പുരയിടത്തില്‍ വാഴത്തൈകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴഗവേഷണകേന്ദ്രം. കന്നുകള്‍ അഥവാ മാണത്തില്‍നിന്ന് വാഴത്തൈകള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന ഈ വിദ്യ പരമ്പരാഗത രീതിക്കും ടിഷ്യു കള്‍ച്ചര്‍ സാങ്കേതികവിദ്യക്കും പകരമായി ഉപയോഗിക്കാമെന്ന് വാഴഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജു പി.ആര്‍. പറഞ്ഞു.

തൈകള്‍ ഉണ്ടാക്കാം

മാക്രോപ്രോപ്പഗേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുവഴി ഉത്പാദിപ്പിക്കുന്ന തൈകള്‍ 45 ദിവസംകൊണ്ട് നടാം. നാലുമാസത്തിനുള്ളില്‍ ഒരു കന്നില്‍നിന്ന് 15-20 തൈകള്‍ ഉണ്ടാക്കിയെടുക്കാം. ആരോഗ്യമുള്ള രണ്ടുമുതല്‍ മൂന്നുമാസംവരെ പ്രായമുള്ള സൂചിക്കന്നുകളാണ് വേണ്ടത്. മാണത്തിന് ഒരു കിലോഗ്രാം തൂക്കമെങ്കിലും വേണം. മാണപ്പുഴുവിന്റെ ആക്രമണമുള്ള കന്നുകള്‍ ഒഴിവാക്കണം. പിണ്ടിയിലെ ഓരോ വാഴപ്പോളയും ഒന്നൊന്നായി നീക്കി മാണവും പിണ്ടിയും ചേരുന്നഭാഗം മുകുളങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ മുറിച്ച് അഗ്രമുകുളം നീക്കാം. മാണത്തിനു കുറുകെ 0.25-0.50 സെ.മീ. ആഴത്തില്‍ മുറിവുണ്ടാക്കാം ഇതിനുശേഷം കന്നുകള്‍ സ്യൂഡോമോണസ് (50 ഗ്രാം/ലിറ്റര്‍) ലായനിയില്‍ അരമണിക്കൂര്‍ മുക്കിവെക്കാം.

നടുന്ന രീതി

തയ്യാറാക്കിയ കന്നുകള്‍ ചെടിച്ചട്ടിയിലോ, ബെഡ്ഡിലോ നടാം. ചട്ടികള്‍ക്ക് ഒരടി പൊക്കവും 30 സെ.മീ. വ്യാസവും വേണം. അറക്കപ്പൊടി, തവിട്, മണല്‍ തുടങ്ങി അതതു പ്രദേശത്തു ലഭ്യമായ വസ്തുക്കള്‍ നിറയ്ക്കാം. കന്നുകള്‍ പൂര്‍ണമായും മൂടത്തക്കവണ്ണം മൂന്ന്-അഞ്ച് സെ.മീ. ആഴത്തില്‍ നട്ട് പൂപ്പാളി ഉപയോഗിച്ച് നനയ്ക്കണം.

17-20 ദിവസങ്ങള്‍കൊണ്ട് വാഴയിനമനുസരിച്ച് രണ്ടുമുതല്‍ അഞ്ചുവരെ മുകുളങ്ങള്‍ മുളച്ചുവരും. ഒരു മാസംകൊണ്ട് മൂന്നിലപ്പരുവമാകും. ഈയവസരത്തില്‍ മുമ്പ് കന്നില്‍ച്ചെയ്ത വിധത്തില്‍ അഗ്രമുകുളം എടുത്തശേഷം കുറുകെ മുറിവുണ്ടാക്കുകയും നടീല്‍ മിശ്രിതംകൊണ്ട് വീണ്ടും മൂടുകയും വേണം. തത്ഫലമായി ആദ്യഘട്ട തൈകളുടെ ചുവട്ടില്‍നിന്നും രണ്ടാംഘട്ട തൈകള്‍ ഉണ്ടാകുന്നു. ഇവ ഒരുമാസത്തെ വളര്‍ച്ചയ്ക്കുശേഷം മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ച് വേരോടുകൂടി അടര്‍ത്തിമാറ്റി പോട്ടിങ് മിശ്രിതം നിറച്ച കവറുകളിലേക്കു മാറ്റിനടാം. പറിച്ചുനട്ട തൈകള്‍ തണലില്‍ സൂക്ഷിച്ച് ആവശ്യാനുസരണം നനച്ചുകൊടുക്കാം.

പരിശീലനം

തൈകള്‍ നന്നായി ഉണ്ടാകുന്നതിന് ജീവാണുവളങ്ങളും ഹോര്‍മോണുകളും ഉപയോഗിക്കാം. അഖിലേന്ത്യാ സംയോജിത ഫലവര്‍ഗഗവേഷണ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഈ വിദ്യ കേരളത്തില്‍ കൃഷിചെയ്തുവരുന്ന വാഴയിനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ കണ്ണാറ വാഴഗവേഷണകേന്ദ്രം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. 

ഇനങ്ങള്‍ സംരക്ഷിക്കണം

ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ അപര്യാപ്തത വാഴക്കൃഷിയെ ബാധിക്കുന്ന വെല്ലുവിളിയാണ്. ടിഷ്യുകള്‍ച്ചര്‍ സാങ്കേതികവിദ്യയിലൂടെ വന്‍തോതിലുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനു സാധ്യമായെങ്കിലും അവയുടെ ലഭ്യത കേവലം 2.5 ശതമാനമാണ്. ഉത്പാദനച്ചെലവ് കൂടുതലാണ്. സാധാരണ കാണുന്ന വാഴയിനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഇനങ്ങള്‍ ലഭിച്ചാല്‍ പെട്ടെന്നുതന്നെ വംശവര്‍ധനനടത്തി സംരക്ഷിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മാക്രോപ്രോപ്പഗേഷന്‍ പ്രയോജനപ്പെടും.- ഡോ. പി.ബി. പുഷ്പലത, പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, വാഴഗവേഷണകേന്ദ്രം, കണ്ണാറ

വിവരങ്ങള്‍ക്ക്: 9847102430

Content Highlights: Macro propagation of Banana seedlings