മാത്യു ബെന്നിക്ക് പതിമൂന്ന് വയസ്സ് മാത്രമാണ് പ്രായം. പക്ഷേ, ഈ ചെറുപ്രായത്തില്‍ തന്നെ കാലിവളര്‍ത്തലിന്റെ സാങ്കേതികതയും വിജയ സാധ്യതയും അറിയണമെങ്കില്‍ നിങ്ങള്‍ ഈ മിടുക്കനെ സമീപിച്ചാല്‍ മതി. പഠനത്തിനൊപ്പം തന്നെ കാലിവളര്‍ത്തലിലും വിജയഗാഥ രചിച്ചിരിക്കുകയാണ് വെള്ളിയാമറ്റം കിഴക്കേപ്പറമ്പില്‍ പരേതനായ ബെന്നിയുടെയും ഷൈനിയുടെയും രണ്ടാമത്തെ മകന്‍ മാത്യു. പിതാവ് നടത്തിക്കൊണ്ടിരുന്ന ഫാം അദ്ദേഹത്തിന്റെ മരണശേഷം കൊച്ചുമാത്യു ഏറ്റെടുക്കുകയായിരുന്നു.

നിലവില്‍ 13-പശുക്കളാണ് മാത്യുവിന്റെ ഫാമിലുള്ളത്. നന്നേ ചെറുപ്പംമുതല്‍ പിതാവിന്റെകൂടെ പശുവിന് തീറ്റ ശേഖരിക്കാനും മേയ്ക്കാനും കറവയ്ക്കും ഒക്കെ കൂടെ കൂടിയിരുന്നു മാത്യു. അതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ തന്നെ പശുപരിപാലനത്തിന്റെ എല്ലാ പാഠങ്ങളും ഹൃദ്യസ്ഥമാക്കിയിരുന്നു. രാവിലെ നാലുമണിക്ക് ഉണരും തൊഴുത്ത് വൃത്തിയാക്കും പശുവിനെ കുളിപ്പിക്കും പിന്നീട് കറവയും എല്ലാം മാത്യു തന്നെയാണ്. എല്ലാപ്പണിയും തീരുമ്പോള്‍ ഏഴുമണിയാകും. പിന്നീട് ഓണ്‍ലൈന്‍ ക്ലാസിനൊരുങ്ങും. ക്ലാസ് കഴിഞ്ഞാല്‍ വീണ്ടും പശുപരിപാലത്തില്‍ മുഴുകും.

പശുക്കള്‍ക്ക് രോഗംവന്നാല്‍ അത് തിരിച്ചറിയാനുള്ള മാത്യുവിന്റെ കഴിവിനെപ്പറ്റിയാണ് അയല്‍ക്കാര്‍ക്ക് പറയാനുള്ളത്. ഈ മികവുകണ്ട് കൃത്രിമ ബീജസങ്കലനത്തില്‍ ചെറിയ പരിശീലനവും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. പഠിച്ചു മൃഗഡോക്ടര്‍ ആകണമെന്ന ആഗ്രഹമാണ് മനസ്സില്‍. വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ജ്യേഷ്ഠന്‍ പത്താംക്ലാസുകാരനായ ജോര്‍ജും അനിയത്തി റോസ്മരിയും മാത്യുവിന് സഹായവുമായി ഒപ്പമുണ്ട്.

Content Highlights: Meet 13-year-old dairy farmer from Idukki