ഴവെള്ളം സംഭരിച്ച് ഉപയോഗിക്കാനും മഴവെള്ളത്തെ മണ്ണിലാഴ്ത്തി ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താനും അതുവഴി വരള്‍ച്ച ഒഴിവാക്കാനും കഴിയും. മണ്ണ്, ജല, ജൈവസമ്പത്ത് സംരക്ഷണ മാര്‍ഗങ്ങള്‍ വഴി മഴവെള്ളം സംഭരണം തുടങ്ങാം.

മഴക്കുഴികള്‍

മഴവെള്ളം ഭൂമിയില്‍ ആഴ്ത്താന്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം. 0.6 മീറ്റര്‍ x 0.6 മീറ്റര്‍ x 0.6 മീറ്റര്‍ അളവിലുള്ള കുഴികള്‍ ഉത്തമം. രണ്ടു മീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമാണ് കൂടിയ വലുപ്പം. ചരിവ് കുറഞ്ഞ പ്രദേശങ്ങളും പറമ്പുകളുമാണ് മഴക്കുഴികള്‍ നിര്‍മിക്കാന്‍ അനുയോജ്യം. ഈ കുഴികള്‍ നിറയുകയും ജലം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുകയും ചെയ്യും.

മേല്‍ക്കൂര മഴവെള്ളസംഭരണം

മേല്‍ക്കൂരയില്‍നിന്നുള്ള മഴവെള്ളം അരിച്ച് ശുദ്ധമാക്കി സംഭരണികളില്‍ സൂക്ഷിക്കുകയും അധികജലം സമീപത്തെ കിണറുകളിലേക്ക് ഒഴുക്കിവിട്ട് ഭൂഗര്‍ഭ ജലവിതാനം കൂട്ടുകയും ചെയ്യാം. ഫെറോസിമന്റ്, ഫൈബര്‍, ഇഷ്ടിക മുതലായവ കൊണ്ടുള്ള സംഭരണികള്‍ ഉപയോഗിക്കാം.

തെങ്ങിന് ചുറ്റും തടമെടുക്കല്‍

തെങ്ങിന് ചുറ്റും രണ്ട് മീറ്റര്‍ അകലത്തില്‍ തടമെടുത്താല്‍ തടത്തില്‍ വീഴുന്ന ജലമത്രയും മ ണ്ണില്‍ താ ഴും. കാലവര്‍ഷാരംഭത്തില്‍ തടമെടുക്കണം. അതില്‍ ചപ്പുചവറുകളും മറ്റു വളങ്ങളും ചേര്‍ക്കാം.

തുലാവര്‍ഷം കഴിയുന്ന ഉടന്‍ തന്നെ തടങ്ങള്‍ വെട്ടി മൂടണം. വേനല്‍ക്കാലത്തു ഈ തടങ്ങളില്‍ തെങ്ങോലകളും മറ്റു ജൈവ പാഴ്വസ്തുക്കളും പുതയായി ഉപയോഗിച്ച് ബാഷ്പീകരണം തടയുകയും വേണം

ജൈവ പുതയിടല്‍

ഉണങ്ങിയ ഇലകള്‍, മുന്‍ വിളകളുടെ അവശിഷ്ടങ്ങള്‍, വൈക്കോല്‍, ചപ്പുചവറുകള്‍ ഇവയെല്ലാം മണ്ണില്‍ പുതയിടുന്നത് വഴി മണ്ണിന്റെ ജൈവാംശം വര്‍ധിപ്പിച്ച് മഴവെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നത് കൂട്ടുകയും ചെയ്യും.

