രാജ്യത്തെ ചെറുകിട ക്ഷീരകര്‍ഷകര്‍ മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലാണ്. ആവശ്യത്തില്‍ കവിഞ്ഞ ഉത്പാദനം. അതുകൊണ്ടുതന്നെ വിലക്കുറവ്. വേണ്ടത്ര ഉത്പാദനം രാജ്യത്തുണ്ടായിട്ടും പുറത്തുനിന്നുള്ള ഇറക്കുമതി. സാമ്പത്തികവും മറ്റു തരത്തിലുമുള്ള പ്രതിസന്ധികള്‍ക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണവര്‍. പാലുത്പാദനം വര്‍ധിച്ചുകൊണ്ടേയിരിക്കെ വില 20 ശതമാനം മുതല്‍ 30 ശതമാനം വരെ കുറഞ്ഞിരിക്കുന്നു. വില ഇനിയും കുറയുമെന്നാണ് സൂചന.
വര്‍ഷംപ്രതി 16.5 കോടി ടണ്‍ ഉത്പാദനത്തോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാജ്യമായി ഉയര്‍ന്നിരിക്കുന്നു. ലോകത്തിലെ മൊത്തം പാലുത്പാദനം 83 കോടി ടണ്‍ ആണ്. ഇന്ത്യയിലെ പാലുത്പാദകരില്‍ 70 ശതമാനവും ചെറുകിട കര്‍ഷകര്‍. അവര്‍ അസംഘടിതരുമാണ്. ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാജ്യം എന്നപോലെ ഏറ്റവും വലിയ പാല്‍ ഉപഭോക്തൃ രാജ്യവും ഇന്ത്യതന്നെ.
കര്‍ഷകരുടെ പ്രതിസന്ധി
ചെറുകിട കര്‍ഷകര്‍ അസംഘടിതരായതിനാല്‍ വിപണി നിയന്ത്രിക്കുന്നവരാണ് പാലിന്റെ വില നിര്‍ണയിക്കുന്നത്. നിലവിലുള്ള പല സാഹചര്യങ്ങളും പാലുത്പാദകരെ ബലഹീനരാക്കുന്നു. ഉത്പാദനത്തിനു ആനുപാതികമായി പാല്‍ സംസ്‌കരണ ശാലകളില്ല. പാലിന്റെ കേവലം 10 ശതമാനം മാത്രമാണ് രാജ്യത്തെ നാനൂറോളം വരുന്ന ഡെയറി പ്ലാന്റുകളില്‍ നിന്നു സംസ്‌കരിക്കാനാവുന്നത്. സംഘടിത സഹകരണ മേഖലയിലെ ക്ഷീര വ്യവസായ-സംസ്‌കരണ ശാലകള്‍ സംഭരിക്കുന്നതിന്റെ 90 ശതമാനവും പാലായും 10 ശതമാനം ഉപഉത്പന്നങ്ങളുമായുമാണ് വില്‍ക്കപ്പെടുന്നത്. അതിനാല്‍ പരിമിതമായ ഒരു വരുമാനം മാത്രമേ കര്‍ഷകര്‍ക്കു നല്‍കാന്‍ ഈ സഹകരണ പാല്‍ സൊസൈറ്റികള്‍ക്കു കഴിയുന്നുള്ളൂ.
പാലുത്പാദനം വര്‍ധിക്കുമ്പോഴും ഇവിടെ ഇറക്കുമതി അനുവദിക്കപ്പെടുന്നു എന്നത് ഒരു വിരോധാഭാസം. ഓസ്ട്രേലിയയില്‍നിന്നും ന്യൂസീലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന പാല്‍ തമിഴ്നാട്ടിലും മറ്റും 17 രൂപയ്ക്കു വില്‍ക്കപ്പെടുമ്പോള്‍ കേരളത്തില്‍ പ്രമുഖ ക്ഷീര സഹകരണ സ്ഥാപനമായ മില്‍മ കര്‍ഷകര്‍ക്കു നല്‍കുന്നത് ഒരു ലിറ്ററിന് 35 രൂപയാണ്.
