കൊമ്പൻകുഴി പാടശേഖരത്തിൽ വെള്ളപ്പൊക്കത്തിലും നശിക്കാതെ പിടിച്ചുനിൽക്കുന്ന രക്തശാലി നെല്ല്. പാടശേഖരത്തിലെത്തി നാടൻവിത്തുകളുടെ സംരക്ഷകൻ എം.കെ. സെബാസ്റ്റ്യനും പരിസ്ഥിതിപ്രവർത്തകൻ കെ.വി. ദയാലും കർഷകൻ സി.സി. നയനനോട് വിവരങ്ങൾ തിരക്കുന്നു. ഫോട്ടോ: മാതൃഭൂമി
കൊമ്പന്‍കുഴി പാടശേഖരത്തിലെ അരയേക്കറിലെ പച്ചപ്പു കണ്ടാല്‍ ആഹ്ലാദവും അമ്പരപ്പും തോന്നും. കനത്ത മഴയില്‍ 110 ഏക്കറിലെ 109.50 ഏക്കറിലെയും നെല്ല് ചീഞ്ഞഴുകിയപ്പോള്‍ ഈ അരയേക്കറില്‍ മാത്രം ഒന്നും സംഭവിച്ചില്ല. ഇതു രക്തശാലിയാണ്. 21 ദിവസം വെള്ളത്തിനടിയില്‍ നിന്നിട്ടും ചീയാത്ത നാടന്‍ നെല്ലിനം.
രക്തശാലിയുടെ അതിജീവനകഥയറിഞ്ഞ് പരിസ്ഥിതിപ്രവര്‍ത്തനായ കെ.വി. ദയാലും വിത്തുനല്‍കിയ എം.കെ. സെബാസ്റ്റ്യനും സംഘവും കടുത്തുരുത്തിയില്‍നിന്നു കൊമ്പന്‍കുഴിയിലെത്തി. വെള്ളപ്പൊക്കത്തില്‍ കൃഷിനശിച്ച പാടശേഖരത്തിലെത്തി കര്‍ഷകനായ സി.സി. നയനനെ അവര്‍ അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ നയനന്‍ പാട്ടത്തിനെടുത്ത അഞ്ചരയേക്കറില്‍ രണ്ടാം വിളയിറക്കിയതാണ്.
രക്തശാലി കൃഷിചെയ്ത അരയേക്കറില്‍ മാത്രമാണ് ഇപ്പോള്‍ നെല്‍ച്ചെടിയുള്ളത്. കടുത്തുരുത്തിവരെ പോയി എം.കെ. സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു കൊണ്ടുവന്നതാണിത്. നാടന്‍ നെല്‍വിത്തിനങ്ങളുടെ സംരക്ഷകനാണ് സെബാസ്റ്റ്യന്‍. കൊടുങ്കണ്ണി, രക്തശാലി, കന്നംകുളമ്പന്‍, തവളക്കണ്ണന്‍, കുഞ്ഞൂഞ്ഞ്, ചെമ്പാവ്, ചെങ്കഴമ, നെയ്ച്ചീര, കുറുവ, ഗോപി എന്നീ പത്തിനങ്ങള്‍ തന്റെ പതിനൊന്നേക്കറിലായി കൃഷിചെയ്ത് സെബാസ്റ്റ്യന്‍ വിത്തു ശേഖരിച്ചിട്ടുണ്ട്. അതില്‍നിന്നാണ് നയനന്‍ രക്തശാലി വാങ്ങിയത്.
ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയെല്ലാം ചേര്‍ത്ത് അടിവളവുമിട്ട് ജൂലായ് 26-ന് വിത്തിട്ടു. ഞാറു മുളച്ചുപൊന്തിനില്‍ക്കുമ്പോള്‍ വെള്ളപ്പൊക്കമെത്തി. ഓഗസ്റ്റ് ഏഴുമുതല്‍ 28-വരെ 21 ദിവസം വെള്ളത്തിനടിയിലായിപ്പോയി. ബാക്കിയുള്ള പാടത്തെല്ലാം 'ഡി വണ്ണും' 'ഉമ'യുമാണ് വിതച്ചത്.
