പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
അത്യുത്പാദനശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ജേഴ്സി, സങ്കരയിനം പശുക്കള്‍ക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരേ കുറവാണ്. കടുത്ത ചൂടില്‍ കിതച്ചും അണച്ചും പശുക്കള്‍ തളരും. തീറ്റയെടുക്കല്‍ കുറയും. ശരീരസമ്മര്‍ദമേറുമ്പോള്‍ രോഗങ്ങള്‍ക്കും സാധ്യതയേറെ. പാലുത്പാദനം കുറയാതിരിക്കണമെങ്കില്‍ വേനല്‍ക്കാലത്തെ പശുപരിപാലനത്തില്‍ പ്രത്യേക കരുതല്‍ പ്രധാനമാണ്.
വേണം, വേനല്‍സൗഹൃദ തൊഴുത്തുകള്‍
ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക് 3.5 മീറ്റര്‍ ഉയരവും വശങ്ങളില്‍ കുറഞ്ഞത് മൂന്നുമീറ്റര്‍ ഉയരവും പ്രധാനമാണ്. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റര്‍മതി. തൊഴുത്തിനുള്ളില്‍ മുഴുവന്‍സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കണം. പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്കുകീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നത് ചൂടുകുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടുമണിക്കൂര്‍ ഇടവേളയില്‍ മൂന്നുമിനിറ്റ് ഇവ പ്രവര്‍ത്തിപ്പിച്ച് പശുക്കളെ തണുപ്പിക്കാം. തൊഴുത്തിനുമുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി മേല്‍ക്കൂര നനച്ചുനല്‍കാം.
വെള്ളവും തീറ്റയും കരുതലോടെ
നിര്‍ജലീകരണം തടയാനും പാലുത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നുനിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍ സംവിധാനം ഒരുക്കാം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാന്‍ വെള്ളടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം. കാലിത്തീറ്റ ഗുണനിലവാരമുള്ളതാവണം. കാലിത്തീറ്റയും വൈക്കോലും നല്‍കുന്നത് ചൂടുകുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം.
പകല്‍ ധാരാളം ജലാംശമടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും അസോളപോലുള്ള ഇലത്തീറ്റകളും നല്‍കണം. ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ നല്‍കണം. വിപണിയില്‍ ലഭ്യമായ ധാതുലവണമിശ്രിതങ്ങളും യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകളും ഉള്‍പ്പെടുത്തണം. അത്യുത്പാദനശേഷിയുള്ള പശുക്കളുടെ തീറ്റയില്‍ ബൈപ്പാസ് പ്രോട്ടീനുകള്‍, ബൈപ്പാസ് ഫാറ്റുകള്‍ എന്നിവ നല്‍കാം.
ആരോഗ്യം
രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് വേനല്‍. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്‌മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. അകിടുവീക്കം, കുരലടപ്പന്‍ രോഗങ്ങളും വേനലില്‍ കൂടുതലായി കാണുന്നു. തീറ്റമടുപ്പ്, പാലുത്പാദനം പെട്ടെന്ന് കുറയല്‍, തളര്‍ച്ച, ശക്തമായ പനി, വിളര്‍ച്ച, കണ്ണില്‍ പീളകെട്ടല്‍, മൂന്നാമത്തെ കണ്‍പോള പുറത്തുകാണല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, അമിതകിതപ്പ്, വയറിളക്കം, മൂത്രത്തിന്റെ നിറം തവിട്ടുനിറമാവല്‍ തുടങ്ങി ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുത്പാദനം അല്‍പ്പം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിനുതന്നെയാണ് വേനലില്‍ മുഖ്യപരിഗണന വേണ്ടത് .
പാടത്ത് കെട്ടി പോവരുതേ...
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യാതപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. പകല്‍ 11-നും മൂന്നിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും ഒഴിവാക്കണം. തകര/ആസ്ബെസ്റ്റോസ് ഷീറ്റുകൊണ്ടുമേഞ്ഞ, ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും ഒഴിവാക്കണം.
Content Highlights: Managing dairy animals during Summer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..