
രക്തശാലി വിളഞ്ഞുനിൽക്കുന്ന മാന്നാർ തെക്കുപുറം പാടശേഖരത്തിൽ സഹായിക്ക് നിർദേശം നൽകുന്ന സെബാസ്റ്റ്യൻ| ഫോട്ടോ: മാതൃഭൂമി
കന്നുംകുളമ്പന്, തവളക്കണ്ണന്‍, കൊടുകണ്ണി, ഗോപിക, രക്തശാലി, കുഞ്ഞൂഞ്ഞ്, ചെമ്പാവ്, കുറുവ, ചെങ്കഴമ, നെയ്ച്ചീര.... പേരുകേട്ട് അതിശയിക്കേണ്ട. ഇവയെല്ലാം കോട്ടയം, മുട്ടുചിറ മുതുകുളത്തില്‍ സെബാസ്റ്റ്യന്റെ ശേഖരത്തിലുള്ള നാടന്‍ നെല്‍ വിത്ത് ഇനങ്ങളാണ്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനനന്തര ബിരുദധാരിയായ സെബാസ്റ്റ്യന്‍ (70) ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍നിന്ന് മാനേജരായാണ് വിരമിച്ചത്. ഇപ്പോള്‍ നാടന്‍ നെല്‍വിത്ത് ഇനങ്ങളില്‍ മാത്രമല്ല, നാടന്‍ പശുക്കള്‍, നാടന്‍ തെങ്ങ് ഇനങ്ങള്‍ എന്നിവയിലും ഗവേഷണവും പരിപാലനവും നടത്തുന്നു. പരമ്പരാഗതമായി ലഭിച്ചതും വാങ്ങിയതുമായ 11 ഏക്കറിലാണ് നെല്ല് ഇനങ്ങള്‍ കൃഷിചെയ്ത് വിത്ത് ശേഖരിക്കുന്നത്.
കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. ജോലി കിട്ടുംവരെ സ്വന്തം ഭൂമിയില്‍ കൃഷിയില്‍ ഏര്‍പ്പെട്ടു. 1987-ല്‍ മുട്ടുചിറയില്‍ താമസം തുടങ്ങിയതോടെയാണ് കൃഷിയിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചത്. കപ്പ, തെങ്ങ്, നെല്ല് തുടങ്ങിയവ കൃഷിചെയ്ത് തുടങ്ങി. കൃഷിക്കാവശ്യമായ ഗോമൂത്രം, ചാണകം എന്നിവയ്ക്കായി നാടന്‍ പശുക്കളെ വാങ്ങി പരിപാലിച്ച് തുടങ്ങി.
കൃഷിക്കായി പിന്നീട് നെല്പാടവും സ്വന്തമാക്കി. നാല് കൊല്ലമായി നാടന്‍ നെല്‍വിത്ത് അന്വേഷിച്ച് ശേഖരിച്ച് തുടങ്ങി. പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തിലെ ഡോ. പി.പി. മൂസ, വയനാട്ടിലെ ചെറുവയല്‍ രാമന് തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സഹായികളായി.
ആലപ്പുഴ ജില്ലയിലെ മുല്ലയ്ക്കല് വില്ലേജില്‍ തിരുമല കൊമ്പംകുഴി പാടശേഖരത്ത് 110 ഏക്കറിലെ കൃഷി വെള്ളംകയറിയപ്പോള്‍ അതില്‍ അരയേക്കറിലെ കൃഷി കേടുകൂടാതെ നിന്നു. 21 ദിവസം വെള്ളത്തിനടിയില്‍ കിടന്നിട്ടും ചീഞ്ഞില്ല. സെബാസ്റ്റ്യനില്‍നിന്ന് രക്തശാലി വിത്തുവാങ്ങി അരയേക്കറില്‍ വിതച്ച സി.സി. നയനന്റെ കൃഷിയാണ് വെള്ളപ്പൊക്കത്തെ അതിശയകരമായി അതിജീവിച്ചത്.
