നാലുകെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവില്‍ നിറയെ തേന്‍കിനിയുന്ന മാമ്പഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാല്‍, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേന്‍കിനിയും മധുരവും കൈകൊണ്ട് പറിച്ചെടുക്കാവുന്ന മാങ്ങാക്കാലവുമൊക്കെ കഴിഞ്ഞു.

ഇപ്പോള്‍ നഴ്സറികളില്‍നിന്നും മാമ്പഴമേളകളില്‍നിന്നും വലിയ വിലകൊടുത്തുകൊണ്ടുപോകുന്ന ഒട്ടുമാവിന്‍തൈകളാണ് പല വീട്ടുമുറ്റങ്ങളും അലങ്കരിക്കുന്നത്. എന്നാല്‍ വാങ്ങുമ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് കായ്ക്കും ഫലം തരും എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ഇവ നാലഞ്ചുകൊല്ലം കഴിഞ്ഞാലും ഇത്തിരിക്കുഞ്ഞനായിത്തന്നെ തളിരിലകള്‍ മാത്രം വന്ന് നില്‍ക്കുന്നതാണ് അനുഭവം.

അതിനെന്താണ് പോം വഴിയെന്ന് ചിന്തിക്കുന്നവരാണ് മിക്ക മലയാളികളും. ഒട്ടുമാവ് പെട്ടെന്ന് വളരാനും കായ്ക്കാനും തേന്‍കിനിയുന്ന കനികള്‍കിട്ടാനും
വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Mango
Image Credit: commons.wikimedia.org

നടുമ്പോള്‍ ശ്രദ്ധിക്കണം

ഒട്ടേറെയിനം സങ്കരമാവുകളുടെ തൈകളാണ് ഒട്ടുമാവായി നമുക്ക് ലഭിക്കുന്നത് അത് യോജിച്ച രീതിയില്‍ യോജിച്ച സ്ഥലത്ത് നട്ടാലേ ശരിക്കും വളരൂ. നടുമ്പോള്‍ പല  കാര്യങ്ങളും ശ്രദ്ധിക്കണം. 

നന്നായി സൂര്യപ്രകാശം ലഭിക്കണം

മാവിന്റെ വളര്‍ച്ചയ്ക്കും നല്ല കായ് ഫലം ലഭിക്കാനും സൂര്യപ്രകാശം. അത്യാവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുമായിരിക്കണം ഒരു മീറ്റര്‍ നീളവും വീതിയും ആഴവും ഉള്ള കുഴികള്‍ തയ്യാറേക്കണ്ടത്. കുഴിയില്‍ കാലിവളമോ കമ്പോസ്റ്റോ മണ്ണും മണലുമായി കൂട്ടിനിറച്ചതിന് ശേഷം അത് നനച്ച് അതിനു നടുവിലാണ് തൈകള്‍ നടേണ്ടത്.

തൈകള്‍ പോളിത്തീന്‍ കവറില്‍നിന്ന് മണ്ണിളക്കിയെടുത്തതിന് ശേഷം അതിന്റെ തായ്വേര്‌ വളഞ്ഞുപുളഞ്ഞോ മടങ്ങിയോ നില്‍ക്കുന്നുണ്ടെങ്കില്‍ അത് നിവര്‍ത്തിയോ മുറിച്ചോ നേരെയാക്കണം. എന്നിട്ടാണ് നടേണ്ടത് അല്ലെങ്കില്‍ തൈ വളരില്ല.

നന്നായി പരിചരിക്കണം വളം ചെയ്യണം

മാവിന്‍തൈകള്‍ നട്ട് അത് വേണമെങ്കില്‍ താനേ വളരട്ടെയെന്ന നിലപാടാണ്. മിക്കവര്‍ക്കും അത് പാടില്ല. ഓരോ രണ്ടുമാസം കൂടുമ്പോളും തൈയുടെ
മുരട്ടില്‍നിന്ന് ഒന്നരയടി വിട്ട് ചാലുകളെടുത്ത് കാലിവളമോ മണ്ണിരക്കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണിളക്കി നനച്ചുകൊടുക്കണം.

