃഷിഫാമായ മുണ്ടേരി 'മധുരിക്കുന്ന ഫാം' കൂടി ആയത്. നാലിനം റംബുട്ടാന്‍, മാങ്കോസ്റ്റിന്‍, ഡ്യുരിയാന്‍, ചെമ്പടക്ക്, പ്ലാവിനങ്ങളായ വിയറ്റ്നാം ഏര്‍ളി, ഗംലസ് തുടങ്ങിയ നാല്‍പ്പതിലേറെ വിദേശയിനങ്ങള്‍ എന്നിവയാണ് പുതിയ പഴത്തോട്ടത്തിലുള്ളത്.

നല്ലയിനം മാതൃസസ്യങ്ങളുണ്ടാക്കി വിത്തുകളും തൈകളും ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം. സംസ്ഥാനസര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതിയിലേക്ക് ഇവയില്‍നിന്നുണ്ടാക്കുന്ന തൈകള്‍ നല്‍കും. കുറച്ചുവിത്തുകള്‍ ഈയിടെ പൊതുജനങ്ങള്‍ക്കു വിറ്റിരുന്നു. ഭാവിയില്‍ പുറമേയ്ക്കുള്ള വിത്ത്, തൈ വില്‍പ്പന വര്‍ധിപ്പിക്കും. നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ റംബുട്ടാന്‍ പോലുള്ള പഴങ്ങള്‍ ഇത്തവണ വലകള്‍കെട്ടി ശ്രദ്ധിച്ചാണ് പരിപാലിച്ചതെന്ന് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ. നിതിന്‍ പറഞ്ഞു.

Munderi Seed Farm
മുണ്ടേരി വിത്തുതോട്ടത്തില്‍ നിന്നുള്ള കാഴ്ചകള്‍

കണ്ടിട്ടില്ലെങ്കില്‍ കാണണം

1979-ല്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ അഗ്രിക്കള്‍ച്ചര്‍ ഫാം ആണിത്. പരാധീനതകള്‍ ഏറെയുണ്ടെങ്കിലും ഇപ്പോഴും ഒരു 'സംഭവം'. 1500 ഏക്കര്‍വരുന്ന ഫാമില്‍ തെങ്ങ്, കവുങ്ങ്, ഏലം, കശുമാവ്, അങ്ങനെ എണ്ണമറ്റ വിളകളുണ്ട്. അമ്പതോളം മാവിനങ്ങളുമുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ തെങ്ങിന്‍തോട്ടമെന്ന ഖ്യാതിയുണ്ടായിരുന്ന ഫാമില്‍ മുന്‍പ് 8000 തെങ്ങുകളുണ്ടായിരുന്നു. കാട്ടാനകള്‍ നശിപ്പിച്ചതോടെ അത് രണ്ടായിരത്തില്‍ താഴെയായി. നഷ്ടപ്പെടുന്നവയ്ക്കനുസരിച്ച് ഇപ്പോള്‍ തൈകള്‍ നടുന്നുണ്ട്. കഴിഞ്ഞവര്‍ഷം 24,000 തെങ്ങിന്‍തൈകള്‍ കൃഷിഭവനുകള്‍ക്കും മറ്റുമായി കൊടുത്തു. ഈ വര്‍ഷം ഒരുലക്ഷം തൈകള്‍ കൊടുക്കും. കുറ്റ്യാടി ഇനത്തില്‍പ്പെട്ടവയാണ് ഇതില്‍ 50,000 എണ്ണവും. കുള്ളന്‍ ഇനങ്ങളുമുണ്ട്. കൃഷിഭവനുകളിലേക്ക് ഇത്തവണ രണ്ടുലക്ഷം പച്ചക്കറിത്തൈകള്‍ നല്‍കി.

ജിഫി മാതൃക

വിത്തുകള്‍ നടുന്നതിന് പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കി മണ്ണില്‍ ലയിക്കുന്ന ജൈവകൂടുകളൊരുക്കുന്ന മാതൃകയാണ് ജിഫി. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ഫാമില്‍ ശ്രീലങ്കയില്‍നിന്നുള്ള ഈ മാതൃക നടപ്പാക്കുന്നത്. ചെലവ് കുറവും സമയലാഭവുമാണ് ഇതിന്റെ മേന്മ.

Munderi Seed Farm
മുണ്ടേരി വിത്തുതോട്ടത്തില്‍ നിന്നുള്ള കാഴ്ചകള്‍

പ്രതീക്ഷയിലാണ്

നേരത്തേ ആവിഷ്‌കരിച്ച ഫാം ടൂറിസം പദ്ധതി ഫണ്ടിനായുള്ള കാത്തിരിപ്പിലാണ്. ഫാം യന്ത്രവത്കരണത്തിനുള്ള നടപടികളുമുണ്ട്. കാട്ടാനശല്യത്തില്‍നിന്ന് ഫാമിനെ രക്ഷിക്കാനുള്ള ആധുനികവേലി നിര്‍മാണത്തിനും വിശദമായ പദ്ധതിയുണ്ടെങ്കിലും ഫണ്ട് പ്രശ്നമാണ്. കാലുകള്‍ക്കുപകരം മരങ്ങളില്‍ പിടിച്ചുകെട്ടിയ തൂങ്ങുന്നതും ചെലവുകുറഞ്ഞതുമായ വൈദ്യുതവേലിയാണ് ഇപ്പോഴുള്ളത്.

സംശയങ്ങള്‍ക്കു വിളിക്കാം

വിദേശ പഴച്ചെടികളുടെ നടീല്‍, പരിപാലനം, മാതൃവൃക്ഷത്തില്‍നിന്ന് ബഡ്ഡുകള്‍, ഗ്രാഫ്റ്റുകള്‍ എന്നിവ ഉണ്ടാക്കുന്ന രീതികള്‍, തെങ്ങുകൃഷി, വിത്തുത്പാദനം എന്നിവസംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ കര്‍ഷകര്‍ക്കു വിളിക്കാം. ഫോണ്‍: 9383471634.

Content Highlights: Agriculture Features, Munderi Seed Farm