കറുകച്ചാൽ: എന്നും കൃഷിയിറക്കും. എല്ലാ ദിവസവും വിളവെടുക്കും. ഇതാണ് സജിയുടെ കൃഷിരീതി. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ പാട്ടമെടുത്ത സ്ഥലത്ത് ബഹുവിള കൃഷിയിലൂടെ പുതിയ പരീക്ഷണം നടത്തുകയാണ് വെങ്കോട്ട സ്വദേശി സജി മത്തായി. ഒരേക്കറില്‍ കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളുമടക്കം പത്തിലേറെ വിളകളാണ് സജി നട്ടുവളര്‍ത്തുന്നത്. സജിയുടെ കൃഷിക്ക് കാലമോ സമയമോ ഒന്നും പ്രശ്‌നമല്ല. ഒന്ന് വിളവെടുത്തുകഴിയുമ്പോള്‍ അടുത്തത് പാകമാകും. ഇത്തരത്തിലാണ് കൃഷി.

കറുകച്ചാല്‍ ശാന്തിപുരത്തെ ഈ കൃഷിയിടത്തിലെത്തിയാണ് പലരും പച്ചക്കറിയും കിഴങ്ങുവര്‍ഗങ്ങളുമെല്ലാം നേരില്‍ക്കണ്ട് വാങ്ങുന്നത്. ചൂണ്ടിക്കാണിക്കുന്ന ഏതും അപ്പോള്‍ത്തന്നെ പറിച്ചുനല്‍കും. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, പയര്‍, വെണ്ട, വഴുതന, ചീര, വെള്ളരി, പച്ചമുളക് തുടങ്ങിയ വിളകളെല്ലാം പറമ്പില്‍ എന്നും വിളവെടുപ്പിന് പാകമായുണ്ട്. എല്ലാ ദിവസവും കൃഷിയിടത്തിലെത്തുന്ന സജി എല്ലാ ജോലികളും ഒറ്റയ്ക്കാണ് ചെയ്യുന്നത്.

ഒരു മൂട്ടില്‍ രണ്ട് വിള

ഒരു മൂട്ടില്‍ രണ്ട് വിള എന്നതാണ് സജിയുടെ കൃഷിയുടെ പ്രത്യേകത. പച്ചക്കറിയായാലും കിഴങ്ങുവിളയായാലും രണ്ടെണ്ണംവീതമാണ് ഒന്നിച്ച് നടുന്നത്. ഇതിലൂടെ പരിചരണം, കൃഷിച്ചെലവ്, എന്നിവ കുറയ്ക്കാനും ഇരട്ടി വിളവ് നേടാനും സ്ഥലം ലാഭിക്കാനും കഴിയുമെന്നാണ് സജിയുടെ പക്ഷം. പയര്‍, പാവല്‍ തുടങ്ങിയവ നട്ട് വിളവെടുപ്പിന് പാകമാകുമ്പോള്‍ ഇതേമൂട്ടില്‍ പുതിയ വിത്തുകള്‍ നടും. വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും നട്ട പച്ചക്കറികള്‍ കായ്ച്ചുതുടങ്ങും.

മുന്നൂറ് തടത്തിലായി 600 മൂട് ചേന. ഇതിനിടവിളയായി വെള്ളരിയും വെണ്ടയും. പയര്‍, പാവല്‍, പടവലം തുടങ്ങിയവ ഒരു തടത്തില്‍ ഏഴുവരെ നടും. കൃത്യമായി പരിചരിക്കുന്നതിനാല്‍ 45-ാംദിവസംമുതല്‍ സജി വിളവെടുപ്പ് നടത്തും. സ്ഥലം പാഴാക്കാതെ പറമ്പിനുചുറ്റുമായാണ് കാച്ചില്‍ നട്ടിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി സജിയുടെ ഏക വരുമാനമാര്‍ഗം കൃഷിയാണ്. 2015-ല്‍ കുന്നന്താനം പഞ്ചായത്ത് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തിരുന്നു.

വല്ലപ്പോഴുംമാത്രം കൃഷിയിറക്കി വിളവെടുത്താല്‍ അടുപ്പ് പുകയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തമായി പുതിയ കൃഷിരീതി സജിതന്നെ കണ്ടെത്തിയത്. സുഹൃത്തും അധ്യാപകനുമായ ജ്യോതിഷ് ബാബുവിന്റെ പറമ്പിലാണ് രണ്ടുവര്‍ഷത്തോളമായി കൃഷി. കൂടുതല്‍ സ്ഥലം പാട്ടമെടുത്ത് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ കര്‍ഷകര്‍.

Content Highlights: Mixed Cropping Agriculture