മാവിന്റെ രോഗ കീടങ്ങള്‍

സാധാരണയായി മാവിന്‍തൈകള്‍ രണ്ടു മൂന്നുവര്‍ഷം കൊണ്ട് കായ്ക്കണം. എന്നാല്‍, പല മാവുകളും കായ്ക്കാത്തത് നമ്മള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത
രോഗങ്ങള്‍കൊണ്ടാകാം.  മാവിലകളില്‍ കരിച്ചില്‍, തുമ്പിലകള്‍ വാടിക്കൊഴിഞ്ഞുവീഴല്‍, കൊമ്പുകളുടെ അറ്റം ഉണങ്ങിപ്പൊടിയുക, തളിരുകള്‍ നുറുക്കിപ്പോവുക,
മാവിന്‍തടിയില്‍ കൂണ്‍ വളര്‍ച്ച, വണ്ടുകുത്തല്‍, നീരൊലിപ്പ്, കായ്പിടിക്കാതിരിക്കുക, കായ് അഴുകിപ്പൊഴിയുക, കായ് വിണ്ടുകീറുക എന്നിങ്ങനെയുള്ള രോഗങ്ങളും കീടങ്ങളും ആണ് മാവ് യഥാസമയം കായ്ക്കാത്തതിന് കാരണം.

പിങ്ക് രോഗവും മാംഗോഹോപ്പറും

ഇലകള്‍ കരിയുക മഞ്ഞനിറം വരാതെ കൊഴിഞ്ഞുവീഴുകയെന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നത് മാംഗോ ഹോപ്പര്‍ എന്ന കീടത്തിന്റെ ആക്രമണം
കൊണ്ടാകാം. വേപ്പധിഷ്ഠിത കീടനാശിനികള്‍ മാവിന്‍തൈകള്‍ക്കുമീതെ ഒന്നരാടന്‍ ഇടവിട്ട് പത്തുദിവസം തളിച്ചുകൊടുക്കുന്നത് ഈ കീടത്തിന്റെ ആക്രമണം തടയാന്‍ ഫലപ്രദമാണ്.

തൂമ്പില കരിയുന്നു

മാവിന്റെ തൂമ്പില കരിഞ്ഞ് അഗ്രഭാഗം ഉണങ്ങിപ്പൊടിയുന്നതാണ് പിങ്ക് രോഗത്തില്‍ കണ്ടുവരുന്നത്. രോഗം ബാധിച്ചുകാണുന്ന മാവിന്‍കൊമ്പിന്റെ തലകള്‍
മുറിച്ച് അവിടെ ബോര്‍ഡോമിശ്രിതം തേച്ചുകൊടുക്കുന്നതാണ് ചികിത്സ.

ഡിപോറസ് മാര്‍ജിനേറ്റസ്

മാവിന്റെ തളിരിലകളില്‍ കരിച്ചിലുണ്ടാക്കുകയും മാവിനെ പൂക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കീടമാണ് ഡിപോറസ് മാര്‍ജിനേറ്റസ്. വേപ്പധിഷ്ഠിത കീടനാശിനി തളിച്ചുകൊടുക്കാം ആക്രമണം രൂക്ഷമാണെങ്കില്‍. ഇമിഡാക്ലോപ്രിഡ് എന്ന കിടനാശിനി 0.5 മില്ലി ഒരു ലിറ്റര്‍വെള്ളത്തിലേക്ക് എന്നതോതില്‍ തളിച്ചുകൊടുക്കാം.

കൂണ്‍വളര്‍ച്ച, വിണ്ടുകീറല്‍

മാവിന്റെ  തടിയില്‍ കൂണ്‍പോലുള്ള വളര്‍ച്ചയും വിണ്ടുകീറലും നീരൊലിപ്പുമാണ് മറ്റൊരു വില്ലന്‍ കൂണുകള്‍ കത്തിയെടുത്ത് മാവിന്‍തൊലിയുടെ ഉള്ളിലേക്ക്
പോറലേല്‍ക്കാത്ത രീതിയില്‍ ചുരണ്ടിക്കളയണം. നീരൊലിപ്പു കാണിക്കുന്നുണ്ടെങ്കില്‍ ബോര്‍ഡോക്കുഴമ്പ് തേച്ചുപിടിപ്പിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും രാസ കുമിള്‍
നാശിനി ഉപയോഗിക്കാം. കീടനാശിനിയായ അസഫൈറ്റ് 2 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഫലപ്രദമാണ്.