ക്ഷീരവ്യവസായ രംഗത്തേക്കുള്ള കോര്‍പ്പറേറ്റുകളുടെ വരവോടെ ക്ഷീര വിപണി പുഷ്ടിപ്പെട്ടെങ്കിലും സാധാരണ കര്‍ഷകരുടെ നിലമെച്ചപ്പെട്ടില്ല. തുച്ഛമായ വിലയ്ക്കാണ് സ്ഥാപനങ്ങള്‍ കര്‍ഷകരില്‍നിന്നു പാല്‍ സംഭരിക്കുന്നത്. സംസ്‌കരിക്കുന്ന പാലിന്റെ 80 ശതമാനവും അവര്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നു. സൗന്ദര്യ വര്‍ധക വസ്തുകളിലും ഫാസ്റ്റ്ഫുഡിലുമൊക്കെയാണ് ഈ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വലിയ വരുമാനമുണ്ടാക്കുന്നത്. പക്ഷേ ഈ വന്‍ വരുമാനത്തിന്റെ പങ്ക് സാധാരണ ക്ഷീരകര്‍ഷകന് ലഭിക്കുന്നില്ല.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി നെല്ലുള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കാറുണ്ട്. എന്നാല്‍, ലക്ഷക്കണക്കിന്ന് വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് അത്തരത്തിലുള്ള ഒരു സഹായവും ലഭിക്കുന്നില്ല. രാജ്യത്തെ പാലുത്പാദനത്തില്‍ സംഘടിത മേഖലയിലെ 52 ശതമാനവും സഹകരണ സംഘങ്ങളാണ്. 48 ശതമാനം സ്വകാര്യ കമ്പനികളുമാണ്. ചെറുകിട ക്ഷീരകര്‍ഷകര്‍ കഷ്ടപ്പെടുമ്പോഴും സംഘടിത മേഖല മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഉദാഹരണത്തിന് അമുല്‍ ഉത്തര്‍പ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും KMF കര്‍ണാടകത്തിലെ മാണ്ഡ്യയിലും പുതിയ ഡെയറികള്‍ സ്ഥാപിക്കുന്നു.
വരുന്നു വന്‍ കമ്പനികള്‍
ചെറുകിട കര്‍ഷകന്‍ പ്രതിസന്ധി നേരിടുമ്പോഴും ക്ഷീരവ്യവസായ മേഖലയിലേക്ക് പല സ്വകാര്യ കമ്പനികളും കടന്നുവരികയാണ്. ക്വാളിറ്റി ലിമിറ്റഡ്, Hatsun Agro, Heritage Foods, Reliance, Keventer Agro, HR Food Processing, Creamline, Dodla എന്നിവ ഇതിലുള്‍പ്പെടുന്നു. ബഹുരാഷ്ട്ര കമ്പനികളായ ലാക്ടാലിസും ഡാനോണും ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാജ്യമായ ഇന്ത്യയിലെത്തിക്കഴിഞ്ഞു.
ഈ വമ്പന്‍ കമ്പനികള്‍ തുടച്ചുനീക്കുന്നത് അസംഘടിതരായ ചെറുകിട ക്ഷീരകര്‍ഷകരെയാണ്. അമേരിക്കയിലെ ചെറുകിട ക്ഷീരകര്‍ഷകരുടെ ദുര്യോഗം ഇതിനുദാഹരണമാണ്. അമേരിക്കയുടെ കാര്‍ഷിക വകുപ്പ് ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 40,000 ഡെയറി ഫാമുകളാണ് കര്‍ഷകര്‍ ഉപേക്ഷിച്ചത്. പ്രതിവര്‍ഷം മൂന്നുശതമാനം കര്‍ഷകരാണ് ഈ മേഖല വിട്ടുപോകുന്നത്. അവിടെ ഭൂരിഭാഗം ക്ഷീരകര്‍ഷകരും വലിയ കടക്കെണിയിലാണ്. ചെറുകിട ക്ഷീരകര്‍ഷകര്‍ തളരുന്ന അവസ്ഥയില്‍ തന്നെ വാള്‍മാര്‍ട്ട് എന്ന വന്‍ കമ്പനി അമേരിക്കയില്‍ ഡെയറി ബിസിനസിലേക്ക് പ്രവേശിച്ചു. 'ഡീന്‍ ഫുഡ്സും' മറ്റു ചില കമ്പനികളും പിന്നാലെ ക്ഷീരോത്പന്ന മേഖലയിലേക്കെത്തി. ക്രമേണ ചെറുകിട കര്‍ഷകരുടെ ഉപജീവനം അവതാളത്തിലായി. ഇത്തരം ബഹുരാഷ്ട്ര ഭീമന്മാരുടെ മൂല്യവര്‍ധിത പാലുത്പന്നങ്ങള്‍ ഇന്ത്യയിലെത്തുന്ന കാലം വിദൂരമല്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ആഘാതങ്ങളിലൊന്ന് ഇതായിരിക്കും.
