ചന്ദന മരങ്ങൾ | ഫോട്ടോ: മാതൃഭൂമി
ലോകത്തെവിടെയും വിലപിടിപ്പുള്ള മരമാണ് ചന്ദനം. ചന്ദനമരം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളില്‍ ചില നിയന്ത്രണവ്യവസ്ഥകള്‍ ഉണ്ട്. എന്നാല്‍, സ്വകാര്യ വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ അവരുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ചന്ദനം നട്ടുവളര്‍ത്തുന്നതിനോ, കൃഷി ചെയ്യുന്നതിനോ നിയമതടസ്സങ്ങളില്ല. വ്യക്തികളുടെ കൈവശസ്ഥലത്ത് വളരുന്ന ചന്ദനമരം സര്‍ക്കാര്‍ കൈവശപ്പെടുത്തില്ല.
നിയമവശങ്ങള്‍
1950-ലെ കേരള വൃക്ഷസംരക്ഷണ നിയമത്തിന്റെ പരിധിയില്‍, മുറിക്കുവാന്‍ അനുവാദം ആവശ്യമുള്ള 10 ഇനം മരങ്ങളില്‍ ചന്ദനമുണ്ട്. ഈ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ചന്ദനം ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിക്കാന്‍ പാടില്ല.
2005-ലെ 'വനേതര പ്രദേശങ്ങളിലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമം' പ്രാബല്യത്തില്‍ വന്നപ്പോള്‍, ചന്ദനത്തെ പ്രത്യേക ഇനമായി നിര്‍വചിച്ചു. ഇതില്‍ സെക്ഷന്‍ 3 പ്രകാരം വനേതരപ്രദേശങ്ങളില്‍ ഏതിനം വൃക്ഷവും വെച്ചുപിടിപ്പിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ ചന്ദനം മുറിച്ചാല്‍ സെക്ഷന്‍ 7 (2) പ്രകാരം ആറുമാസത്തില്‍ കുറയാത്തതും മൂന്നുവര്‍ഷംവരെ ആകാവുന്നതുമായ തടവും 50,000 രൂപയില്‍ കുറയാത്തതും ഒരു ലക്ഷം രൂപവരെ ആകാവുന്നതുമായ പിഴയും ശിക്ഷയായി ലഭിക്കും.
ചന്ദനം കൈവശംവെക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും വ്യാപാരം ചെയ്യുന്നതും സംബന്ധിച്ച് 2012-ല്‍ 'ദി കേരള ഫോറസ്റ്റ് റൂള്‍സ്- നിലവില്‍വന്നു. ഇതിലെ റൂള്‍ 7 പ്രകാരം സ്ഥലം ഉടമയ്ക്ക് സ്വന്തം സ്ഥലത്തുള്ള ചന്ദനമരം മുറിച്ചെടുക്കാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കാം.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ആ പ്രദേശത്തെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചൊരുക്കി അളന്നു തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഡിപ്പോയിലേക്ക് മാറ്റും. തുടര്‍ന്ന് തൂക്കി കണക്കുവെച്ച് പരസ്യപ്പെടുത്തി ലേലംചെയ്ത് വില്‍ക്കും. മൊത്തം ചെലവായ തുക കഴിച്ച് ബാക്കി ഉടമസ്ഥന് നല്‍കും. നെഞ്ചുയരത്തില്‍ ചുറ്റുവണ്ണം 50 സെന്റീമീറ്റര്‍ കുറവുള്ള ചന്ദനമരങ്ങള്‍ മുറിക്കാന്‍ അനുമതി ലഭിക്കില്ല എന്ന് നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായി വളരുന്ന ചന്ദനമരത്തിന് 50 സെന്റീമീറ്റര്‍ ചുറ്റുവണ്ണം ഉണ്ടാകണമെങ്കില്‍ 35-40 വര്‍ഷം വേണ്ടിവരും.
(റിട്ട. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് ലേഖകന്‍)
Content Highlights: Legal aspects of sandalwood cultivation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..