വിത്തിനങ്ങളും ഗുണങ്ങളും
- കന്നുംകുളമ്പന് - സെബാസ്റ്റ്യന്‍ ഏറ്റവും ആദ്യം ശേഖരിച്ച പരമ്പരാഗത വിത്തിനമാണിത്. കച്ചി കൂടുതല്‍ ലഭിക്കും. നീണ്ട അരിയാണ്.
- തവളക്കണ്ണന്‍ - ചെറുതായി വെള്ളത്തില്‍ കിടന്നാലും കൃഷിക്ക് കുഴപ്പമില്ല.
- കൊടുകണ്ണി - പുരാതനമായ വിത്തിനം. തൂക്കമുള്ള നെല്ലാണ്.
- ഗോപിക - തെളിഞ്ഞ നെല്ലാണ്. നല്ല വിളവ് ലഭിക്കും. പതിര് കുറവാണ്.
- രക്തശാലി - ചെറിയ മണി അരി, ചുവന്ന കളര്‍, ഔഷധഗുണം ഉണ്ട്. ആയുര്‍വേദ മരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ കഞ്ഞിയായി കുടിക്കുന്നത് ഗുണപ്രദമാണ്, മുലപ്പാല്‍ വര്‍ധനയ്ക്കൊപ്പം കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷിയും ലഭിക്കും. വെള്ളത്തിലായാലും കൃഷി ചീയില്ല.
- കുഞ്ഞൂഞ്ഞ് - ആരോഗ്യപ്രദായകമാണ്. വിളവുള്ള ഇനം. 110 ദിവസം കൊണ്ട് വിളവെടുക്കാം.
- ചെമ്പാവ് - പലഹാരത്തിന് നല്ലത്. ഔഷധഗുണമുണ്ട്. നാട്ടില്‍ കൃഷിക്ക് അനുയോജ്യം.
- കുറുവ - ഉണ്ട അരി. ഒരു അരിമണിയില്നിന്ന് നാല്പത് മുതല്‍ 80 വരെ ചിനപ്പുകള്‍ ഉണ്ടാകും. 40 ചിനപ്പില്‍ 30-35 കതിര് ലഭിക്കും. ഒരു കതിരില്‍നിന്ന് 200 മണി ലഭിക്കും. ഒരുമണി നെല്ലില്‍നിന്ന് ഏഴായിരം മണി നെല്ല് വരെ ലഭിക്കും.
- ചെങ്കഴമ - ഉറച്ച അരി, കുടലിലെ അസുഖങ്ങള്‍ക്ക് ഗുണപ്രദം. നെല്ല് വെന്തുപോകില്ല.
- നെയ്ച്ചീര - മലപ്പുറം ഭാഗത്ത് നെയ്ച്ചോറ് ഉണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നു. ചെറിയ മഞ്ഞക്കളറോടുകൂടിയ നെല്ല്. നാട്ടില്‍ നന്നായി വിളയും.
നാട്ടില്‍ നന്നായി വിളയുന്നതാണ് പരമ്പരാഗത വിത്ത് ഇനങ്ങള്‍. ആന്തരിക അവയവങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അരി. 120 ദിവസം കൊണ്ട് വിളവെടുക്കാം. പ്രതിരോധശേഷി കൂടുതലുള്ള ഇനങ്ങളാണ്. ചോറായും കഞ്ഞിയായിട്ടും കഴിക്കാനും പലഹാരങ്ങള്‍ക്ക് പൊടിപ്പിക്കാനും നല്ല ഇനങ്ങള്‍. നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് പ്രധാന വളം.
അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സെബാസ്റ്റ്യനെ സമീപിച്ച് അന്യംനിന്നുപോകുന്ന നാലിനം നെല്‍ ചെടികളുടെ വിത്ത് ഉണ്ടാക്കുന്നതിന് സഹായം അഭ്യര്‍ഥിച്ചു. ചെങ്കഴമ, ചെമ്പാവ്, നെയ്ച്ചീര, കുറുവ എന്നീ ഇനങ്ങളാണ് ഉദ്പാദിപ്പിച്ചത്. വിത്ത് ബാങ്കിനുവേണ്ടി 60 രൂപ വിലയ്ക്ക് തിരികെ നല്കി.
മാതൃകാ ജൈവകര്ഷകന്
സീറോ ബജറ്റ് മാതൃകയാണ് സെബാസ്റ്റ്യന്‍ പരീക്ഷിക്കുന്നത്. സര്‍വകലാശാലയുടെ കണ്ടെത്തലുകളില്‍ പരീക്ഷണങ്ങള്‍ നടത്താനും മടിക്കാറില്ല. പരമ്പരാഗത നെല്‍ വിത്ത് ഇനങ്ങള്‍ തേടി എത്തുന്നവര്‍ക്ക് സെബാസ്റ്റ്യന്റെ നമ്പരാണ് നല്‍കാറുള്ളത്. കീടനാശിനി, കളനാശിനി തുടങ്ങിയ മലിനീകരണത്തിന് അവസരം നല്‍കാത്ത ജൈവ കൃഷിരീതിയാണ് സെബാസ്റ്റ്യന്റേത്. -ഡോ.ദേവി, അസിസ്റ്റന്റ് പ്രൊഫസര്‍, കുമരകം കൃഷി വിജ്ഞാനകേന്ദ്രം.
രക്തശാലിക്ക് നല്ലവിളവ്
15വര്‍ഷമായി പ്രകൃതി കൃഷിരീതി പരീക്ഷിച്ച് വരുന്നയാളാണ്. സെബാസ്റ്റ്യനില്‍നിന്ന് രക്തശാലി അടക്കം നാടന്‍ വിത്തുകള്‍ വാങ്ങി കൃഷിചെയ്തു. രക്തശാലിക്ക് നല്ല വിളവാണ്. പാലേക്കറുടെ കൃഷി ക്ലാസുകള്‍ മൂന്ന് തവണ കേട്ടു. ആ കൃഷിരീതി പിന്തുടരുന്നു. -ജോസ് വര്‍ക്കി, പാണൂര്‍, മറ്റക്കര.
ജൈവക്കൃഷിയിലെ ഗുരു
വിമുക്തഭടനും പ്രവാസിയുമാണ്. എറണാകുളം സ്വദേശിയാണ്. അവിടെയുള്ള സ്ഥലത്തില്‍ കുറച്ച് വിറ്റാണ് കപിക്കാട് കൃഷി തുടങ്ങിയത്. നാലേകാല്‍ ഏക്കര്‍ സ്ഥലം ജൈവകൃഷിക്കായി കപിക്കാട് വാങ്ങി. നാടന്‍ പശുക്കളെ തേടിയാണ് സെബാസ്റ്റ്യനെ പരിചയപ്പെടുന്നത്. ഇപ്പോള്‍ കപിക്കാട് സ്ഥിരതാമസം ആക്കി. കരഭൂമിയില്‍ സെബാസ്റ്റ്യനില്‍നിന്ന് വാങ്ങി കൃഷിചെയ്ത കുഞ്ഞൂഞ്ഞ് വിത്ത് ഇനം നല്ല വിളവോടെ കൊയ്ത്തിന് പാകമായി നില്ക്കുന്നു. ജൈവകൃഷിയില്‍ ഗുരുകൂടിയാണ്. മീന്‍, കോഴി തുടങ്ങി സംയോജിത കൃഷിരീതിയാണ് കപിക്കാട് അവലംബിക്കുന്നത്. - ജോസ് ആന്റണി, പാലിയേത്തറ, കപിക്കാട്.
സെബാസ്റ്റ്യന്‍ ഫോണ്‍. 9447974297
Content Highlights: Meet The Man Rescuing Kerala's Rice Diversity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..