വിദേശ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ മറ്റൊരു ഭീഷണി. പുറത്തുനിന്നുള്ള പാലിന് ഗുണനിലവാരം കൂടുമെന്നും നമ്മുടെ പാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള പ്രചാരണത്തിന്റെ പിന്‍ബലത്തില്‍ വിദേശത്തുനിന്ന് വലിയതോതില്‍ പാല്‍ ഇന്ത്യയിലേക്കിറക്കപ്പെട്ടേക്കാം.
സഹകരണമേഖലയും ദുരിതത്തില്‍
ആഭ്യന്തര ഉത്പാദന വര്‍ധനയുടെയും ഇറക്കുമതിയുടെയും സമ്മര്‍ദത്തില്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ചെറുകിട ക്ഷീരകര്‍ഷകര്‍ മാത്രമല്ല, സംഘടിത സഹകരണ പാല്‍ സൊസൈറ്റികളും സ്വകാര്യ പാല്‍ കമ്പനികള്‍ പോലും പ്രയാസപ്പെടുകയാണ്. കേരളത്തിന്റെ പ്രമുഖ പാല്‍ കമ്പനിയായ മില്‍മ ദിനംപ്രതി 3000 ലിറ്റര്‍ പാല്‍ ഉത്പാദകരില്‍ നിന്ന് സംഭരിക്കാറുണ്ടായിരുന്നു. അടുത്തകാലത്ത് അവര്‍ അത് 2000 ലിറ്ററായി ചുരുക്കി. മില്‍മയെ ആശ്രയിച്ചിരുന്ന ചെറുകിട കര്‍ഷകരുടെ വരുമാനം മുട്ടി. നാട്ടിലെ കര്‍ഷകര്‍ കൊടുക്കുന്ന വിലയുടെ പകുതി വിലയ്ക്ക് ഇറക്കുമതി ചെയ്ത പാല്‍ കിട്ടുമെങ്കില്‍ വിപണി സംസ്‌കാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനവും അഭ്യന്തര താത്പര്യം മറന്ന് ഇറക്കുമതിപ്പാലിനെ ആശ്രയിക്കുമെന്നുറപ്പാണ്. പാല്‍ സംഭരണക്കരാര്‍ ഇറക്കുമതിപ്പാല്‍ തേടി പോയാല്‍ ചെറുകിട കര്‍ഷകര്‍ എന്തു ചെയ്യും?
ഇന്ത്യയില്‍ പലയിടത്തും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായപ്പോള്‍ കേരളത്തില്‍ അത്തരം സംഭവങ്ങള്‍ കുറയാന്‍ കാരണം കര്‍ഷകര്‍ പാല്‍ ബിസിനസിനെ കൂടി ആശ്രയിച്ചതുകൊണ്ടാണ്. മറ്റു കൃഷികളില്‍ നഷ്ടം ഉണ്ടാകുമ്പോള്‍ പാല്‍ ബിസിനസിലെ കൃത്യമായ വരുമാനം ആ നഷ്ടത്തെ ലഘൂകരിച്ചു. അതാണ് ഇപ്പോള്‍ നഷ്ടമാകാന്‍ പോകുന്നത്.
ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി നേരിടുന്നതിന് അത്യാധുനിക ക്ഷീരസംസ്‌കരണ ശാലകള്‍ ആവശ്യമാണ്. വിദേശത്ത് കയറ്റി അയയ്ക്കാന്‍ തക്ക ഗുണമേന്മയുള്ള പാലും മൂല്യവര്‍ധിത ഉത്പന്നങ്ങളും സംസ്‌കരിക്കാന്‍ നമുക്ക് കഴിയണം. അസംഘടിതരായി നില്‍ക്കുന്ന കര്‍ഷകരെ ഏകോപിപ്പിക്കാനും അവര്‍ക്ക് അര്‍ഹമായ വരുമാനം ലഭ്യമാക്കാനും സാധിക്കണം. ഉത്പാദനച്ചെലവു കുറയ്ക്കാനും പശുക്കളെ ആരോഗ്യത്തോടെ വളര്‍ത്താനും നൂതന മാര്‍ഗങ്ങള്‍ ആരായണം. ഇതിനായി നിലവിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ പ്രയോജനപ്പെടുത്തണം. വിപണിയിലിടപെട്ട് വില ഭദ്രമാക്കുന്നതടക്കമുള്ള സാമ്പത്തിക നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതാണ്. ഇതിനായി ക്ഷീരകര്‍ഷകര്‍ സംഘടിക്കുകയും പൊരുതുകയും വേണം.
Content highlights: Farmers, Agriculture, Milk, Hatsun Agro, Heritage Foods,Reliance, Animal husbandry