കണ്ടാല്‍ അറ്റംമാത്രം വീര്‍ത്തുനില്‍ക്കുന്ന ഒരു ബലൂണ്‍പോലെ, ആകര്‍ഷകമായ നിറം. അറ്റം ഒരു കൊച്ചു മത്തനെപ്പോലെ. ബാക്കിഭാഗം നീണ്ടു വെള്ളരിയെപ്പോലെ. കൈവെള്ളയില്‍ ഒതുങ്ങുന്ന സുന്ദരരൂപം. മുറ്റത്ത് ചട്ടിയിലും വേലിപ്പടര്‍പ്പുകളിലും നട്ട് വളര്‍ത്തി പടര്‍ത്തിയാല്‍ ആരുടെ മനവും മയക്കുന്ന മനോഹര രൂപസൗകുമാര്യവും ഒതുക്കവും. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന കാമ്പാണെങ്കില്‍ നല്ല ഔഷധഗുണമുള്ള ഓറഞ്ചു നിറത്തിലുള്ള മധുരസത്ത്. 

pumkinഉള്ളംകൈയ്യില്‍ ഒതുക്കിവെക്കാവുന്ന അലങ്കാര മത്തന്‍ വെള്ളരിയാണ് നാം പരാമര്‍ശിച്ച താരം. സാധാരണ മത്തന്റെയും വെള്ളരിയുടെയും കുടുംബക്കാരനാണ് ഇത്. ജാക്ക് ബി. ലിറ്റില്‍ പംപ്കിന്‍ എന്നാണ് ഇംഗ്ലീഷ് നാമം. കുക്കുര്‍ബിറ്റ പെപൊ എന്നാണ് ശാസ്ത്രീയനാമം. വിദേശരാജ്യങ്ങളില്‍ നല്ല ഒരു അലങ്കാരച്ചെടിയായി ഇതിനെ വളര്‍ത്തി പരിപാലിച്ചു വരുന്നു. ചെറിയ മത്തന്റെ മാത്രം ആകൃതിയില്‍ വളരുന്നവയും ഇതിലുണ്ട്. വളരെ ആകര്‍ഷകമായ നിറത്തിലുള്ള കൊച്ചു മത്തല്‍ കായ്ച്ചുനില്‍ക്കുന്ന വേലിയിറമ്പുകള്‍ പൂന്തോട്ടത്തിന്റെ കൊച്ച് അഹങ്കാരമാണവിടങ്ങളില്‍. 

കേരളത്തില്‍ കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍, ആനക്കയം ഗവേഷണകേന്ദ്രങ്ങളില്‍ ഇത് നട്ടുവളര്‍ത്തുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ ഇത് നന്നായി വളരും. അമ്പലവയലില്‍ ഇക്കഴിഞ്ഞ പൂപ്പൊലിയില്‍ ഗ്ളാഡിയോലിസ് ഉദ്യാനത്തിന്റെ വേലിയെ അലങ്കരിച്ചത് ഈ മത്തന്‍-വെള്ളരിയുടെ പടര്‍പ്പായിരുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങില്‍ തൂക്കിയിട്ട വലകളിലും ഇത് പടര്‍ത്തി കായ്പ്പിക്കാം. നല്ലകട്ടിയുള്ള ഞെട്ടും രണ്ടുമൂന്ന് ഇഞ്ച്് നീളംവരുന്ന മഞ്ഞനിറത്തിലുള്ള വാല്‍ഭാഗവും പച്ചയില്‍ മഞ്ഞ കലര്‍ന്ന വരകളുള്ള ബോള്‍ഭാഗവുമാണ് ഇതിന്റെ രൂപം. തനി തക്കാളിപോലുള്ള കൊച്ചു മത്തനും നല്ല ഓറഞ്ചു നിറത്തില്‍ കണ്ടുവരുന്നു. തൊലിക്ക് വെള്ളനിറമുള്ള 'ബേബി ബൂ' മത്തനും ഇതില്‍ കണ്ടുവരുന്നു. 

കൃഷിരീതി

നേരിട്ട് വിത്ത് പാകിമുളപ്പിച്ചാണ് ഇത്തരം വെള്ളരി മത്തന്‍ കൃഷിചെയ്യുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്ന ഫലപുഷ്ടിയുള്ള മണ്ണില്‍ നന്നായി വിളയും. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് നന്നായി ഇളക്കിയ മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവചേര്‍ക്കണം. മണ്ണിലെ അമ്ള-ക്ഷാരസൂചിക 5.5നും 7നും ഇടയിലായിരിക്കണം. ചുവട്ടില്‍ ഈര്‍പ്പം നിര്‍ത്താന്‍ പുതയിട്ടുകൊടുക്കാം. 80-100 ദിവസം മൂപ്പ്കാണിക്കുന്ന ഇതിന്റെ മൂപ്പെത്തിയ ഫലം ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിക്കാം.

pumkinചട്ടികളില്‍ ഒറ്റയ്ക്കും കൂട്ടായും വളര്‍ത്തി അലങ്കാരച്ചെടിയാക്കുന്നതിന് പുറമേ ഭക്ഷ്യവസ്തുവായും ഉപയോഗിക്കാം. മാത്രമല്ല ഇതിന്റെ പുറംതോടുകൊണ്ട് ഭംഗിയുള്ള അലങ്കാരപ്പാത്രങ്ങളും ഉണ്ടാക്കാം. ഐസ്‌ക്രീം, പുഡ്ഡിങ്, ജെല്ലി, അച്ചാര്‍ എന്നിവ തീന്‍മേശയില്‍ സെര്‍വ് ചെയ്യുന്ന പാത്രങ്ങളായും കുട്ടികള്‍ക്ക് തങ്ങളുടെ കൊച്ചു വസ്തുക്കള്‍ ഇട്ടുവെക്കുന്ന പാത്രമായും ഇത് ഉപയോഗിക്കാം.

ഇതിന്റെ വിത്ത് കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍, ആനക്കയം ഗവേഷണകേന്ദ്രങ്ങളില്‍ ലഭ്യമാക്കാന്‍ തയ്യാറായി വരുന്നു. ഒരു ഗ്രാം വിത്തിന് 100 രൂപയാണ് വില.

Content highlights: Pumkin-cucumber, Agriculture, Organic farming