വെള്ളമിറങ്ങി വരമ്പുതെളിഞ്ഞപ്പോള്‍ രക്തശാലി നിന്ന പാടത്തുമാത്രം ഞാറ് ഉയര്‍ന്നുനിന്നു. മുഴുവന്‍ അധ്വാനവും പോയതിന്റെ സങ്കടത്തില്‍ പാടത്തേക്കു നോക്കാന്‍പോലും മനക്കരുത്തില്ലാത്ത നയനനെ പരിസരവാസികളാണ് രക്തശാലിയുടെ ഞാറ് 'ശക്തിശാലി'യായി നില്‍ക്കുന്ന വിവരമറിയിച്ചത്.
രക്തശാലി
തനിനാടന്‍. നൂറ്റാണ്ടുകളായി ഇതു കൃഷിചെയ്തുവരുന്നു. നല്ല അതിജീവനശേഷിയുണ്ട്. നെല്ലിന് ഇളംചുവപ്പ്, തവിടിനു കടുംചുവപ്പ്, ഉമിക്കു ചോരച്ചുവപ്പ്. 110-116 ദിവസംകൊണ്ട് വിളവെടുക്കാം. പോഷകസമൃദ്ധവും ഔഷധമൂല്യവുമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്കും അര്‍ബുദപ്രതിരോധത്തിനും നല്ലതാണെന്നും അവകാശവാദങ്ങളുണ്ട്.
തനിനാടനു ഗുണങ്ങളേറെ
നാടന്‍ ഇനങ്ങള്‍ക്ക് പരിതസ്ഥിതിയെ അതിജീവിക്കാന്‍ കഴിയും. 15 ദിവസം കഴിഞ്ഞോ അതിനുമുന്‍പോ പൂവിടാന്‍ കഴിയുന്നതിനാലാണിത്. അത് ഒരു തെര്‍മോസ്റ്റാറ്റ് കപ്പാസിറ്റിയാണ് (കാലാവസ്ഥയോട് വേഗം പൊരുത്തപ്പെടല്‍). ഇത്തരം ചെടികളുടെ ഭക്ഷണംകഴിക്കുന്ന മനുഷ്യര്‍ക്കും അതു ഗുണമാണ് - കെ.വി. ദയാല്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍
അദ്ഭുതപ്പെടുത്തി
മൂന്നാഴ്ച വെള്ളത്തില്‍ കിടന്നിട്ടും ചീയാതിരുന്നതറിഞ്ഞ് അദ്ഭുതം തോന്നി. ഇതെല്ലാവരും കാണണം. അല്പം ജൈവമരുന്നും വളവും നല്‍കിയാല്‍ ഇവിടെനിന്ന് നല്ല വിളവെടുക്കാം- എം.കെ. സെബാസ്റ്റ്യന്‍, നാടന്‍ വിത്തുകളുടെ സമ്പാദകനും പ്രചാരകനും
വീട്ടാവശ്യം കരുതിയിറങ്ങി
അര്‍ബുദത്തെ പ്രതിരോധിക്കുമെന്നറിഞ്ഞാണ് രക്തശാലി വിത്തുവാങ്ങിയിറക്കിയത്. പലരും നിരുത്സാഹപ്പെടുത്തിയതാണ്. മെഡിക്കല്‍ കോളേജിലെ ജോലിക്കൊപ്പം ആര്‍.സി.സി.യുമായി ബന്ധപ്പെട്ട് അര്‍ബുദസംബന്ധമായ ഗവേഷണവും നടത്തുന്നുണ്ട്.- സി.സി. നയനന്‍
Content Highlights: Kuttanad farmer grows Rakthashali, one of the rarest red rice varieties


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..