കായ പിടിക്കാതിരിക്കല്‍

കായപിടിക്കാതിരിക്കലാണ് മറ്റൊരു പ്രശ്നമായി കാണുന്നത്. ഒരുചെടി വളര്‍ന്നുവലുതായി കായ്ഫലം തരണമെങ്കില്‍ ഏകദേശം പതിനാറോളം മൂലകങ്ങള്‍
അത്യാവശ്യമാണ്. അതിന്റെ പലതിന്റെയും കുറവുകൊണ്ടാണ് കായ്പിടുത്തം കിട്ടാത്തത്. അതിന് ആറുമാസത്തിലൊരിക്കല്‍ വളം ചെയ്യുന്നതിന്റെ കൂടെ
മൈക്രോന്യൂട്രീഷ്യന്റ് ചേര്‍ത്തുകൊടുക്കുന്നത് കായ് പിടുത്തത്തിന് നല്ലതാണ്. അല്ലെങ്കില്‍ കായ്പിടുത്തത്തിനുള്ള ഹോര്‍മോണുകള്‍ കലക്കി
ഇലത്തൂമ്പുകള്‍ക്കുമീതെ തളിച്ചാലും മതി.

മാങ്ങ അഴുകല്‍, വിണ്ടുകീറല്‍

മാങ്ങകള്‍ മൂപ്പെത്താതെ വിണ്ടുകീറുന്നതും കൊഴിഞ്ഞുപോകുന്നതുമാണ് മറ്റൊരു പ്രശ്നം. കാലാവസ്ഥയിലെ മാറ്റം കൊണ്ടും സിങ്ക് എന്നമൂലകത്തിന്റെ അഭാവം
കൊണ്ടും ഇങ്ങനെ വരാം. സിങ്ക് അധിഷ്ഠിത ന്യൂട്രീഷ്യന്റുകള്‍, തൈയൊന്നിന് 100 ഗ്രാം പൊട്ടാഷ് എന്നിവനല്‍കിയാല്‍ അതിന് പരിഹാരം കാണാം.

മാങ്ങ അഴുകുന്നത് പുഴുക്കളുടെ ആക്രമണം കൊണ്ടാകാം അല്ലെങ്കില്‍ കായകളിലെ അഴുകല്‍രോഗംകൊണ്ടുമാകാം. കായീച്ചയുടെ ആക്രമണം കൊണ്ടും ഇങ്ങനെ സംഭവിക്കാം. കേടുവന്ന് താഴെവീഴുന്ന മാങ്ങകള്‍ നശിപ്പിച്ചുകളയണം. മാവില്‍ ഫിറമോണ്‍കെണി സ്ഥാപിക്കുന്നതും നന്ന്. കായകളിലെ അഴുകലിന് കുമിള്‍ നാശിനിയായ സാഫ് 0.5 ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ പൊട്ടാസ്യം അയഡൈഡ് 0.5 ശതമാനം വീര്യത്തില്‍ ഇലകളില്‍ തളിച്ചുകൊടുക്കാം.

ഓരോ ചെടിയും കായ്ക്കാനും അതിന് ചെയ്യുന്ന വളം തന്നെയാണ് പ്രധാനം. ആറുമാസത്തിലൊരിക്കല്‍ കൃത്യമായ പോഷകങ്ങളള്‍ ലഭിക്കുന്ന ജൈവവളങ്ങള്‍ അല്ലെങ്കില്‍ രാസവളങ്ങള്‍ എന്നിവ ചെയ്യേണ്ടത് അത്യാവശ്യമാണ്. ആറുമാസത്തേക്ക് ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, 500 ഗാം എല്ലുപൊടി, ഒരു കുട്ടചാണകം എന്നിവ വളമായിനല്‍കാം.

pramodpurath@gmail.com