ആവരണ വിളകളും ജൈവവേലിയും

പയര്‍വര്‍ഗത്തില്‍പ്പെട്ട ചെടികളെ ആവരണ വിളകളായി നട്ട് വളര്‍ത്തിയാല്‍ പുതയിടലിന്റെ പ്രയോജനം ചെയ്യും. പറമ്പുകളില്‍ രാമച്ചംപോലുള്ള ചെടികള്‍ മഴവെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നതിന് സഹായിക്കും

സമ്മിശ്ര, ബഹുനില കൃഷി

മഴവെള്ളം ഭൂമിയില്‍ നേരിട്ട് പതിക്കുന്നതും ഉപയോഗപ്പെടാതെ കുത്തിയൊലിച്ച് പോകുന്നതും തടയാന്‍ ഈ കൃഷിരീതികള്‍ സഹായിക്കും. വിവിധ ഉയരങ്ങളില്‍ വളരുന്ന വിളകള്‍ ഒരേസ്ഥലത്ത് കൃഷിചെയ്യുന്ന ബഹുനില കൃഷിയില്‍ മഴയുടെ ആഘാതം ഓരോ നിലയിലുള്ള ഇലകള്‍ തടഞ്ഞുനിര്‍ത്തി, ശക്തി കുറച്ചു ഭൂമിയിലേക്ക് എത്തുന്നതുകൊണ്ട് മഴവെള്ളം മണ്ണിനെ കുത്തി ഒഴുക്കുന്നില്ല.

തെങ്ങിന്‍തോപ്പില്‍ തൊണ്ടടുക്കല്‍

ചകിരിക്ക് ഭാരത്തിന്റെ ആറിരട്ടി വരെ വെള്ളം സംഭരിക്കാനുള്ള കഴിവുണ്ട്. ഇടവപ്പാതിക്ക് തൊട്ടു മുമ്പ് തെങ്ങിന് ചുറ്റും അരമീറ്റര്‍ വീതിയിലും താഴ്ചയിലും ചാലുകള്‍ കീറി മുന്നോ നാലോ അടുക്കുകളായി തൊണ്ടുകള്‍ മലര്‍ത്തിവെച്ച് മണ്ണിട്ട് മൂടി മുകളിലെ അടുക്ക് കമഴ്ത്തി വെക്കുക അഞ്ച് മുതല്‍ ഏഴുവര്‍ഷം വരെ ഇതിന്റെ പ്രയോജനം നിലനില്‍ക്കും.

മഴവെള്ള സംഭരണ കുളങ്ങള്‍

ഒഴുകി നഷ്ടമാവുന്ന മഴവെള്ളം ശേഖരിച്ച് സംഭരിക്കാം. ഇതിന് കുളങ്ങള്‍, ചിറകള്‍, പോളിത്തീന്‍ ഷീറ്റ് പാകിയ കുളങ്ങള്‍ തുടങ്ങി ഓരോ സ്ഥലത്തിനും യോജിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

തടയണകള്‍

ഒഴുകിപ്പോവുന്ന വെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിയിലേക്ക് ആഴ്ത്തുന്നതിന് നീര്‍ച്ചാലുകളുടെയും തോടുകളുടെയും വീതികുറഞ്ഞ ഭാഗം നോക്കി കുറുകെ ചെലവുകുറഞ്ഞ ജൈവ തടയണകള്‍ നിര്‍മിക്കുക. മണല്‍ നിറച്ച ചാക്കുകള്‍ ഉപയോഗിക്കാം.

നെല്‍പ്പാടങ്ങള്‍ നിലനിര്‍ത്തുക

തണ്ണീര്‍ത്തടങ്ങള്‍ നികത്താതിരിക്കുകയും കുളങ്ങള്‍, ചിറകള്‍ തുടങ്ങിയവ മൂടിക്കളയാതിരിക്കുകയും ചെയ്യുക. മൂടിയവയും ഉപയോഗ ശൂന്യമായവയും പുനരുദ്ധീകരിക്കുകയും വേണം. ഭൂമിയുടെ നീരുറവകളായ നെല്‍പ്പാടങ്ങള്‍ നികത്തിയുള്ളതും കുന്നുകളും മലകളും നിരപ്പാക്കി കൊണ്ടുമുള്ള അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം.

വിവരങ്ങള്‍ക്ക്: 94460 28915.

Content Highlights: Methods of Rainwater Harvesting